വിജയതുടക്കവുമായി ചെന്നൈയിൻ എഫ്.സി

ആദ്യമത്സരത്തിൽ ഹൈദരാബാദിനെ പരാജയപ്പെടുത്തി മുൻ ഐഎസ്എൽ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്.സി(1-0). ഹങ്കേറിയൻ താരം വ്ളാദിമിർ കോമൻ നേടിയ പെനാൽറ്റി ഗോളാണ് മത്സരത്തിന്റെ വിധിയെഴുതിയത്.

പരസ്പര ബഹുമാനത്തോടെയാണ് ഇരുടീമുകളും കളിയാരംഭിച്ചത്. എതിരാളികളെ പഠിച്ച് അതിനെതിരെയുള്ള അടവുകൾ പുറത്തെടുക്കുന്ന രീതിയാണ് രണ്ട് ടീമുകളും അവലംബിച്ചത്. എങ്കിലും ബോളിന്മേലുള്ള ആധിപത്യം കൂടുതലും ഹൈദരാബാദിനൊപ്പമായിരുന്നു. കഴിഞ്ഞ സീസണിൽ എവിടെ നിർത്തിയോ അവിടെനിന്നു തുടങ്ങുകയായിരുന്നു അവർ. കളി പത്തുമിനുട്ട് പ്രായമാകുന്നതിനു മുൻപുതന്നെ ഹൈദരാബാദിന് അവരുടെ വിങ്ങർ ഹാളിച്ചരൺ നർസാരിയെ സബ്സ്റ്റിട്യൂട്ട് ചെയ്യേണ്ടിവന്നു. കോർണർ ഡിഫെൻഡ് ചെയ്യുന്നതിനിടെ ക്യാപ്റ്റൻ ജാവോ വിക്ടറുമായി കൂട്ടിയിടിച്ചുണ്ടായ പരിക്കാണ് നർസാരിക്ക് വിനയായത്. പകരം നിഖിൽ പൂജാരി കളിക്കളത്തിലെത്തി.

മികച്ച അവസരങ്ങൾ തുറന്നെടുക്കാൻ ഹൈദരാബാദിന് കഴിഞ്ഞെങ്കിലും ഗോളിലേക്കെത്താൻ മാത്രം സാധിച്ചില്ല. ഓഗ്ബെച്ചേയ്ക്ക് മികച്ച രണ്ടവസരങ്ങൾ ലഭിച്ചെങ്കിലും അവ ഗോളാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. എടു ഗാർഷ്യ തന്റെ സ്വതസിദ്ധമായ കർവിങ് ഫ്രീകിക്കിലൂടെ ഹൈദരാബാദിനെ മുന്നിലെത്തിക്കാൻ ശ്രമിച്ചെങ്കിലും വിശാൽ കെയ്ത് അത് രക്ഷപ്പെടുത്തി. ആദ്യപകുതി ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.

രണ്ടാം പകുതിയുടെ തുടക്കംമുതൽ തന്നെ വീണ്ടും ആക്രമിച്ചുകളിച്ച ഹൈദരാബാദ് അവസരങ്ങൾ തുറന്നെടുത്തെങ്കിലും ലക്ഷ്യത്തിലേക്കാൻ കഴിഞ്ഞില്ല. ചെന്നൈ പതിയെ താളം കണ്ടെത്തിയെങ്കിലും ഗോൾ നേടാനാകാതെ അവരും വിഷമിച്ചു. ചാങ്തെ വലതുവിങ്ങിലൂടെ നടത്തിയ മുന്നേറ്റത്തിനൊടുവിൽ ലക്ഷ്യത്തിലേക്ക് ഷോട്ട് പായിച്ചെങ്കിലും കട്ടിമണി മികച്ച സേവിലൂടെ ഹൈദരാബാദിനെ രക്ഷിച്ചു.

അറുപതിയാറാം മിനുട്ടിൽ കളിയുടെ ഒഴുക്കിനെതിരെയാണ് ചെന്നൈയുടെ ഗോൾ വന്നത്. ക്യാപ്റ്റൻ അനിരുധ് ഥാപയെ ഹിതേഷ് ശർമ്മ ഫൗൾ ചെയ്തതിനാണ് ചെന്നൈയ്ക്കനുകൂലമായി റെഫറി പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത വ്ളാദിമിർ കോമൻ പിഴവുകളൊന്നും കൂടാതെ പന്ത് വലയിലെത്തിച്ചു(1-0). അവസാന നിമിഷങ്ങളിൽ സമനില ഗോൾ നേടാനായി ഹൈദരാബാദ് കിണഞ്ഞു ശ്രമിച്ചെങ്കിലും പൊരുതി തോൽക്കുകയായിരുന്നു അവർ.

ലൈനപ്പ്:-

HFC:-ലക്ഷ്മികാന്ത് കട്ടിമണി(GK), ആശിഷ് റായ്, ചിങ്ലെൻസന സിംഗ്, യുവാനാൻ, ആകാശ് മിശ്ര, ജാവോ വിക്ടർ(C), ഹിതേഷ് ശർമ്മ, ഹാളിച്ചരൺ നർസാരി, എടു ഗാർഷ്യ,മുഹമ്മദ് യാസിർ, ബർത്തലോമിയോ ഓഗ്ബെച്ചേ.

CFC:- വിശാൽ കെയ്ത്(GK), റീഗൻ സിംഗ്, സലാം രഞ്ജൻ സിംഗ്, സ്ലാവ്കൊ ഡാംജനോവിച്, നാരായൺ ദാസ്, അനിരുധ് ഥാപ(C), എരിയൽ ബോറിസുക്ക്, ലാലിയൻസുവാല ചാങ്തെ, വ്ളാദിമിർ കോമൻ, മിർലാൻ മുർസായെവ്, റഹിം അലി.

-NAVYA C

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply