ഐ-ലീഗ് ക്വാളിഫയേഴ്സ് : രാജസ്ഥാൻ യുണൈറ്റഡ് എഫ്സി ചാമ്പ്യന്മാർ

2021- ലെ ഐ ലീഗ് യോഗ്യതാ മത്സരങ്ങളുടെ കിരീട ജേതാക്കളായി രാജസ്ഥാൻ യുണൈറ്റഡ് എഫ്സി. ബെംഗളൂരു ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്ന അവസാന മത്സരത്തിൽ കെൻക്രെ എഫ്സിയെ ഗോൾ രഹിത സമനിലയിൽ തളച്ചതോടെ രാജസ്ഥാൻ യുണൈറ്റഡ് എഫ്സി അവർക്ക് കിരീടമുറപ്പിക്കാൻ ആവശ്യമായിരുന്ന ഒരു പോയിന്റ് സ്വന്തമാക്കി. ഈ വിജയത്തോടെ രാജസ്ഥാൻ യുണൈറ്റഡ് എഫ്സി ഐ ലീഗിലേക്ക് യോഗ്യത നേടിയെടുത്തു. ഇതോടെ രാജസ്ഥാനിൽ നിന്ന് ഐലീഗ് (ഫസ്റ്റ് ഡിവിഷൻ) കളിക്കാൻ യോഗ്യത നേടുന്ന ആദ്യ ക്ലബ്ബ് ആയിരിക്കുകയാണ് രാജസ്ഥാൻ യുണൈറ്റഡ് എഫ്സി.

കെൻക്രെ എഫ്സിയോട് രണ്ട് പോയിന്റിന്റെ ലീഡാണ് രാജസ്ഥാൻ യുണൈറ്റഡ് എഫ്സിക്ക് ഉണ്ടായിരുന്നത്. അതിനാൽ തന്നെ ഇന്നത്തെ മത്സരം ഇരു ടീമുകൾക്കും വളരെ നിർണായകമായിരുന്നു. മന്ദഗതിയിലായിരുന്ന ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും കൂടുതൽ അവസരങ്ങളൊന്നും ലഭിച്ചില്ല. രണ്ടാം പകുതിയിലാണ് കൂടുതൽ നീക്കങ്ങളുണ്ടായത്.

രാജസ്ഥാൻ യുണൈറ്റഡ് എഫ്സി ക്ക് അവരുടെ ഐ ലീഗ് ക്വാളിഫയേഴ്സിലെ ആദ്യ ശ്രമത്തിൽ തന്നെ ലക്ഷ്യം പൂർത്തീകരിക്കാനായി. രാജസ്ഥാൻ സ്റ്റേറ്റ് ലീഗിൽ വിജയിച്ചതിന്റെ ഫലമായിട്ടാണ് RUFC യോഗ്യതാ റൗണ്ടിലേക്ക് കടന്നത്. ജയ്പൂർ എഞ്ചിനീയറിംഗ് കോളേജ് ആൻഡ് റിസർച്ച് സെന്റർ എഫ്.സി (JECRC FC) എന്ന പേരിൽ 2018 ൽ സ്ഥാപിതമായ ക്ലബ്ബ് പിന്നീട് രാജസ്ഥാൻ യുണൈറ്റഡ് എഫ്സി എന്ന് നാമകരണം ചെയ്യപ്പെടുകയായിരുന്നു.

റിന്റിഹ് എസ് സി, മദൻ മഹാരാജ് എഫ്സി, എഫ്സി ബെംഗളൂരു യുണൈറ്റഡ് എന്നീ ടീമുകൾ അടങ്ങുന്ന ഗ്രൂപ്പ് – എ യിലാണ് രാജസ്ഥാൻ യുണൈറ്റഡ് എഫ്സി ഉൾപ്പെട്ടിരുന്നത്. രാജസ്ഥാൻ യുണൈറ്റഡ് എഫ്സി, കെൻക്രെ എഫ്സി, ഡെൽഹി എഫ്സി, മദൻ മഹാരാജ് എഫ്സി എന്നീ നാല് ടീമുകളായിരുന്നു ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിൽ നിന്നുള്ള ക്ലബ്ബായ കേരള യുണൈറ്റഡ് എഫ്സിയും ക്വാളിഫയേഴ്സിൽ പങ്കെടുത്തിരുന്നെങ്കിലും നിർഭാഗ്യവശാൽ ഗ്രൂപ്പ് സ്റ്റേജ് കടക്കാനായില്ല. രാജസ്ഥാനെ പ്രതിനിധീകരിച്ച് ഇനി രാജസ്ഥാൻ യുണൈറ്റഡ് ഐലീഗിൽ പന്ത് തട്ടുന്നത് നമുക്ക് കാത്തിരുന്ന് കാണാം.

~ Jumana Haseen K

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply