പ്രശസ്ത ഐവറി കോസ്റ്റ് താരം വിൽഫ്രഡ് ബോണി ISL ൽ കളിക്കാൻ ഉള്ള സാധ്യതകൾ സജീവമാകുന്നു. കേരളാ ബ്ലാസ്റ്റേഴ്‌സ് ഉൾപ്പടെയുള്ള 4 ISL ക്ലബ്ബുകളുമായി ബോണിയുടെ ഏജന്റ് ചർച്ചകൾ നടത്തുന്നുണ്ട്. നിലവിൽ 11 കോടിയോളം രൂപയാണ് ഇദ്ദേഹത്തിന്റെ മാർക്കറ്റ് മൂല്യം . താരം ഇന്ത്യയിലേക്ക് വരുകയാണെങ്കിൽ ലീഗിന്റെ ചരിത്രത്തിലെ തന്നെ വിലയേറിയ കളിക്കാരനാകുമെന്ന കാര്യത്തിൽ തർക്കമില്ല. ഐവറി കോസ്റ്റിനായി 56 മത്സരങ്ങൾ കളിച്ച ബോണി 16 ഗോളുകളും നേടിയിട്ടുണ്ട്. ക്ലബ്ബ് തലത്തിൽ മാഞ്ചസ്റ്റർ സിറ്റി, സ്വാൻസിയ സിറ്റി, സ്റ്റോക്ക് സിറ്റി, അൽ അറബി, സ്പാർട്ട പ്രാഗ തുടങ്ങിയ പ്രമുഖ ക്ലബ്ബുകൾക്ക് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്.
ISSIA WAZI എന്ന ഐവറി കോസ്റ്റ് ക്ലബ്ബിൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് സ്പാർട്ട പ്രാഗയിലേക്ക് ചേക്കേറി. സ്പാർട്ട പ്രാഗയെ 2009-10 സീസണിൽ ചെക്ക് ഫസ്റ്റ് ഡിവിഷൻ ക്ലബ്ബിൽ ചാമ്പ്യന്മാർ ആക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു. 2011 ൽ ഡച്ച് ക്ലബായ Vitesse യിലേക്ക് പോയ താരം 2012-13 സീസണിലെ ടോപ്പ് സ്‌കോറർ ആവുകയും ചെയ്തു. ശേഷം £12 മില്യൺ നു പ്രീമിയർ ലീഗ് ക്ലബായ സ്വാൻസീ സിറ്റിയിലേക്ക് കൂടുമാറി. സ്വാൻസീ സിറ്റിക്കായി 70 മത്സരങ്ങളിൽ നിന്നും 35 ഗോളുകൾ നേടിയ ബോണി മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറി.
£28 മില്യൺ നു ആണ് ആ കരാർ നടന്നത്. എന്നാൽ പ്രശസ്ത പരിശീലകർ പെപ് ഗർഡിയോള മാഞ്ചസ്റ്റർ സിറ്റിയിൽ കോച്ച് ആയി വന്നതിനു ശേഷം ഗെയിം ടൈം കിട്ടാതിരുന്ന ബോണി 2016 പകുതി ആയപ്പോഴേക്കും സ്റ്റോക്ക് സിറ്റിയിലേക്ക് ലോൺ ൽ പോയി. 2017 ൽ സ്വാൻസീ സിറ്റിയിൽ തിരിച്ചെത്തിയ താരം അൽ അറേബ്യയിൽ ലോൺ ൽ കളിച്ചിരുന്നു. 2020 ൽ അൽ ഇത്തിഹാദിനായി കരാർ ഒപ്പിട്ട താരം 10 മാസങ്ങളിൽ വെറും 10 മത്സരങ്ങൾ കളിച്ചതിനു ശേഷം ക്ലബ്ബ് വിടുകയായിരുന്നു. നിലവിൽ ഫ്രീ ഏജന്റ് ആണ് ബോണി.
ഐവറി കോസ്റ്റിനായി ആഫ്രിക്ക നേഷൻസ് കപ്പ്, ഫിഫ ലോകകപ്പ് എന്നീ ടൂര്ണമെന്റുകളിൽ കളിച്ചിട്ടുണ്ട്. ISL ൽ മാർക്യു താരങ്ങൾക്കായി ചിലവഴിക്കുന്ന തുക സാലറി ക്യാപ് ൽ ഉൾപെടുത്താത്തതിനാൽ ബോണിയെ സൈൻ ചെയ്യാവുന്നതാണ്. എന്നിരുന്നാലും ഫുട്ബോൾ ലോകത്തെ ഒട്ടാകെ കോവിഡ് പ്രതികൂലമായി ബാധിച്ചിരിക്കുന്ന ഈ സന്ദർഭത്തിൽ ഇത്തരം വിലയേറിയ കരാറുകൾ നടത്താൻ ക്ലബ്ബുകൾ താൽപര്യപ്പെടുമോ എന്നു കാത്തിരുന്നു കാണാം.
Leave a reply