സന്തോഷ് ട്രോഫി; കേരള ടീമിന്റെ പരിശീലകർ തയ്യാർ

സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ കേരള യുണൈറ്റഡ് പരിശീലകൻ ബിനോ ജോർജ് പരിശീലിപ്പിക്കും. ടി.ജി പുരുഷോത്തമനാണ് സഹ പരിശീലകൻ. വിവരം കേരള ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. വരുന്ന നവംബറിൽ, കേരളത്തിൽ വച്ചാണ് സന്തോഷ് ട്രോഫി നടക്കുക.

ഐലീഗ് രണ്ടാം ഡിവിഷനിൽ കളിക്കാനൊരുങ്ങുന്ന കേരള യുണൈറ്റഡിന്റെ പരിശീലകനായി അടുത്തിടെയാണ് ബിനോ ജോർജ് നിയമിതനായത്. ആദ്യ കാലങ്ങളിൽ ഗോകുലം കേരള പരിശീലകനായിരുന്ന ബിനോ പിന്നീട് ക്ലബിന്റെ ടെക്നിക്കൽ ഡയറക്ടർ ആയിരുന്നു. കഴിഞ്ഞ സീസണിൽ ഗോകുലം ഐലീഗ് ചാമ്പ്യന്മാരായതിനു പിന്നാലെ ബിനോ ക്ലബ് വിടുകയായിരുന്നു.

44കാരനായ ബിനോ വിവ കേരളയുടെ സഹപരിശീലകനായാണ് കോച്ചിങ് കരിയർ തുടങ്ങുന്നത്. ക്വാർട്ട്സ് എഫ്സി, യുണൈറ്റഡ് കൊൽക്കത്ത, കേരള സംസ്ഥാന ഫുട്ബോൾ ടീം തുടങ്ങിയ ടീമുകളെയൊക്കെ ബിനോ പിന്നീട് പരിശീലിപ്പിച്ചിട്ടുണ്ട്. മുഹമ്മദൻ, എഫ്സി കൊച്ചിൻ തുടങ്ങിയ ക്ലബുകൾക്കായി കളിച്ചിട്ടുള്ള താരം കൂടിയാണ് ബിനോ.

നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ റിസേർവ് ടീം പരിശീലകനായ ടി.ജി പുരുഷോത്തമനാണ് കേരള ടീമിന്റെ സഹ പരിശീലകൻ. ഡെമ്പോ, മഹീന്ദ്ര യുണൈറ്റഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകോർ, വിവ കേരള തുടങ്ങിയ ടീമുകൾക്കായി കളിച്ചിട്ടുള്ള താരമാണ് ടി.ജി പുരുഷോത്തമൻ. നാഷണൽ ഫുട്ബോൾ ലീഗ്, ഡ്യൂറൻഡ് കപ്പ്, ഫെഡറേഷൻ കപ്പ് എന്നിവ നേടിയയിട്ടുള്ള ടി.ജി പുരുഷോത്തമൻ 2001ൽ സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമിന്റെയും ഭാഗമായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് റിസേർവ് ടീമിൽ എത്തും മുൻപ് എഫ്.സി.കേരളയേയും ടി.ജി പുരുഷോത്തമൻ പരിശീലിപ്പിച്ചിട്ടുണ്ട്.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply