ഇന്ത്യൻ ക്യാപ്റ്റന് ഇന്ന് പിറന്നാൾ; സുനിൽ ഛേത്രിക്ക് ജന്മദിനാശംസകൾ.

1984 ഓഗസ്റ്റ് മൂന്നിന് സെക്കന്ദ്രാബാദിലാണ് സുനിൽ ഛേത്രിയുടെ ജനനം. ആർമി ഓഫീസറുടെ മകനായി ജനിച്ച സുനിൽ തന്റെ വിദ്യാഭ്യാസം വിവിധ സ്കൂളുകളിലായിട്ടാണ് പൂർത്തിയാക്കിയത്. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയ സുനിൽ പിന്നീട് പ്രൊഫഷണൽ ഫുട്ബോളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2001 ഏഷ്യൻ സ്കൂൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രധിനിധീകരിച്ചുകൊണ്ടാണ് സുനിൽ ഇന്ത്യൻ ദേശിയ ടീമിലേക്കുള്ള തന്റെ ആദ്യ ചുവട് വെക്കുന്നത്.

നിലവിൽ ബെംഗളൂരു എഫ്.സിയിൽ പന്തു തട്ടുന്ന സുനിൽ 2002ൽ മോഹൻ ബഗാനിലൂടെ തന്റെ ക്ലബ് കരിയർ ആരംഭിക്കുന്നത്. പിന്നീട് ജെ.സി.ടി, ഈസ്റ്റ് ബംഗാൾ, ഡെംപോ, ചിരാഗ്, ചർച്ചിൽ, മുംബൈ, ബെംഗളൂരു തുടങ്ങിയ ടീമുകൾക്കായി ബൂട്ടണിഞ്ഞു. വിവിധ വിദേശ ടീമുകൾ സുനിൽ ഛേത്രിയെ ഇതിനിടയിൽ സ്വന്തമാക്കാൻ ശ്രമിച്ചിട്ടുണ്ട്. 2010ൽ അമേരിക്കൻ ടീമായ കൻസാസ് സിറ്റിയിലും, 2012ൽ പോർച്ചുഗൽ ടീമായ സ്പോർട്ടിങ് സി.പിയിലും സുനിൽ കളിച്ചിട്ടുണ്ട്.

2004ൽ ഇന്ത്യൻ അണ്ടർ 23 ടീമിന് വേണ്ടി അരങ്ങേറിയ സുനിൽ 2005ൽ ദേശിയ സീനിയർ ടീമിലേക്കും ഇടം നേടി. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനാണ് സുനിൽ. 118 മത്സരങ്ങളിൽ നിന്നും 74 ഗോളുകളാണ് അന്താരാഷ്ട്ര തലത്തിൽ ഇതുവരെ താരം നേടിയിട്ടുള്ളത്. നിലവിൽ ലോക ഫുട്ബോളിൽ പന്ത് തട്ടുന്നവരിൽ ഗോൾ വേട്ടയിൽ നാലാം സ്ഥാനത്താണ് സുനിലിന്റെ ഈ നേട്ടം. അന്താരാഷ്ട്ര ഫുട്ബോൾ ചരിത്രത്തിലെ ഗോൾ വേട്ടയിൽ പന്ത്രണ്ടാം സ്ഥാനത്താണ് സുനിൽ ഛേത്രിയുടെ ആകെ ഗോളുകൾ ഇപ്പോൾ ഉള്ളത്.

ഇന്ത്യക്കായി സാഫ് ചാമ്പ്യൻഷിപ്(2) എ.എഫ്.സി ചാലഞ്ച് കപ്പ്, നെഹ്‌റു കപ്പ്(3), ഇന്റർകോണ്ടിനെന്റൽ കപ്പ്(2) എന്നിവ സുനിൽ നേടിയിട്ടുണ്ട്. ക്ലബ് ഫുട്ബോളിൽ നാല് ഐ.ലീഗ് കിരീടം, രണ്ട് ഇന്ത്യൻ ഫെഡറേഷൻ കപ്പ്, ഐ.എസ്.ൽ കിരീടം, സൂപ്പർ കപ്പ് എന്നിവയും സുനിലിന്റെ നേട്ടങ്ങളാണ്.

ആറ് തവണ എ.ഐ.എഫ്.എഫ് പ്ലയെർ ഓഫ് ദി ഇയർ പുരസ്കാരവും, രണ്ട് തവണ എഫ്.പി.എ.ഐ ഇന്ത്യൻ പ്ലയെർ ഓഫ് ദി ഇയർ പുരസ്കാരവും കരസ്ഥമാക്കിയ സുനിലിന് ഫുട്ബോൾ രത്ന അവാർഡും ലഭിച്ചിട്ടുണ്ട്. 2011ൽ അർജുന അവാർഡും, 2019ൽ പദ്മശ്രീയും നൽകി രാജ്യം സുനിലിന്റെ സംഭാവനകളെ അംഗീകരിച്ചു.

ഇന്ത്യൻ ക്യാപ്റ്റന് Zillizന്റെ ജന്മദിനാശംസകൾ

  • – എസ്.കെ
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply