ഘാനയുടെ പകയും സുവാരെസിന്റെ കയ്യും

2010 ജൂലായ് രണ്ടാം തീയതി, ജോഹന്നസ്ബർഗ് സോക്കർ സിറ്റി സ്റ്റേഡിയത്തിൽ എൺപതിനായിരത്തിൽ പരം കാണികൾ തിങ്ങി നിറഞ്ഞു ഇരിക്കുന്നു. ആഫ്രിക്ക എന്ന ആതിഥേയ ഭൂഖണ്ഡത്തിൻ്റെ അവസാന പ്രതിനിധി ആയ ഘാന, ലാറ്റിൻ അമേരിക്കൻ ഫുട്ബോൾ കരുത്തർ ആയ ഉറുഗ്വായേ നേരിടുന്ന കാഴ്ച കാണുവാൻ ആണ് അത്രയും ആളുകൾ വന്നത്. വെറുമൊരു മത്സരം അല്ല, മറിച്ച് അടിച്ചമർത്തപെട്ട ഒരു ജനതയുടെ ഉയർത്തെഴുന്നേൽപ്പ് ആയിട്ടാണ് ഈ ലോകകപ്പ് ലോകം കണ്ടത്. അതിൽ തന്നെ, കാമറൂണിനും സെനഗലിനും ശേഷം ആദ്യമായി ഒരു ആഫ്രിക്കൻ രാജ്യം ഫുട്ബോൾ ലോകകപ്പിൻ്റെ ക്വാർട്ടർ ഫൈനലിൽ കളിക്കുന്ന കാഴ്ച ആണ് അന്ന് നടന്നത്. ജയിച്ചാൽ ഘാന സെമിഫൈനൽ കളിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യം ആയി മാറും. അതിനാൽ തന്നെ വെറും ഒരു രാജ്യം മാത്രമല്ല, ഒരു ഭൂഖണ്ഡം മുഴുവൻ ലോകകപ്പിലെ കറുത്ത കുതിരകൾ ആയ ഘാനയെ പിന്തുണച്ചു കൊണ്ട് ഗ്യാലറിയിൽ നിറഞ്ഞിരുന്നു. അവിടെ ഘാന വിജയിച്ചാൽ ആ ജയം  ഒരു ഫുട്ബോൾ മത്സര വിജയം മാത്രം ആയി അല്ല ലോകം കാണാൻ പോകുന്നത്. മറിച്ച് ഒരു കാലഘട്ടത്തിൽ തങ്ങളെ അടിമകളാക്കി ഭരിച്ച രാജ്യങ്ങളെ അതിഥികൾ ആയി സ്വീകരിച്ചു കൊണ്ട് അവർക്ക് മുൻപിൽ അഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്ന ജനസമൂഹത്തിന്റെ വിജയം ആയിട്ടാണ്. വെറുമൊരു കളി എന്നതിൽ ഉപരി വൈകാരികപരമായ ഒരു മാനദണ്ഡം കൂടി ഈ മത്സരത്തിന് ഉണ്ടായിരുന്നു.

ആർത്തിരമ്പുന്ന കാണികൾക്ക് മുൻപിൽ മൈതാന മധ്യത്തിലേക്ക് താരങ്ങൾ നടന്നിറങ്ങുന്നു. ഡിയാഗോ ഫോർലാൻ, ഫെർണാണ്ടോ മുസ്‌ലേറ, ലൂയിസ് സുവാരസ്, എഡിസൺ കവാനി, മാക്സി പേരെരിയ, തുടങ്ങിയ വമ്പൻ പേരുകാർ ആദ്യ പതിനൊന്നിലും ഡീഗോ ഗോഡിൻ തുടങ്ങിയ പ്രമുഖർ ബെഞ്ചിലും.  മിന്നുന്ന നിരയുമായി ഉറുഗ്വേ കോച്ച് ഓസ്കാർ തബാരെസ് ടീമിനെ കളത്തിലേക്ക് ഇറക്കി. മറുഭാഗത്ത് അസമാവോ ഗ്യാൻ, കെവിൻ പ്രിൻസ് ബോട്ടങ്, ക്വഡോ അസമാവോ തുടങ്ങിയവരെ ആദ്യ പതിനൊന്നിലും ആന്ദ്രേ അയെ, സ്റ്റീഫൻ ആപ്പിയ, ഇബ്രാഹിം അയെ എന്നിവരെ ബെഞ്ചിലും ഇരുത്തി മിലോവൻ റജേവക് തന്റെ കറുത്ത നക്ഷത്രങ്ങളെ വിന്യസിച്ചു. മത്സരത്തിന് മുൻപ് ഇരു രാജ്യങ്ങളുടെയും ദേശിയ ഗാനം മുഴങ്ങി. പക്ഷെ ഘാനയുടെ ദേശിയ ഗാനത്തിനൊപ്പം മുഴങ്ങിയത് 54 ആഫ്രിക്കൻ രാജ്യങ്ങളുടെ ഗാനം കൂടി ആയിരുന്നു. ഒരു ജനതയുടെ പ്രതീക്ഷകൾ ആയിരുന്നു.

പോർച്ചുഗീസ് റഫറി ഒലെഗാരിയോ ബെൻക്യുർഎൻക്യയുടെ നീളൻ വിസിലോടെ കളിക്ക് തുടക്കമായി. വുവുസേലകളുടെ അകമ്പടിയോടെ മൈതാനത്ത് പന്തുരുളുമ്പോൾ കൂടുതൽ ആവേശത്തോടെ പോരാടുന്ന ഘാനയെ ആണ് കാണുവാൻ കഴിഞ്ഞത്. ലാറ്റിനമേരിക്കൻ കരുത്തർക്ക് എതിരെ വീറോടെ പൊരുതിയ ഘാന ഉറുഗ്വായൻ ഗോൾ മുഖത്ത് അപകടകരമായ നീക്കങ്ങൾ സൃഷ്ടിച്ചു കൊണ്ടേയിരുന്നു. മറുപുറത്ത് ഫോർലാൻ, സുവാരെസ് എന്നീ കുന്തമുനകൾ പ്രയോഗിച്ചു കൊണ്ട് ഉറുഗ്വായ് ടീം ഘാനയുടെ ഗോൾ പോസ്റ്റിലും തക്കം പാത്തു നിന്നിരുന്നു. ഗോൾകീപ്പർമാരുടെ തകർപ്പൻ പ്രകടനത്താലും മുന്നേറ്റ നിരയിലെ പീരങ്കികൾ ലക്ഷ്യം ഭേദിക്കാൻ തക്ക ഷോട്ടുകൾ ഉതിർക്കാത്തത്തിനാലും ഗോൾ രഹിതമായി കലാശിക്കും എന്ന് കരുതിയ ആദ്യ പകുതി അവസാനിക്കാൻ ഏതാനും സെക്കൻഡുകൾ മാത്രം ബാക്കി നിൽക്കെ നിരുപദ്രവകരം എന്ന് തോന്നിപ്പിക്കുന്ന വിധം ഒരു മുന്നേറ്റം ഘാനയുടെ ഭാഗത്ത് നിന്നും ഉണ്ടായി. കളിക്കളത്തിൻ്റെ മധ്യത്തിലേക്കു അസമവോ ഗ്യാൻ നീക്കി വെച്ച പന്ത് സുലൈമാൻ മുന്താരിയുടെ കാലുകളിലേക്ക് എത്തി. മൈതാന മധ്യത്തിൽ നിന്നും ഒരു നൃത്തക്കാരനെ പോലെ ചുവടു വെച്ചു തിരിഞ്ഞ മുന്താരി ഉറുഗ്വായൻ ഗോൾ പോസ്റ്റിനു ഏകദേശം നാല്പതു വാര അകലെ നിന്നും കാഞ്ചി വലിച്ചു. ആ ഇടംകാലിൽ നിന്നും ഉതിർത്ത പന്ത് ഹൈ ലൈൻ കളിച്ച ഉറുഗ്വായൻ പ്രതിരോധ നിരക്കാരെ കാഴ്ചക്കാരാക്കി ഗോൾ കീപ്പർ ഫെർണാണ്ടോ മുസ്‌ലേറയെ കബളിപ്പിച്ചു കൊണ്ട് ഗോൾ വല ഭേദിച്ചു. ഒരു നിമിഷം നിശ്ദമായി എന്ന് തോന്നിയ ഗ്യാലറിയിൽ നിന്നും വുവുസേലകൾ കാതടപ്പിക്കുന്ന ശബ്ദം പുറപ്പെടുവിച്ചു. അഘോഷങ്ങൾ സോക്കർ സിറ്റി സ്റ്റേഡിയത്തിൽ മാത്രമല്ല, ഇരുണ്ട ഭൂഖണ്ഡത്തിൽ മുഴുവൻ അലയടിച്ചു. ഇംഗ്ലീഷ് കളിപറച്ചിലുകാരൻ്റെ വാക്കുകൾ കടമെടുത്താൽ ഗോൾ നേടിയത് ഘാനയാണ്, ആ ഗോൾ ആഫ്രിക്കയുടെ മുഴുവനുമാണ്. ആരവങ്ങൾ അവിടെ മുഴങ്ങുമ്പോൾ ഒരു മൂലയിൽ ഉറുഗ്വായ് ആരാധകർ നിശബ്ദരായി ഇരിപ്പുണ്ടായിരുന്നു. കാരണം അവർക്ക് മുൻപിൽ ഇനിയും നാൽപതിയഞ്ച് മിനിട്ടുകളും മൈതാനത്ത് ഫോർലാനും ഉണ്ടായിരുന്നു. ആദ്യ പകുതിക്ക് വിരാമമിട്ടുകൊണ്ട് റഫറി തൻ്റെ വിസിൽ ഊതി. രണ്ടാം പകുതിയിലെ തിരിച്ചു വരവിനായി ഉറുഗ്വായ് ആരാധകരും സെമി ഫൈനൽ പ്രവേശനം ആഘോഷിക്കുവാൻ ഘാണയുടെ ആരാധകരും കാത്തിരുന്നു.

രണ്ടാം പകുതിയുടെ തുടക്കം മുതലേ ഓസ്കാർ തബാരെസ് തൻ്റെ ടീമിൻ്റെ കളി ശൈലി മാറ്റി തുടങ്ങി. സമനില ഗോളിനായി ഉറുഗ്വായ് ഘാനയുടെ ഗോൾ പോസ്റ്റിലേക്ക് പാഞ്ഞടുത്തു. ആക്രമണത്തിൻ്റെ ബാക്കി പത്രം എന്നോണം അമ്പത്തിയഞ്ചാം മിനുട്ടിൽ ഉറുഗ്വായ്ക്ക് അനുകൂലമായി ഘാന പെനൽറ്റി ബോക്‌സിന് അധികം അകലെ അല്ലാതെ ഒരു ഫ്രീ കിക്ക് ലഭിച്ചു. ആ ഫ്രീകിക്ക് അനുവദിച്ചു കൊണ്ടുള്ള വിസിൽ മുഴക്കം ആശ്വാസത്തിൻ്റെ നാദമായി കിലോമീറ്ററുകൾക്ക് അപ്പുറമുള്ള ഓരോ ഉറുഗ്വായൻ ഗ്രാമങ്ങളിൽ പോലും അലയടിച്ചു. കാരണം ആ ഫ്രീകിക്ക് എടുക്കുവാൻ വേണ്ടി തയ്യാറാകുന്നത് ഡീയാഗോ ഫോർലാനാണ്. അത്രയും നേരം ആർത്തലച്ച സ്റ്റേഡിയത്തെ ഏതാനും നിമിഷങ്ങളിലേക്ക് നിശബ്ദതയിൽ ആഴ്തികൊണ്ട് ആ ഫോർലാൻ ഫ്രീ കിക്ക് ഒരു മഴവില്ല് തീർത്തു കൊണ്ട് ഘാന കീപ്പർ റിച്ചാർഡ് കിങ്സണെ നിഷ്പ്രഭനാക്കി ഗോൾ വലയിലേക്ക് താഴ്‌നിറങ്ങി. കളിയിലേക്ക് ഉറുഗ്വായ് തിരികെ വന്ന നിമിഷം.

ആ ഗോൾ വഴങ്ങിയത്തിന് ശേഷം ഘാന തിരിച്ചു വന്നു. ആദ്യ പകുതിയിൽ കണ്ട ആക്രമണോത്സുകത ഘാന വീണ്ടെടുത്തു. തങ്ങളുടെ മുൻനിരയിലെ കഴിവുറ്റവനായ അസമാവോ ഗ്യാനിലൂടെ ആക്രമണം അഴിച്ചു വിടുവാൻ ഘാന ഒരുങ്ങി. തിരികെ ഒരു ഗോൾ കൂടി നേടി കളി സ്വന്തമാക്കുവാൻ ഉറുഗ്വായും. പക്ഷേ ആ സമനില പൂട്ട് തകർക്കുവാൻ ഇരു കൂട്ടർക്കും കഴിഞ്ഞില്ല. കളി തൊണ്ണൂറു മിനിട്ടും പിന്നിട്ടു അധിക സമയത്തേക്ക് നീങ്ങി. എക്സ്ട്രാ ടൈമിൻ്റെ ആദ്യ പകുതിയിലും ഗോളുകൾ ഒന്നും തന്നെ പിറന്നില്ല. പെനൽറ്റി ഷൂട്ടൗട്ടിലേക് കളി നീങ്ങും എന്ന് ഉറപ്പിച്ച നിമിഷം. ആ ലോകകപ്പിലെ തന്നെ ഏറ്റവും കറുത്ത നിമിഷം അവിടെ സംഭവിച്ചു.

കളി തീരുവാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ഘാനക്ക് അനുകൂലമായി കളിക്കളത്തിലെ വലതു പാർശ്വത്തിൽ ഒരു ഫീകിക്ക് ലഭിക്കുന്നു. മത്സരം തങ്ങളുടേത് ആക്കുവാൻ ഘാനക്ക് ലഭിച്ച അവസാനത്തെ അവസരമായിരുന്നു അത്. ആ കിക്ക് പ്രതിരോധിക്കുവാൻ വേണ്ടി ഉറുഗ്വായ് മുന്നേറ്റ നിര താരങ്ങൾ ഉൾപ്പടെ മിക്കവരും ബോക്‌സിനുള്ളിൽ എത്തി. ഘാന താരങ്ങൾ തങ്ങളുടെ ഉയരകൂടുതൽ മുതലെടുക്കാൻ തക്കം പാർത്തു നിന്നു. കിക്ക് എടുക്കുവാൻ റഫറി വിസിൽ ഊതിയത്തിന് ശേഷം ജോൺ പെൻ്റ്സിൽ ഉയർത്തി വിട്ട ജമ്പുലാനി പന്ത് ഒരു മികച്ച ക്രോസ്സ് പോലെ ബോക്സിന് നടുവിലേക്ക് വന്നു. പെട്ടന്ന് ഉണ്ടായ കൂട്ടപൊരിച്ചിലിന് ഒടുവിൽ പന്ത് പകരക്കാരനായി വന്ന ഡൊമിനിക് അടിയായുടെ തലക്ക് പാകമായി എത്തി. സ്ഥാനം തെറ്റി നിന്ന ഗോൾ കീപ്പറെ കണ്ടു കൊണ്ട് അടിയാ തൻ്റെ തല പന്തിലേക്ക് വെച്ചു. പ്രതിരോധ നിരക്കാരെ മറി കടന്നു പന്ത് ഗോൾ വല ലക്ഷ്യമാക്കി കുതിച്ചു. ഘാനയൂടെ ആരാധകർ ആഹ്ലാദത്തോടെ തുള്ളിച്ചാടുവാൻ തയ്യാറായി. വുവുസേലകൾ ഗ്യാലറിയിൽ ശബ്ദമുയർത്തുവാൻ തക്ക വണ്ണം നിന്നു. എന്നാൽ ഫുട്ബാൾ ലോകത്തെ മുഴുവൻ നിശബ്ദമാക്കിയ സംഭവങ്ങൾ ആണ് പിന്നീട് അവിടെ നടന്നത്. ഗോൾ വലയിലേക്ക് കടന്നു പോയ പന്തിനെ ലൂയിസ് സുവാരസ് തന്നെ കൈ കൊണ്ട് തടഞ്ഞു. ഘാനയുടെ സെമി ഫൈനൽ സ്വപ്നത്തെ സുവാരെസ് അവിടെ തൻ്റെ കൈകളാൽ തല്ലി ഉടയ്ക്കുകയാണ് ചെയ്തത് എന്ന് അധികമാർക്കും മനസിലായില്ല. കാരണം ഘാനയ്ക്ക് അനുകൂലമായി അവിടെ പെനൽറ്റി ലഭിച്ചിരിക്കുന്നു. അതും എക്സ്ട്രാ ടീമിൻ്റെ അവസാന നിമിഷത്തിൽ. അത് ഗോൾ ആക്കുകയെ വേണ്ടൂ, ഘാന ലോകകപ്പ് സെമിയിൽ എത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി മാറും.

ചുവപ്പ് കാർഡ് കണ്ടു സുവാരസ് പുറത്തേക്ക് പോയി. പെനൽറ്റി എടുക്കുവാൻ ഘാനയുടെ വിശ്വസ്തനായ അസമാവോ ഗ്യാൻ തയാറെടുത്തു. ഗോളും വിജയവും ആഘോഷിക്കുവാൻ തയ്യാറായി നിന്ന സോക്കർ സിറ്റി സ്റ്റേഡിയത്തിലെ ഗ്യാലറി ഒരു നിമിഷത്തേക്ക്. നിശബ്ദമായി. കാരണം ഗ്യാൻ എടുത്ത ആ പെനൽറ്റി കിക്ക് ക്രോസ്സ് ബാറിൽ തട്ടി തെറിച്ചു. നടന്നത് എന്ത് എന്ന് ബോധ്യം വന്നപ്പോൾ തിങ്ങി നിറഞ്ഞു നിന്ന ഗ്യാലറിയിൽ നിന്നും നിരാശ കലർന്ന ശബ്ദങ്ങൾ ഉയർന്നു. ഏതോ ഒരു കോണിൽ സ്ഥാനം പിടിച്ച ഉറുഗ്വായ് ആരാധകരുടെ ആശ്വാസത്തിൻ്റെ ശബ്ദങ്ങളും അവിടെ ഉയർന്നു കേട്ടു. പക്ഷേ ക്യാമറകണ്ണുകൾ നീണ്ടത് മറ്റൊരാളിലേക്ക് ആണ്. ആ പെനൽറ്റി ഗോൾ ആയില്ല എന്ന് കണ്ടു ആഘോഷിക്കുന്ന സുവാരേസിലേക്ക്.

പിന്നീട് ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തിൽ ഘാനയെ പരാജയപ്പെടുത്തി ഉറുഗ്വായ് സെമിയിലേക് കടന്നു. ഒരു രാജ്യം മാത്രമല്ല, ഒരു ഭൂഖണ്ഡം മാത്രമല്ല, ഫുട്ബാൾ ലോകം മുഴുവൻ തങ്ങളുടെ ചൂണ്ടുവിരൽ സുവാരസിനു നേർക്ക് നീട്ടി. കളിയുടെ മാന്യതക്ക് വിരുദ്ധമായി ഗോളിലേക്ക് നീങ്ങിയ പന്ത് കൈ കൊണ്ട് തട്ടി തെറിപ്പിച്ച സുവാരെസിൻ്റെ പ്രവർത്തി ഉറുഗ്വായുടെ വിജയത്തിന് മുകളിൽ കരിനിഴൽ വീഴ്ത്തി. ആ സംഭവത്തെ കുറിച്ച് സുവാരെസ് പിന്നീട് പറഞ്ഞതും കൂടുതൽ വിവാദമായി. “ദൈവത്തിൻ്റെ കരങ്ങൾ ഇപ്പൊൾ എൻ്റേത് ആണ്” എന്നു ഒരു മാധ്യമത്തോട് പറഞ്ഞ സുവാരസ് വീണ്ടും വീണ്ടും വിമർശനം ഏറ്റു വാങ്ങി. ആഫ്രിക്കൻ ജനത മുഴുവൻ സുവാരെസിനെ തങ്ങളുടെ സ്വപ്നങ്ങളുടെ വില്ലനായി കണ്ടു. അവർക്ക് ക്ഷമിക്കാവുന്നതിലും അപ്പുറമായിരുന്നു ആ പ്രവർത്തി. അവരുടെ കണ്ണുകളിലൂടെ നോക്കിയാൽ സുവാരെസിൻ്റെ കരങ്ങൾ ചെകുത്താൻ്റെ കൈയ്ക്ക് തുല്യമായി കാണാം.

വർഷം 12 കഴിഞ്ഞു. രണ്ടു ലോകകപ്പുകളും. വർഷങ്ങൾക്ക് ശേഷം ഘാനയും ഉറുഗ്വായും വീണ്ടും നേർക്കുനേർ വരികയാണ്. ഘാന പൗരന്മാർക്ക് തങ്ങളുടെ പക വീട്ടുവാൻ ഒരു അവസരം വീണ്ടും വന്നിരിക്കുകയാണ്. കാലങ്ങൾ കഴിഞ്ഞിട്ടും ഉള്ളിലെ കെട്ടടങ്ങാത്ത തീ കെടുത്തുവാൻ ഉറുഗ്വായ്ക്ക് എതിരെ ഘാനയ്ക്കു വിജയം നേടിയേ തീരൂ. 2022 ഡിസംബർ 2 നു അൽ ജനൗബ് സ്റ്റേഡിയത്തിൽ കളി തുടങ്ങുവാൻ ഉള്ള വിസിൽ മുഴങ്ങുമ്പോൾ കാലങ്ങൾക്ക് ശേഷം പകരം വീട്ടുവാൻ അവർ ഇറങ്ങുകയാണ്, തങ്ങളുടെ സ്വപ്നങ്ങളെ തകർത്തെറിഞ്ഞവരെ തോൽപ്പിച്ചു കൊണ്ട് മുന്നേറാൻ ഘാന വീണ്ടും ഉറുഗ്വായെ നേരിടാൻ പോവുകയാണ്. മുറിവേറ്റ ചീറ്റ് പുലിയെ പോലെ ഇരയെ തേടി അവർ ഇറങ്ങും, ആ പഴയ കണക്ക് തീർക്കുവാൻ.

 

✍? ഗൌരീനാഥ് എസ്സ്

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply