എടികെഎംബി – ഐഎസ്എല്ലിലെ മുറിവേറ്റ സിംഹങ്ങൾ. കഴിഞ്ഞ സീസണിൽ കൺമുന്നിൽ അവർക്ക് വഴുതിപ്പോയത് ഐഎസ്എൽ കപ്പും ലീഗ് വിന്നേഴ്സ് ഷീൽഡുമാണ്. അതിനാൽ തന്നെ രണ്ടും കൽപിച്ച് കണക്ക് തീർക്കാനൊരുങ്ങി തന്നെയാവും മറൈനേഴ്സിന്റെ വരവ്.2020-ലെ എടികെയും മോഹൻ ബഗാനും തമ്മിലുള്ള ലയനത്തിനുശേഷം ക്ലബിന്റെ രണ്ടാമത്തെ സീസണായിരിക്കും 2021–22 സീസൺ.
ഹൈദരാബാദ് എഫ്സിയിൽ നിന്നും യുവ താരം ലിസ്റ്റൻ കൊളാക്കോയെ ടീമിലെത്തിച്ചു കൊണ്ടാണ് എടികെഎംബി പുതിയ സീസണിന് തുടക്കമിട്ടത്. തുടർന്ന് ഫിൻലാന്റ് ഇന്റർനാഷണൽ ജോണി കൗക്കോയെയും മുംബൈ സിറ്റി എഫ്സിയിൽ നിന്നും ഹ്യൂഗോ ബൗമസിനെയും ടീമിലെത്തിച്ചു. മുംബൈ സിറ്റിയിൽ നിന്നും ഗോൾകീപ്പർ അമരീന്ദർ സിങ്ങും ചെന്നൈയിൻ എഫ്സിയിൽ നിന്നും ദീപക് ടാൻഗ്രിയും നോർത്ത് ഈസ്റ്റ് യുണൈറ്റസിൽ നിന്നും അഷുതോഷ് മെഹ്തയും ശേഷം യുവതാരം ബിദ്യാനന്ദ സിങ്ങും ടീമിനൊപ്പം ചേർന്നു. ബ്രാഡ് ഇൻ മാൻ, എഡു ഗാർഷ്യ, ഹാവി ഹെർണാണ്ടസ് തുടങ്ങിയ വിദേശ താരങ്ങൾ ടീം വിട്ടപ്പോൾ റോയ് കൃഷ്ണ, ഡേവിഡ് വില്ല്യംസ്, തിരി, കാൾ മക്യൂഗ് എന്നിവരെ നിലനിർത്തി. ഇതിനിടെ എടികെഎംബി ഡിഫന്റർ ആയിരുന്ന ഇന്ത്യൻ താരം സന്ദേശ് ജിങ്കൻ ക്രൊയേഷ്യൻ ക്ലബ്ബ് ആയ എച്ച്എൻകെ സിബെനിക്ക് ലേക്ക് ചേക്കേറിയിരുന്നു.
എടികെഎംബിയുടെ 2021-22 സ്ക്വാഡിന് എഎഫ്സി കപ്പിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി അധിക പരിശീലനം ലഭിച്ചു. രണ്ട് ജയവും ഒരു സമനിലയും നേടി തോൽവിയറിയാതെ ഗ്രൂപ്പ് ഡി-യിൽ ഒന്നാമതായി എടികെ മോഹൻ ബഗാൻ എഎഫ്സി കപ്പ് ഇന്റർ സോൺ സെമി ഫൈനലിൽ പ്രവേശിച്ചു. എന്നാൽ സെമി ഫൈനലിൽ ഉസ്ബെക്കിസ്ഥാൻ വമ്പന്മാരായ നസഫ് എഫ്സിയോട് എതിരില്ലാത്ത ആറ് ഗോളുകൾക്ക് തോൽവി വഴങ്ങേണ്ടി വന്നു. ശേഷം ഒക്ടോബർ അവസാനത്തോടെ ഐഎസ്എൽ തയ്യാറെടുപ്പിനായി ടീം ഗോവയിൽ ഒത്തുകൂടി. ഗോവയിൽ പരിശീലനം നടത്തിയെങ്കിലും പ്രീ-സീസൺ സൗഹൃദ മത്സരങ്ങളൊന്നും കളിച്ചില്ല. കഴിഞ്ഞ സീസൺ പോലെ തന്നെ ഇന്റർ സ്ക്വാഡ് സൗഹൃദ മത്സരങ്ങളാണ് ഐഎസ്എൽ തയ്യാറെടുപ്പിനായി ക്ലബ്ബ് തിരഞ്ഞെടുത്തത്. കൽക്കട്ട ഫുട്ബോൾ ലീഗിൽ നിന്നും ഡ്യൂറന്റ് കപ്പിൽ നിന്നും എടികെഎംബി വിട്ട് നിൽക്കുകയായിരുന്നു.
ഐഎസ്എല്ലിൽ ഏറ്റവും കരുത്തുറ്റ വിദേശ നിരയുള്ള ടീമുകളിലൊന്നാണ് എടികെ മോഹൻ ബഗാൻ. കൗക്കോ ഉൾപ്പടെയുള്ള താരങ്ങളുടെ പരിചയ സമ്പത്ത് ടീമിനേറെ ഗുണം ചെയ്യും. എടികെഎംബിയുടെ ഇന്ത്യൻ നിരയും ഒട്ടും മോശമല്ല. കഴിവ് തെളിയിച്ച നിരവധി ഇന്ത്യൻ താരങ്ങളെയും പ്രഗത്ഭരായ യുവ താരങ്ങളെയും ടീമിലെത്തിച്ചിട്ടുണ്ട്. മുംബൈ സിറ്റിയുടെ വിജയത്തിൽ മുഖ്യ പങ്ക് വഹിച്ച ഹ്യൂഗോ ബൗമസിനെ സ്വന്തമാക്കിയതിലൂടെ എതിരാളികളെ ക്ഷയിപ്പിക്കാനും ടീമിനെ ശക്തിപ്പെടുത്താനും അവർ ലക്ഷ്യമിടുന്നു. കോച്ച് ഹബാസിന്റെ ഡിഫൻസീവ് ടാക്ടിക്സിനെ തൃപ്തിപ്പെടുത്തുന്ന ഉഗ്രൻ പ്രതിരോധ നിരയും ഇവർക്കുണ്ട്. എന്നിരുന്നാലും സന്ദേശ് ജിങ്കന്റെ അഭാവം ടീമിനൊരു നഷ്ടം തന്നെയായിരിക്കും.
കഴിഞ്ഞ രണ്ട് സീസണിലും അർഹതപ്പെട്ട ‘ഗോൾഡൻ ബൂട്ട് ‘ നഷ്ടപ്പെട്ടത്തിനാൽ എതിരാളികൾക്ക് തലവേദനയുണ്ടാക്കുന്ന അപകടകാരിയായ റോയ് കൃഷ്ണയെ തന്നെ ഈ സീസണിൽ നമുക്ക് പ്രതീക്ഷിക്കാം.
നവംബർ 19 വെള്ളിയാഴ്ച്ച രാത്രി 7:30 ന് ഐഎസ്എൽ ഉദ്ഘാടന മത്സരത്തിൽ ചിരവൈരികളായ കേരള ബ്ലാസ്റ്റേഴ്സിനെ എടികെഎംബി നേരിടും. മൂന്ന് തവണ ഐഎസ്എൽ ചാമ്പ്യൻമാരായതിന്റെ പാരമ്പര്യം എടികെയ്ക്കുണ്ട്. രണ്ട് തവണ ഫെെനലിലും സ്ഥിരമായി ഉദ്ഘാടന മത്സരങ്ങളിലും ഏറ്റുമുട്ടുന്ന രണ്ട് ടീമുകളുടെയും മത്സരങ്ങൾ ഇന്ത്യൻ എൽ- ക്ലാസിക്കോ ആയി ആരാധകർ കണക്കാക്കുന്നു. ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ഉദ്ഘാടന മത്സരത്തിൽ തീ പൊരി പാറുമെന്ന് തന്നെ പ്രതീക്ഷിക്കാം. എടികെഎംബി യുടെ കരുത്തിൽ വിശ്വാസവും പ്രതീക്ഷയും അർപ്പിച്ച് നല്ലൊരു സീസണിനായി കാത്തിരിക്കുകയാണ് ആരാധകർ.
~ Jumana Haseen K
Leave a reply