ഇന്ത്യൻ ഫുട്ബോള്‍ ടീം നിര്‍ണയിക്കുന്നത് ജ്യോതിഷി- സംഭവം ഇങ്ങനെ.

എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യൻ ഫുട്ബോള്‍ ടീമിനെ തിരഞ്ഞെടുക്കാൻ പരിശീലകൻ ഇഗോര്‍ സ്റ്റിമാച്ച്‌ ജ്യോതിഷിയുടെ സഹായം തേടിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡല്‍ഹിയില്‍ അറിയപ്പെടുന്ന ജ്യോതിഷിയായ ഭൂപേഷ് ശര്‍മയാണ് ഇന്ത്യൻ ടീം നിര്‍ണയിച്ചത്. എഐഎഫ്‌എഫ് ജനറല്‍ സെക്രട്ടറിയായിരുന്ന കുശാല്‍ ദാസിന്റെ വെളിപ്പെടുത്തലിലൂടെയാണ് സംഭവം പുറത്തറിയുന്നത്. ഇതിനായി ക്രൊയേഷ്യക്കാരനായ പരിശീലകനു ജ്യോതിഷിയെ പരിചയപ്പെടുത്തിക്കൊടുത്തത് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെ‍ഡറേഷനാണ്. 2022 മേയിലാണ് സ്റ്റിമാച്ചിന് ജ്യോതിഷിയെ പരിചയപ്പെടുത്തിയതെന്ന് കുശാല്‍ ദാസ് പ്രതികരിച്ചു. അഫ്ഗാനിസ്ഥാനെതിരായ നിര്‍ണായക മത്സരത്തില്‍ കളിക്കാനുള്ള താരങ്ങളുടെ പട്ടിക ഇന്ത്യൻ പരിശീലകൻ ജ്യോതിഷിക്കു കൈമാറുകയായിരുന്നു. ജൂണ്‍ 11നു നടക്കേണ്ട മത്സരത്തിനായി താരങ്ങളുടെ പേരുകള്‍ ഒൻപതാം തീയതിയാണ് സ്റ്റിമാച്ച്‌ നല്‍കിയത്.

താരങ്ങളുടെ വിവരങ്ങള്‍ പരിശോധിച്ച്‌ ‘നല്ലത്’, ‘നന്നായി കളിക്കും’, ‘അമിത ആത്മവിശ്വാസം മാറ്റണം’, ശരാശരി, ‘ഇന്ന് കളിപ്പിക്കരുത്’ തുടങ്ങിയ ഉപദേശങ്ങള്‍ ജ്യോതിഷി നല്‍കി. ജ്യോതിഷിയുടെ ഉപദേശ പ്രകാരം രണ്ടു പ്രധാന താരങ്ങളെ ടീമില്‍നിന്ന് ഒഴിവാക്കിയെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.അഫ്ഗാനിസ്ഥാനെതിരായ മത്സരം ഇന്ത്യ 2-1നാണു വിജയിച്ചത്. കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ ജൂണ്‍ വരെ നാല് മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. ജോര്‍ദാൻ, കംബോ‍ഡിയ, അഫ്ഗാനിസ്ഥാൻ, ഹോങ്കോങ് ടീമുകള്‍‌ക്കെതിരെയായിരുന്നു ഇത്. ഓരോ കളിക്കു മുൻപും താരങ്ങളെ തിരഞ്ഞെടുക്കാൻ ജ്യോതിഷി ഇന്ത്യൻ ടീം മാനേജ്മെന്റിനെ സഹായിച്ചു.

താരങ്ങളുടെ പരുക്ക്, സബ്സ്റ്റിറ്റ്യൂഷൻ തന്ത്രങ്ങള്‍ എന്നിവയിലും ജ്യോതിഷി ഇടപെട്ടെന്നാണു വിവരം. ഹോങ്കോങ്ങിനെ തോല്‍പിച്ചാണ് ഇന്ത്യ ഏഷ്യൻ കപ്പ് ടൂര്‍ണമെന്റിനു യോഗ്യത ഉറപ്പിച്ചത്.12 മുതല്‍ 15 ലക്ഷം രൂപ വരെയാണ് രണ്ടു മാസത്തെ ‘സേവനത്തിന്’ ജ്യോതിഷിക്ക് എഐഎഫ്‌എഫ് നല്‍കിയ പ്രതിഫലം. ഇന്ത്യ ഏഷ്യൻ കപ്പിനു യോഗ്യത നേടിയതിനാല്‍ അതു വലിയ തുകയായി തോന്നുന്നില്ലെന്നും കുശാല്‍ ദാസ് വെളിപ്പെടുത്തി. ഇഗോര്‍ സ്റ്റിമാച്ചും ജ്യോതിഷിയും മത്സരങ്ങള്‍ക്കു ശേഷം സംസാരിച്ച കാര്യങ്ങളെക്കുറിച്ചു തനിക്കു വ്യക്തതയില്ലെന്നും കുശാല്‍ ദാസ് പറഞ്ഞു.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply