കേരളക്കരയുടെ സ്വന്തം കൊമ്പന്മാർക്ക് ഒമ്പത് വയസ്സ് ! ഒരിക്കലും മായാത്ത നിമിഷങ്ങളിലേക്ക് ഒരെത്തിനോട്ടം

ആവേശത്തിന്റെയും അഭിനിവേശത്തിന്റെയും അതിരില്ലാത്ത ആരാധക പിന്തുണയുടെയും മായാത്ത ഒമ്പത് വർഷങ്ങൾ! ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമിപ്പിക്കാൻ കെൽപുള്ള ആ ‘മഞ്ഞ’ നിറത്തിന് ഒമ്പത് വയസ്സ് കഴിഞ്ഞിരിക്കുകയാണ്! ആത്മാർഥമായ ആരാധക പിന്തുണ കൊണ്ട് ലോക പ്രശസ്തി നേടിയ മഞ്ഞക്കുപ്പായക്കാർ! പതിനൊന്ന് കളിക്കാരും പന്ത്രണ്ടാമനായി ലക്ഷങ്ങളും ഉള്ള കേരളക്കരയുടെ സ്വന്തം ഫുട്ബോൾ ക്ലബ്ബ് – കേരള ബ്ലാസ്റ്റേഴ്സ്.

 

ഇയാൻ ഹ്യൂം മുതൽ അഡ്രിയാൻ ലൂണ വരെ, ഹെങ്ബാർട് മുതൽ ലെസ്കോവിച്ച് വരെ, ഡേവിഡ് ജയിംസ് മുതൽ ഇവാൻ വുകോമനോവിച്ച് വരെ അങ്ങനെയങ്ങനെ നമ്മൾ ഒരുപാട് ദൂരം സഞ്ചരിച്ചിരിക്കുന്നു. സുശാന്ത് മാത്യുവിന്റെ സെമിഫൈനൽ ഗോളും, കന്നി സീസണിലെ ഫൈനൽ പ്രവേശനവും, സികെ വിനീതിന്റെ ഡോൾഫിൻ ഹെഡറും, മുറിവേറ്റ് കെട്ടിയ ഹ്യൂമേട്ടന്റെ മൊട്ടത്തലയും ഡെൽഹിയിൽ ചെന്ന് അവർക്കെതിരെ നേടിയ ഹാട്രിക്കും, എടികെയ്ക്കെതിരെ നടത്തിയ ഓഫ്സൈഡ് ട്രാപ്പും, ഓഗ്ബെച്ചെയുടെ ഗോൾ വിളയാട്ടവും, എടികെഎംബിയ്ക്കെതിരെ സൂപ്പർ ഹൂപ്പർ നേടിയ തകർപ്പൻ ഗോളും, അൽവാറോയുടെ ലോങ്ങ് റേഞ്ചറും, സഹലിന്റെ വൈകാരികമായ ഫ്ലിക്കിങ്ങ് ഗോളും, ഫൈനൽ പ്രവേശനമുറപ്പിച്ച ലൂണേട്ടന്റെ മാസ്മരിക ഗോളും, ആശാനെ വാരിപ്പുണർന്ന് കൊണ്ടുള്ള സന്തോഷ പ്രകടനങ്ങളും, ഇവാൻ കല്യുഷ്നിയുടെ ഉക്രേനിയൻ മിസൈലും, കൊച്ചിയെ ഇളക്കി മറിച്ച സന്ദീപിന്റെ ഹെഡറും അതേ തുടർന്നുള്ള സെലിബ്രേഷനും എല്ലാം മനസ്സിൽ പതിഞ്ഞ് കിടക്കുന്ന ചിത്രങ്ങളാണ്. ഇവ ഓരോന്നും ഓർക്കുമ്പോൾ വികാരങ്ങളുടെ ഒരുറവ തന്നെ പൊട്ടിപ്പുറപ്പെടുന്നുണ്ട്.

 

 

ക്രിക്കറ്റ് ആധിപത്യം പുലർത്തിയ ഇന്ത്യയിൽ കാൽപന്തിനെ നെഞ്ചിലേറ്റിയവരാണ് മലയാളികൾ. ഫുട്ബോളിനെ എത്രത്തോളം വികാരമായി കൊണ്ടുനടക്കുന്നവരാണ് മലയാളികൾ എന്ന് മനസ്സിലാവാൻ സെവൻസ് ഫുട്ബോൾ മൈതാനങ്ങളിലെ ജനക്കൂട്ടം മതി. കേരളത്തിന്റെ ഫുട്ബോൾ ആവേശം സെവൻസ് ടൂർണമെന്റുകളിലും ഐ-ലീഗ് സെക്കന്റ് ഡിവിഷനിലും സന്തോഷ് ട്രോഫിയിലും ഒതുങ്ങിക്കിടന്ന സമയം. ഇന്ത്യൻ സൂപ്പർ ലീഗ് എന്ന പേരിൽ ഇന്ത്യയിലെ ടോപ്പ് ഡിവിഷൻ ലീഗ് വരുന്നുണ്ടെന്നും അതിൽ പന്ത് തട്ടാൻ കൊച്ചി ആസ്ഥാനമായി കേരളത്തിൽ നിന്നൊരു ക്ലബ്ബുണ്ടെന്നും പ്രഖ്യാപനമെത്തി ! ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ കൂടി ഉടമസ്ഥതയിലാണ് മലയാളികൾക്കായൊരു ഫുട്ബോൾ ക്ലബ്ബ് ഒരുങ്ങുന്നതെന്നത് ഇരട്ടിമധുരം. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറിന്റെ പേര് ചേർത്തി ക്ലബ്ബിന് പേര് നൽകി : കേരള ബ്ലാസ്റ്റേഴ്സ്. ആരാധകരെ ആവേശത്തിലാഴ്ത്തി ആദ്യ സീസണിൽ തന്നെ മലയാളികളുടെ സ്വന്തം ബ്ലാസ്റ്റേഴ്സ് ഫൈനലിൽ പ്രവേശിച്ചു. ചുണ്ടിനരികെ നഷ്ടപ്പെട്ട കിരീടം ആരാധകർക്കെല്ലാം നോവായി , അവർ വിങ്ങിപ്പൊട്ടി. ഇത് വെറുമൊരു ടീമല്ലെന്നും തങ്ങളുടെയെല്ലാം വികാരമായി മാറിയിട്ടുണ്ടെന്നും അവർ മനസ്സിലാക്കി. അങ്ങനെ തങ്ങളുടെ ക്ലബ്ബ് പോകുന്നിടത്തെല്ലാം അവർ മഞ്ഞക്കടലുകൾ തീർത്തു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആരാധകക്കൂട്ടായ്മയായി അവർ മാറി, ലോക രാജ്യങ്ങൾ അവരെ ശ്രദ്ധിച്ചു, വെറുമൊരു ഫുട്ബോൾ ക്ലബ്ബിനോട് ഈ ജനത കാണിക്കുന്ന അഭിനിവേശം അവരെ ഞെട്ടിച്ചു. രണ്ടാം സീസണിൽ തങ്ങളുടെ ടീം നിരാശപ്പെടുത്തിയെങ്കിലും അവർ കൈവിട്ടില്ല. മൂന്നാം സീസണിൽ വിധികളെല്ലാം തിരുത്തിയെഴുതി ബ്ലാസ്റ്റേഴ്സിന്റെ അപ്രതീക്ഷിത ഫൈനൽ പ്രവേശനം.! എന്നാൽ ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾ പൊലിഞ്ഞു. കൈയ്യെത്തും ദൂരത്ത് മറ്റൊരു കപ്പ് കൂടി നഷ്ടപ്പെട്ടു. തുടർന്നുള്ള സീസണുകളിൽ നിർഭാഗ്യം നിറഞ്ഞാടി. ഹോം, എവേ മാച്ചുകളിൽ സ്റ്റേഡിയം മഞ്ഞ പുതയ്ക്കാൻ ഓടിയ ആരാധകരെല്ലാം നിരാശരായി. പലരും തള്ളിപ്പറയാൻ തുടങ്ങി, മഞ്ഞക്കടലിന്റെ നിറം പതിയെ മങ്ങി. പിന്നീടങ്ങോട്ട് പരിഹാസങ്ങളുടെയും പ്രതിഷേധങ്ങളുടെയും നിർഭാഗ്യത്തിന്റെയും പാത്രമായി കേരള ബ്ലാസ്റ്റേഴ്സ് മാറി.

 

ഇന്ന് ‘ഇവാൻ ‘ എന്ന മാറ്റം നമ്മളെ ഒരുപാട് മുന്നോട്ട് കൊണ്ട് പോയി. ഒന്നുമല്ലാതിരുന്നിടത്ത് നിന്ന് നമ്മൾ പ്ലേ ഓഫും ഫൈനലും സ്വപ്നം കണ്ടു. ചരിത്രത്തിലാദ്യമായി എട്ടാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ പോയിന്റ് ടേബിളിന്റെ തലപ്പത്തെത്തി. ബ്ലാസ്റ്റേഴ്സ് നേടിയതിൽ ഏറ്റവും ഉയർന്ന പോയിന്റ്, ഗോളുകൾ, ഗോൾ വ്യത്യാസം തുടങ്ങി റെക്കോർഡുകൾ പലതും പിറന്നു. ടീമിൽ അത്ഭുതകരമായ ഒത്തിണക്കം ഇവാൻ കൊണ്ടുവന്നു. പോയിന്റ് ടേബിളിൽ ടോപ്പ് സിക്സിലെങ്കിലും ഉണ്ടാവണേ എന്ന പ്രാർഥിച്ച നമ്മൾ ഒരവസരത്തിൽ ലീഗ് ഷീൽഡ് വരെ സ്വപ്നം കണ്ടു. അപ്രതീക്ഷിതമായെത്തിയ കോവിഡ് മഹാമാരി ടീമിനെയും താരങ്ങളെയും പല രീതികളിൽ ബാധിച്ചു. അതിനാൽ തന്നെ ഒന്നാം സ്ഥാനത്ത് നിന്ന് ബ്ലാസ്റ്റേഴ്സ് അൽപം താഴോട്ടിറങ്ങി. വൈകാതെ തന്നെ ഫോം വീണ്ടെടുത്ത ബ്ലാസ്റ്റേഴ്സ് ഒടുക്കം ഷീൽഡ് വിന്നേഴ്സിനെ തന്നെ വീഴ്ത്തി ഫൈനലിൽ പ്രവേശിച്ചു. ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട കോച്ചിനെയും താരങ്ങളെയും കാണാൻ മഞ്ഞപ്പട ഗോവയിലേക്ക് ഒഴുകി! പ്രതീക്ഷകൾ വാനോളമായിരുന്നു. നിർഭാഗ്യം അപരിചിതമല്ലാത്ത ബ്ലാസ്റ്റേഴ്സിന് ഒരിക്കൽ കൂടി അവസാന പടിയിൽ കാലിടറി. ഷൂട്ടൗട്ടിലെ തോൽവിയിൽ കപ്പ് വഴുതിപ്പോയി. പരാജയങ്ങളും പരിഹാസങ്ങങ്ങളും തകർച്ചകളും അന്യമല്ലാത്ത കൊമ്പന്മാർക്ക് വീണ്ടും ഒരിക്കൽ കൂടെ കിരീടം നഷ്ടപ്പെട്ടു. ‘ഇന്നത്തെ അസ്തമയത്തിലല്ല, നാളെത്തെ സൂര്യോദയത്തിലാണ് ഞങ്ങളുടെ പ്രതീക്ഷ!’ പീന്നീട് ഓരോ ആരാധകനും അടുത്ത സീസണിനായുള്ള കാത്തിരിപ്പിലായിരുന്നു.

 

രണ്ട് സീസണുകൾക്ക് ശേഷം സ്റ്റേഡിയങ്ങളിൽ കാണികളെ അനുവദിച്ച ആവേശത്തിൽ ആദ്യ മത്സരത്തിന് തന്നെ നാനാഭാഗത്ത് നിന്നും ബ്ലാസ്റ്റേഴ്സ് ആരാധകർ ഗാലറികൾ നിറക്കാനെത്തി. ടിക്കറ്റുകൾ വിപണിയിലെത്തി നിമിഷങ്ങൾ കൊണ്ട് അവയെല്ലാം വിറ്റ് തീർന്നത് നമ്മൾ കണ്ടു. ആരാധകരെ നിരാശരാക്കാതെ ആദ്യ മത്സരം കൊമ്പന്മാർ വിജയിച്ച് തന്നെ തുടങ്ങി, മഞ്ഞപ്പടയാളികൾ ആഹ്ലാദത്തിമിർപ്പിൽ ലയിച്ചു. പിന്നീടങ്ങോട്ട് തോൽവികളും ജയങ്ങളും മാറി മാറി വന്നു. ഈ സീസൺ തങ്ങളുടേതാണെന്നും അല്ലെന്നും തോന്നിയ ആശങ്ക കലർന്ന നിമിഷങ്ങൾക്കൊടുവിൽ തുടർച്ചയായ രണ്ടാം സീസണിലും ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ പ്രവേശിച്ചു. വിവാദമായ നോക്കൗട്ട് മത്സരവും ആശാൻ നിർഭയം സ്വീകരിച്ച നിലപാടും ആരും മറക്കാൻ പോകുന്നില്ല. തെറ്റായ റെഫറിയിങ്ങിനെതിരെ പ്രതിഷേധിച്ച് സീസണിലെ ഭാവി നോക്കാതെ ഇറങ്ങിപ്പോക്ക് നടത്തിയെങ്കിലും, മോശം ഫോം കാരണം കലൂർ സ്റ്റേഡിയത്തിലേക്ക് ആളുകൾ എത്താത്ത സാഹചര്യത്തിൽ നിന്നും കഴിഞ്ഞ സീസണിൽ ഫട്ടോർഡ വരെ നിറഞ്ഞു കവിഞ്ഞ അവസ്ഥയിലേക്കെത്തിച്ച ആശാൻ ഇവാനെ കൈവിടാൻ ആരാധകർ ഒരുക്കമായിരുന്നില്ല. മഞ്ഞപ്പടയാളികൾ തയ്യാറാണ് ഇനിയും കാത്തിരിക്കാൻ. ആശാനും സംഘവും അടുത്ത സീസണിൽ അവരെ നിരാശപ്പെടുത്തില്ലെന്ന വിശ്വാസത്തോടെ അവർ കാത്തിരിക്കും.

 

തങ്ങളുടെ ടീം എവിടെപ്പോയാലും അവിടെ ‘ഹോം’ അന്തരീക്ഷം തീർക്കുന്ന, മഞ്ഞക്കടലാക്കുന്ന ഒരു കൂട്ടം ആരാധകരുണ്ട് ഈ ക്ലബ്ബിന്. ഒരു സാധാരണ ഫുട്ബോൾ ക്ലബ്ബ് എങ്ങനെയാണ് ജനമനസ്സുകളിലേക്ക് ഇത്രയും ആഴ്ന്നിറങ്ങിയത് ? കേരളത്തിലെ കാൽപന്ത് ആവേശം എന്ന് വേണമെങ്കിൽ മറുപടി പറയാം. പക്ഷേ അങ്ങനെയെങ്കിൽ കേരളത്തിൽ വേറെ ഫുട്ബോൾ ക്ലബ്ബുകൾ ഇല്ലാത്ത അവസ്ഥയല്ലല്ലോ. പിന്നെ എന്താണ് ഇവർക്കിത്ര പ്രത്യേകത? കൊമ്പന്മാർക്കെന്താ കൊമ്പുണ്ടോ? അറിയില്ല ! എന്തായാലും ഒരുപാട് ഹൃദയങ്ങളുടെ നല്ലൊരു പങ്ക് മഞ്ഞയാക്കി മാറ്റാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. ഒപ്പം കേരളത്തിൽ കാൽപന്തിനെ കൂടുതൽ ജനകീയമാക്കാനും ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു.

 

കാലമിനിയുമുരുളും, കാൽപന്തും! കൊമ്പന്മാർ ഐഎസ്എൽ കിരീടം ഉയർത്തുന്ന കാലം വരും. അതെത്ര വിദൂരത്താണെങ്കിലും മഞ്ഞക്കുപ്പായക്കാരുടെ ആരാധകർ ഇനിയും കാത്തിരിക്കും. പരാജയങ്ങൾക്ക് ഞങ്ങളെ തകർക്കാനാവില്ല കാരണം തീയിൽ കുരുത്തത് അങ്ങനെയൊന്നും വെയിലത്ത് വാടാൻ പോകുന്നില്ല. എല്ലാ അവസ്ഥയിലും ഈ ക്ലബ്ബിനെ നെഞ്ചോട് ചേർത്ത് നിർത്തിയ ചുരുക്കം ചിലരുണ്ട്. ജീവനോളം ബ്ലാസ്റ്റേഴ്സിനെ സ്നേഹിച്ച ചിലർ, ഒരു ദുരവസ്ഥയിലും ടീമിനെ തള്ളിപ്പറയാത്തവർ. അവരുടേത് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ്, അവർ തന്നെയാണ് കേരള ബ്ലാസ്റ്റഴ്സ് ! കാലത്തിന്റെ കാവ്യനീതിക്കായി കാത്തിരിക്കുന്നവർ!

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply