നോർത്തീസ്റ്റിനെ കീഴടക്കി ചെന്നൈയിൻ എഫ്.സി

മുൻചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്. സിക്ക് വിജയം. നോർത്തീസ്റ്റിനെ രണ്ടിനെതിരെ ഒരു ഗോളിനാണ് അവർ തോല്പിച്ചത്. വിലപ്പെട്ട മൂന്നുപോയിന്റുകൾ കൂടെ സ്വന്തമാക്കിയ അവർ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്കുയർന്നു.

പതിഞ്ഞതാളത്തോടെയാണ് മത്സരം ആരംഭിച്ചത്. ഇരു ടീമുകളും തങ്ങളുടെ പ്രതിരോധനിര തുറന്നിടാതെയുള്ള ആക്രമണങ്ങൾക്കാണ് ശ്രമിച്ചത്. നോർത്തീസ്റ്റ് ഒന്നുരണ്ട് മുന്നേറ്റങ്ങൾക്ക് ശ്രമിച്ചെങ്കിലും ഒരുപാട് മുൻപിലേക്ക് പോകാൻ അവർക്കും കഴിഞ്ഞില്ല.

ലാലിയൻസുവാല ചാങ്തെ വലതുവിങ്ങിലൂടെ നടത്തിയ മുന്നേറ്റത്തിനൊടുവിൽ ഷോട്ട് എടുത്തെങ്കിലും സുഭാഷിഷ് കോർണർ വഴങ്ങി രക്ഷപ്പെടുത്തി. മറുപ്പുറത്തു ഗായെഗോയുടെ പാസ്സ് പിടിച്ചെടുത്ത് മുന്നേറ്റം നടത്താൻ അവരുടെ മാർട്ടിനിക്വീ താരം മത്തിയാസ് കൊറെയർ ശ്രമിച്ചെങ്കിലും അപകടം മനസിലാക്കിയ വിശാൽ കെയ്ത് മുൻപോട്ടുവന്ന് ബോൾ തന്റെ വരുതിയിലാക്കി. തൊട്ടടുത്ത നിമിഷം നാരായൺ ദാസ് നടത്തിയ കടുത്ത ഫൗളിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഗായെഗോയെ സബ്സ്റ്റിട്യൂട്ട് ചെയ്യേണ്ടതായി വന്നു നോർത്തീസ്റ്റിന്. പകരം പാട്രിക്ക് ഫ്ലോട്ട്മാൻ കളത്തിലിറങ്ങി.

ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടുപുൻപ് ചെന്നൈയിൻ ലീഡെടുത്തു(1-0). വലതുവിങ്ങിൽ നിന്നുവന്ന ഫ്രീകിക്ക് പ്രതിരോധിക്കുന്നതിൽ നോർത്തീസ്റ്റ് നടത്തിയ അലംഭാവമാണ് അവർക്ക് വിനയായത്. തട്ടിതെറിച്ചുവന്ന പന്ത് പിടിച്ചെടുത്ത ചാങ്തെ ലക്ഷ്യത്തിലേക്ക് തൊടുത്ത കനത്തഷോട്ട് വിശാലിനെയും മറികടന്ന് വലതൊട്ടു. ലീഡ് നേടിയതോടെ ശക്തിയാർജിച്ച ചെന്നൈ തുടരെ തുടരെ അക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും നോർത്തീസ്റ്റ് അവരെ ഫലപ്രദമായി പിടിച്ചുനിർത്തി.

രണ്ടാം പകുതി തുടങ്ങിയത് നോർത്തീസ്റ്റിന്റെ ഗോളിനായുള്ള ശ്രമങ്ങളിലൂടെയാണ്. നിരന്തരമായ അവരുടെ ശ്രമങ്ങൾ ഒടുവിൽ ഫലംകണ്ടു. അത്രയുംനേരം തന്റെ കോട്ട ഭദ്രമായി കാത്തുകൊണ്ടിരുന്ന വിശാലിനു ഒരുനിമിഷം പിഴച്ചു, ആ ഒരു നിമിഷം മതിയായിരുന്നു നോർത്തീസ്റ്റിനു കളിയിലേക്ക് തിരിച്ചുവരാൻ.ബോക്സിലേക്ക് വന്ന നീളൻ ത്രോയുടെ ദിശ മനസിലാക്കാൻ വിശാലിനു കഴിയാതെ വന്നപ്പോൾ ബോൾ സുഹൈറിന്റെ ദേഹത്തുതട്ടി ഗോൾവര കടന്നു(1-1). തൊട്ടടുത്ത നിമിഷം ലീഡ് നേടാനുള്ള അവസരം നോർത്തീസ്റ്റിനു ലഭിച്ചെങ്കിലും ഭാഗ്യം അവരെ തുണച്ചില്ല. മാപ്പുയ എടുത്ത ഷോട്ട് ക്രോസ്സ്-ബാറിലിടിച്ചു മടങ്ങി.

തുടർന്നും നോർത്തീസ്‌റ്റും ചെന്നൈയും ലീഡെടുക്കാൻ കിണഞ്ഞുശ്രമിച്ചെങ്കിലും ഇരുകൂട്ടർക്കും അതിനു സാധിച്ചില്ല. ചെന്നൈയിൻ ഇതിനിടയ്ക്ക് മുർസയെവിലൂടെ വലകുലുക്കിയെങ്കിലും ഓഫ്‌സൈഡ് വിളിക്കപ്പെട്ടു. 68ആം മിനുട്ടിൽ ഹെർണൻ സന്റാന ബോക്സിനുവെളിയിൽ നിന്ന് കടുത്തഷോട്ടിലൂടെ വിശാലിനെ മറികടക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അതിനെ മനോഹരമായി രക്ഷപ്പെടുത്തി.

എന്നാൽ ചെന്നൈ അവരുടെ ക്യാപ്റ്റനിലൂടെ ലീഡ് നേടി. വലതുവിങ്ങിലൂടെ കുതിച്ചുവന്ന ഥാപ്പ ബോക്സിന്റെ മൂലയിൽ നിന്നെടുത്ത ഷോട്ട് സുഭാഷിഷിന് ഒരവസരവും നൽകാതെ വലതൊട്ടു(2-1). നോർത്തീസ്റ്റാകട്ടെ തങ്ങളാൽ കഴിയുന്നവിധത്തിലെല്ലാം ശ്രമിച്ചെങ്കിലും ഗോളിലേക്കെത്താൻ കഴിയാതെ വിഷമിച്ചു. മധ്യനിരയിൽ കളിപിടിക്കാൻ ഹൈലാൻഡേഴ്‌സ് ശ്രമിച്ചെങ്കിലും ചെന്നൈയിൻ താരങ്ങളെല്ലാം അവസരത്തിനൊത്തുയർന്നതോടെ കളിയിൽ ആർക്കും ആധിപത്യം ഇല്ലെന്ന നിലയിലേക്ക് കാര്യങ്ങൾ മാറി.

ലൈനപ്പ്:

NEUFC:-സുഭാഷിഷ് റോയ് ചൗധരി(GK), പ്രൊവാട്ട് ലാക്ര, ഗുർജീന്ദർ കുമാർ, മഷൂർ ഷെരീഫ്, ഖാസ കമാറ(C), ഫെഡറിക്കോ ഗായെഗോ, ഹെർണൻ സന്റാന, പ്രഗ്യാൻ ഗൊഗോയ്, വി.പി സുഹൈർ, ലാൽദൻമാവിയ റാൽട്ടെ, മത്തിയാസ് കൊറെയർ.

CFC:- വിശാൽ കെയ്ത്(GK), റീഗൻ സിംഗ്, ജെറി ലാൽറിൻസുവാല, സ്ലാവ്കൊ ഡാംജനോവിച്, നാരായൺ ദാസ്, ലാലിയൻസുവാല ചാങ്ത്തെ, അനിരുധ് ഥാപ്പ(C), ഏരിയൽ ബോറിസുക്, മിർലാൻ മുർസയെവ്, വ്ളാഗിമിർ കോമൻ, റഹീം അലി.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply