നിർണായക മത്സരത്തിൽ തോൽവി വഴങ്ങി ഗോകുലം കേരള എഫ്.സി. ടേബിളിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന റൗണ്ട്ഗ്ലാസ് പഞ്ചാബിനോടാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മലബാറിയൻസ് തോൽവിയറിഞ്ഞത്. ഗോകുലം നിലവിൽ മൂന്നാം സ്ഥാനത് തന്നെ തുടരുന്നു.
സ്വന്തം തട്ടകത്തിൽ സാമാന്യം ഭേദപെട്ട റെക്കോർഡുള്ള ഗോകുലത്തിന് പക്ഷെ പഞ്ചാബ് ടീമിനെ പിടിച്ചുനിർത്താൻ ആയില്ല. ഗോൾ രഹിത സമനിലയിൽ ആദ്യ പകുതി അവസാനിക്കും എന്ന് കരുതിയപ്പോഴാണ് റൗണ്ട്ഗ്ലാസ് അവരുടെ ആദ്യ ഗോൾ നേടിയത്. ഗോകുലത്തിന്റെ പ്രതിരോധനിര താരം പവൻ കുമാറിന്റെ ഓൺഗോളാണ് പഞ്ചാബിനു ലീഡ് നൽകിയത്.
രണ്ടാം പകുതിയിൽ മാറ്റങ്ങളോടെയാണ് ഗോകുലം തുടങ്ങിയത്. പകരക്കാരായി അബ്ദുൽ ഹക്കുവും, ഫർഷാദ് നൂറുമെല്ലാം കളത്തിലെത്തി. എങ്കിലും ആധിപത്യം പഞ്ചാബിനു തന്നെയായിരുന്നു. എഴുപതാം മിനുട്ടിൽ ലൂക്ക മജ്സെനിലൂടെ അവർ രണ്ടാം ഗോളും നേടി. ഫർഷാദ് നൂർ ഗോകുലത്തിനായി ഗോൾ നേടിയെങ്കിലും കളിയിലേക്ക് തിരിച്ചുവരാൻ അത് മതിയാകുമായിരുന്നില്ല.
നിലവിൽ മൂന്നാം സ്ഥാനത്താണ് മലബാറിയൻസെങ്കിലും അവർക്ക് 15 കളിയിൽ നിന്ന് 24 പോയിന്റ് മാത്രമേ ഉള്ളൂ. തൊട്ടുമുകളിലുള്ള പഞ്ചാബിനും ഒന്നാം സ്ഥാനത്തുള്ള ശ്രീനിധി ഡെക്കാനും 34 പോയിന്റുണ്ട്, 10 പോയിന്റിന്റെ ലീഡ്. അതുകൊണ്ട് തന്നെ ഒന്നാം സ്ഥാനത്ത് എത്തുകയെന്നത് ഏറെക്കുറെ നടക്കാൻ സാധ്യതയില്ലാത്ത കാര്യമാണ്. അങ്ങനെയെങ്കിൽ ഐ-ലീഗ് നേടി ഐഎസ്എല്ലിലേക്ക് പ്രൊമോഷൻ നേടുക എന്നത് ഈ സീസണിൽ അവർക്ക് സാധിക്കാനിടയില്ല. ഐഎസ്എല്ലിൽ ഒരു കേരള ഡെർബി കാണുക എന്ന കേരള ഫുട്ബോൾ പ്രേമികളുടെ സ്വപ്നം പൂവണിയാൻ ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് ചുരുക്കം.
Leave a reply