നിലവിലെ ഐഎസ്എൽ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്സി പുതിയ സീസണിൽ എഫ്സി ഗോവയ്ക്കെതിരെ ഇന്ന് കളത്തിലിറങ്ങും. ഐഎസ്എൽ കപ്പും ലീഗ് വിന്നേഴ്സ് ഷീൽഡും കരസ്ഥമാക്കി രാജകീയമായാണ് മുംബൈ കഴിഞ്ഞ സീസൺ അവസാനിപ്പിച്ചത്. എഫ്സി ഗോവയും കഴിഞ്ഞ സീസണിൽ ഒട്ടും മോശമായിരുന്നില്ല. ഇരു ടീമുകളും പരസ്പരം കിട പിടിക്കാൻ കഴിവുള്ളവർ തന്നെയാണ്.
നേടിയതൊന്നും നഷ്ടപ്പെടുത്തരുതെന്ന ദൃഢനിശ്ചയത്തോടെയാവും മുബൈ പുതിയ സീസണിന് തുടക്കമിടുന്നത്. നേടിയെടുത്ത ഐഎസ്എൽ കപ്പും ലീഗ് വിന്നേഴ്സ് ഷീൽഡും നിലനിർത്തുകയെന്ന വലിയൊരു വെല്ലുവിളി അവർക്ക് മുന്നിലുണ്ട്. എന്നാൽ കഴിഞ്ഞ സീസണിൽ അവരെ ഈ നേട്ടത്തിലെത്തിച്ച കോച്ച് സെർജിയോ ലൊബേറ ടീം വിടുകയുണ്ടായി. തുടർന്ന് ഒക്ടോബർ 8-നാണ് ഡെസ് ബക്കിങ്ങ്ഹാം എന്ന ഇംഗ്ലീഷ് പരിശീലകൻ പകരക്കാരനായി ചുമതലയേറ്റത്. ടീമിലെ പ്രധാനികളായിരുന്ന ഹ്യൂഗോ ബൗമസ്, ആദം ലെ ഫോന്ദ്രെ, അമരീന്ദർ സിങ്, ഓഗ്ബച്ചെ തുടങ്ങിയവർ ക്ലബ്ബ് വിട്ടപ്പോൾ കഴിഞ്ഞ സീസണിലെ ഗോൾഡൻ ബൂട്ട് വിന്നർ ഇഗോർ അംഗുലോ, എമേർജിങ് പ്ലെയർ അപുയിയ തുടങ്ങിയവരെ ടീമിലെത്തിച്ചിട്ടുണ്ട്. വൈകിയെത്തിയ പുതിയ പരിശീലകന്റെ ശൈലിയോട് താരങ്ങൾ എത്രത്തോളം ഇണങ്ങിയെന്ന് ഇന്നത്തെ മത്സരത്തോടെ മനസ്സിലാക്കാം.
മികച്ച പ്രീ സീസണിന്റെയും തോൽവിയറിയാതെയുള്ള ഡ്യൂറന്റ് കപ്പ് നേട്ടത്തിന്റെയും ആത്മവിശ്വാസത്തിലാവും എഫ്സി ഗോവ കളിക്കാനെത്തുന്നത്. കഴിഞ്ഞ ഐഎസ്എൽ സീസണിലും മികച്ച പ്രകടനം കാഴ്ചവച്ച എഫ്സി ഗോവ നാലാം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്. തുടർന്ന് സ്പാനിഷ് കോച്ച് യുവാൻ ഫെറാണ്ടോയെയും വിദേശ താരങ്ങളുൾപ്പടെ നിരവധി പ്രധാന താരങ്ങളെയും ക്ലബ്ബ് നിലനിർത്തി. ഡിലൻ ഫോക്സ്, ഐറാം കബേറ എന്നിവരാണ് എഫ്സി ഗോവയുടെ പുതിയ വിദേശ താരങ്ങൾ. പ്രതീക്ഷ നൽകുന്നൊരു യുവ ഇന്ത്യൻ നിരയും എഫ്സി ഗോവയ്ക്ക് അവകാശപ്പടാനുണ്ട്. മുഹമ്മദ് നെമിൽ, ക്രിസ്റ്റി ഡേവിസ് എന്നിവർ ടീമിലെ മലയാളി സാന്നിധ്യങ്ങളാണ്.
ഇരു ടീമുകളും പരസ്പരം പതിനെട്ട് മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ വിജയം ഏഴ് തവണ ഗോവയോടൊപ്പമായിരുന്നു. അഞ്ച് തവണ മുംബൈ വിജയിക്കുകയും ആറ് മത്സരങ്ങൾ സമനിലയിൽ കലാശിക്കുകയും ചെയ്തു.
ഇന്ന് രാത്രി ഇന്ത്യൻ സമയം 7:30 ന് ഫട്ടോർഡ സ്റ്റേഡിയത്തിലാണ് മത്സരം. മുംബൈ സിറ്റി എഫ്സിയുടെ ഹോം മാച്ച് ആയാണ് ഈ മത്സരം കണക്കാക്കുന്നത്. ഇന്ത്യയിലെ രണ്ട് വമ്പൻ ക്ലബ്ബുകൾ ഏറ്റുമുട്ടാനെത്തുമ്പോൾ പോരാട്ട വീര്യം ഒട്ടും ചോരാതെയുള്ള മത്സരത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.
~Jumana Haseen K
Leave a reply