കേരളാ ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം പ്രശാന്ത് മോഹന് ഇന്ന് ഇരുപത്തി നാലാം പിറന്നാൾ

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ഇന്ന് സാക്ഷാൽ ലയണൽ മെസ്സിയുടെ ജന്മദിനം ആഘോഷിക്കുന്ന തിരക്കിലായിരിക്കും. എന്നാൽ നമ്മുടെ കൊച്ചു കേരളത്തിലെ ഒരു ഫുട്ബോൾ കളിക്കാരന്റെ കൂടെ ജന്മദിനമാണ് ജൂണ് 24 ആയ ഇന്ന്. കേരളാ ബ്ലാസ്റ്റേഴ്സിന്റെ വിങ്ങറായ പ്രശാന്ത് മോഹനാണ് ആ താരം. നിരവധിയനവധി വിമർശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെങ്കിലും അതിൽ ഉൾക്കൊള്ളേണ്ടത് ഉൾകൊണ്ടും തള്ളികളയേണ്ടത് തള്ളികളഞ്ഞും തന്റെ പരിമിതികളെ തരണം ചെയ്യാനായി കഠിനാധ്വാനം ചെയ്യുന്ന കളിക്കാരിൽ ഒരാളാണ് പ്രശാന്ത്. ചെറുപ്പകാലത്ത് ഒരു ഓട്ടക്കാരനായിരുന്നു പ്രശാന്ത്. സ്റ്റേറ്റ് ചാംപ്യന്ഷിപ്പിലടക്കം പങ്കെടുത്ത് മെഡലും കരസ്ഥമാക്കിയിട്ടുണ്ട്. 2008 ൽസഹോദരനായ പ്രമോദാണ് പ്രശാന്തിനെ ഫുട്ബോൾ ലോകത്തേക്ക് കൈ പിടിച്ചു കൊണ്ടുവരുന്നത്. താരത്തിന്റെ ഇടത്തെ കയ്യിൽ ഇതുമായി ബന്ധപ്പെട്ട ടാറ്റൂവും അടിച്ചിട്ടുണ്ട്. കേരളാ U14 ടീമിന്റെ ഭാഗമായിട്ടുണ്ട്.കൂടാതെ U20 ഇന്ത്യൻ ടീമിന് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്. ബ്രസീലിയൻ താരം നെയ്മറെ ഏറെ ഇഷ്ടപ്പെടുന്ന പ്രശാന്ത് റൈറ്റ് വിങ്ങറായും റൈറ്റ് ബാക്കായും കളിക്കാൻ കഴിയുന്ന താരമാണ്. കളിയുടെ മുഴുവൻ സമയവും അദ്ധ്വാനിച്ചു കളിക്കുന്ന ഒരു താരമാണ് പ്രശാന്ത്. ചടുലമായ പല നീക്കങ്ങളും നടത്തുമെങ്കിലും അതിൽ ഭൂരിഭാഗവും അലക്ഷ്യമായി പോവുന്നതാണ് പ്രശാന്തിന്റെ പോരായ്മ. AIFF ന്റെ എലൈറ്റ് അക്കാഡമിയിൽ പരിശീലനം നേടിയിട്ടുണ്ട്. കൂടാതെ DSK ശിവാജിയൻസിന്റെയും ഭാഗമായിരുന്നു പ്രശാന്ത്. ISL മൂന്നാം സീസണിലാണ് പ്രശാന്ത് കേരളാ ബ്ലാസ്റ്റേഴ്‌സുമായി കരാറിലെത്തുന്നത്. എന്നാൽ ആ സീസണിൽ ഒരു മത്സരത്തിൽ പോലും താരത്തിന് കളിക്കളത്തിലിറങ്ങാൻ സാധിച്ചിരുന്നില്ല. പിന്നീട് 2017ൽ ചെന്നൈ സിറ്റിയിലേക്ക് ലോണിൽ പോയ താരം സാമാന്യം ബേധപെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. ജനുവരി 12 നു ചെന്നൈ സിറ്റിയുമായി കരാർ ഒപ്പിട്ട താരത്തിന്റ കരിയറിലെ ആദ്യ ഗോൾ പിറന്നത് മാർച്ച് 12നു ഇന്ത്യൻ ഫുട്ബോളിലെ വമ്പന്മാരായ ഈസ്റ്റ് ബംഗാളിനെതിരെയായിരുന്നു. പ്രശാന്ത് കളിയുടെ തൊണ്ണൂറ്റി രണ്ടാം മിനിറ്റിൽ നേടിയ ഗോൾ ചെന്നൈ സിറ്റിക്ക് വിജയം സമ്മാനിക്കുകയായിരുന്നു.
നാലാം സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് നിലനിർത്തിയ താരങ്ങളിൽ ഒരാളായിരുന്നു പ്രശാന്ത്. ആദ്യ മത്സരത്തിൽ ATKയ്ക്കെതിരെ കളിയുടെ 80ം മിനിറ്റിലാണ് പ്രശാന്തിന്റെ ISL അരങ്ങേറ്റം. കേരളാ ബ്ലാസ്റ്റേഴ്സിനു വേണ്ടി 2018ൽ നടന്ന സൂപ്പർ കപ്പിൽ നെരോക്കയ്ക്കെതിരെ ഗോളും നേടിയിട്ടുണ്ട്. എന്നാൽ ആ മത്സരം കേരളാ ബ്ലാസ്റ്റേഴ്‌സ് തോറ്റിരുന്നു. 2018-19 സീസണിൽ ക്ലബ്ബിനായി 11 മത്സരങ്ങൾ കളിക്കാൻ അദ്ദേഹത്തിന് സാധിച്ചു. തൊട്ടടുത്ത സീസണിലും ക്ലബ്ബിനായി 12 മത്സരങ്ങൾ കളിച്ച താരം നിർണായക അസിസ്റ്റുകളും നൽകിയിട്ടുണ്ട്. കേരളാ ബ്ലാസ്റ്റേഴ്സിനായി സൂപ്പർ കപ്പിലുൾപ്പടെ 46 മത്സരങ്ങൾ കളിച്ച താരം 1 ഗോളും 2 അസിസ്റ്റുകളും നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണുകളിലെ മലയാളി കളിക്കാരെ എടുത്ത് നോക്കിയാൽ ഏറ്റവും സീനിയോറിറ്റി ഉള്ളത് ഒരുപക്ഷെ പ്രശാന്ത്‌ എന്ന കളിക്കാരനായിരിക്കും. ഒരുപാട് കളിക്കാർ ടീമിൽ വന്നു പോയിട്ടുണ്ടെങ്കിലും പ്രശാന്ത് എന്ന പ്ലേയർ കഴിഞ്ഞ അഞ്ച് സീസണുകളിലും ടീമിനോടൊപ്പമുണ്ട്. അദ്ദേഹത്തിന്‌ എന്തോ ഒരു പ്രത്യേകത കോച്ചുമാർ ശ്രദ്ദിച്ചിട്ടുണ്ടാവാം . അതിൻറെ ഉത്തമ ഉദാഹരണമാണ്‌ ടീമിലേക്കു വരുന്ന കോച്ചുമാർ അദ്ദേഹത്തിനു കളിക്കാൻ സമയം നൽകുകയും ടീമിൽ ഉൾപ്പെടുത്തുകയും ചെയ്‌തിരുന്നത്‌ . വേഗത തന്നെയാണ് ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ സവിശേഷത. വിങ്ങുകളിലൂടെ ശരവേഗത്തിൽ മുന്നേറ്റങ്ങൾക് ചുക്കാൻ പിടിക്കുകയും പിന്നോട്ട് ഇറങ്ങി പ്രതിരോധത്തെ സഹായിക്കുകയും ചെയ്യുന്ന വ്യക്തി ആണ് ഇദ്ദേഹം. കഠിനാദ്ധ്വാനം,അച്ചടക്കം, അർപ്പണബോധം എന്നിവ ഇദ്ദേഹത്തെ വേറിട്ടതാക്കുന്നു. ട്രെയിനിങ്ങുകളിലെ കഠിനാധ്വാനം കൊണ്ട് തന്നെ ആണ് അദ്ദേഹത്തിൽ കോച്ചുമാർ കൂടുതൽ പ്രതീക്ഷ അർപ്പിക്കുന്നതും. വരും സീസണിൽ നല്ല പ്രകടനം കാഴ്ചവെക്കാൻ കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം. നിലവിൽ 2023 വരെയാണ് പ്രശാന്തിന്റെ ക്ലബ്ബ്മായുള്ള കരാർ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply