സാഫ് കപ്പിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനോട് സമനില വഴങ്ങി ഇന്ത്യ(1-1). മാൽദീവ്സ് നാഷണൽ ഫുട്ബോൾ സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം നടന്ന മത്സരത്തിലാണ് പത്തുപേരായി ചുരുങ്ങിയ ബംഗ്ലാദേശ് ഇന്ത്യയുമായി സമനില നേടിയത്.
ഫിഫ റാങ്കിങ്കിൽ ഏറെ മുന്നിലുള്ള ഇന്ത്യ ആദ്യ പകുതിയിൽ മെച്ചപെട്ട പ്രകടനമായിരുന്നു പുറത്തെടുത്തത്. സുനിൽ ഛേത്രിയിലൂടെ ഇന്ത്യ ആദ്യ ഗോൾ നേടി(26′). ഉദാന്ത സിംഗാണ് ഗോളിന് വഴിയൊരുക്കിയത്. 54ആം മിനുട്ടിൽ ലിസ്റ്റൻ കൊളാക്കോയെ വീഴ്ത്തിയതിനു ബംഗ്ലാദേശിന്റെ ബിശ്വനാഥ് ചുവപ്പ് കാർഡ് കണ്ടു പുറത്തുപോയി. പിന്നീടങ്ങോട്ട് പത്തുപേരായി ചുരുങ്ങിയെങ്കിലും മികച്ച പോരാട്ടവീര്യം പുറത്തെടുത്ത ബംഗ്ലാ കടുവകൾക്കായി യേസിൻ അറാഫാത്ത് സമനില ഗോൾ നേടി. ജമാൽ ബുഹ്യാൻ എടുത്ത കോർണർ ആരാലും മാർക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന യേസിനുനേരെ വരികയും അദ്ദേഹം അത് ഹെഡ് ചെയ്ത് ഗോളാക്കുകയും ചെയ്തു.
അനാവശ്യമായി മിസ്സ്‌പാസ്സുകൾ വരുത്തിയതും കളിക്കളത്തിൽ ഒത്തൊരുമ ഇല്ലാതിരുന്നതും നീല കടുവകൾക്ക് വിനയായപ്പോൾ മികച്ച പോരാട്ടത്തിലൂടെ സമനില നേടിയെടുക്കുകയായിരുന്നു ബംഗ്ലാദേശ് ടീം.
ഒക്ടോബർ 7 വ്യാഴാഴ്ച ശ്രീലങ്കയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
Leave a reply