അങ്കം മുറുക്കാൻ ദ്രോണാചാര്യയന്മാർ ഒരുങ്ങി

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിന് അരങ്ങുണരാൻ അൻപതിനടുത്തുമാത്രം ദിവസങ്ങൾ ബാക്കിനിൽക്കേ ക്ലബ്ബുകൾ എല്ലാം പ്രീസീസൺ തിരക്കുകളിൽ ആണ്. ഏഴാം സീസണിന് സമാനമായി ഇത്തവണയും ഗോവ എന്ന ഒറ്റവേദിയിൽ, കൃത്യമായ ബയോ-ബബിൾ പാലിച്ചാണ് ഐഎസ്എൽ നടത്തുവാൻ തീരുമാനിച്ചിട്ടുള്ളത്. 11 ടീമുകളാണ് ഇത്തവണയും കിരീടപോരാട്ടത്തിനും, ലീഗ് ചാമ്പ്യന്മാരാകുന്നതിനും വേണ്ടി പരസ്പരം പോരാടിക്കാനിറങ്ങുന്നത്.

ഈ 11 ടീമിൽ പല ടീമിന്റെയും തലപ്പത്തുള്ള ഹെഡ് കോച്ച് പട്ടത്തിന് പുതിയ അവകാശികൾ വന്നിട്ടുണ്ട്. ഡിഫെൻഡിംഗ് ചാമ്പ്യൻമാരായ മുംബൈ സിറ്റി എഫ്.സി, നിലവിലെ റണ്ണേഴ്സ്-അപ്പ്‌ എ.ടി.കെ മോഹൻ ബഗാൻ, കഴിഞ്ഞവർഷത്തെ സെമിഫൈനലിസ്റ്റുകളായ എഫ്.സി ഗോവ, നോർത്ത്ഈസ്റ്റ്‌ യുണൈറ്റഡ് എഫ്.സി എന്നിവരോടൊപ്പം ഹൈദരാബാദ് എഫ്.സിയും ജംഷെദ്പൂർ എഫ്.സിയും അവരുടെ കോച്ചുകളെ നിലനിർത്തിയപ്പോൾ ബംഗളുരു എഫ്.സിയും, കേരള ബ്ലാസ്റ്റേഴ്‌സും, ചെന്നൈയിനും, ഒഡിഷയും, എസ്.സി ഈസ്റ്റ്‌ ബംഗാളും പുതിയ പരിശീലകരെ നിയമിച്ചു. ഇവരെക്കുറിച്ചു വിശദമായി നോക്കാം….

അന്റോണിയോ ലോപ്പസ് ഹബാസ് – എ.ടി.കെ മോഹൻ ബഗാൻ എഫ്.സി

ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് അധികം പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത കോച്ചാണ് ഹബാസ്. 2014ലും, 2019-20 സീസണിലും എ.ടി.കെ എഫ്.സിയെ സൂപ്പർ ലീഗ് ചാമ്പ്യൻമാരാക്കിയ കോച്ചാണ് ഹബാസ്. വലൻസിയ, സെൽറ്റാ വിഗോ തുടങ്ങിയ ക്ലബ്ബുകളുടെ അസിസ്റ്റന്റ് കോച്ചായും, അത്ലെറ്റിക്കോ മാഡ്രിഡിന്റെ യൂത്ത് കോച്ചായും പ്രവർത്തിച്ചിട്ടുള്ള ഹബാസ് ബൊളീവിയൻ നാഷണൽ ടീമിന്റെ അസിസ്റ്റന്റ് കോച്ച് ആയിരുന്നു. ഐഎസ്എൽ 4ആം സീസണിൽ പൂനെ സിറ്റിയുടെ ഹെഡ് കോച്ച് ആയി നിയമിതൻ ആയെങ്കിലും ലീഗ് തുടങ്ങുന്നതിനുമുൻപ് തന്നെ സ്ഥാനം ഒഴിഞ്ഞു. ഇക്കഴിഞ്ഞ സീസണിൽ എ. ടി. കെ മോഹൻ ബഗാനെ റണ്ണേഴ്സ്-അപ്പ്‌ ആക്കിയ ഹബാസ് ഡിഫെൻസിനു ഊന്നൽ കൊടുക്കുന്ന കളിശൈലിയുടെ വക്താവാണ്. തന്റെ തന്ത്രങ്ങൾക്കുതകുന്ന താരങ്ങളെ വെച്ചുകളിച്ച് റിസൾട്ട്‌ ഉണ്ടാക്കിയെടുക്കുന്ന ഇദ്ദേഹം ഇത്തവണയും ഐഎസ്എൽ കിരീടം ലക്ഷ്യമിട്ട് തന്നെയാണ് ടീമിനെ ഒരുക്കിയിരിക്കുന്നത്.

മാർക്കോ പെസായിയോളി-ബംഗളുരു എഫ്.സി

ജർമ്മനിയിൽ ജനിച്ച് ഇറ്റാലിയൻ പൗര്വത്വം നേടിയ മാർക്കോ എയ്ൻട്രാക്ട് ഫ്രാങ്ക്ഫുർട്ടിന്റെ മുൻ ടെക്നിക്കൽ ഡയറക്ടർ ആയിരുന്നു. ജർമൻ നാഷണൽ ടീമിന്റെ യൂത്ത് വിഭാഗങ്ങളെ പരിശീലിപ്പിച്ചിട്ടുള്ള ഇദ്ദേഹം ഏഷ്യയിൽ ജപ്പാനിലും (സെരെസോ ഒസാക്ക ക്ലബ്‌), ചൈനയിലും കോച്ച് ആയും യൂത്ത് ഡെവലപ്പ്മെന്റ് ഡയറക്ടർ ആയും പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ്. ബംഗളുരുവിനെ എ.എഫ്.സി കപ്പിൽ കോച്ച് ചെയ്തത് മാർക്കോ ആയിരുന്നു. കഴിഞ്ഞ സീസണിൽ അപ്രതീക്ഷിത തോൽവികൾ ഏറ്റുവാങ്ങി പിൻതള്ളപ്പെട്ടുപോയ മുൻചാമ്പ്യൻമാരെ തിരിച്ചു കൊണ്ടുവരിക എന്ന പ്രയാസമേറിയ കടമ്പായാണ് മാർകോയ്ക്ക് മുൻപിലുള്ളത്.

ബോസിദാർ ബാൻഡോവിച്-ചെന്നൈയിൻ എഫ്.സി

ഗ്രീക്ക് ഫുട്ബോളിലൂടെ തന്റെ കോച്ചിംഗ് കരിയർ തുടങ്ങിയ ഈ സെർബിയൻ പരിശീലകൻ തുടർന്ന് ഒളിമ്പിയാക്കോസിന്റെ അസിസ്റ്റന്റ് കോച്ചും ഹെഡ് കോച്ചുമായി സേവനമനുഷ്ഠിച്ചു. അദേഹത്തിന്റെ ഏറ്റവും മികച്ച കോച്ചിങ് കരിയർ തായ് ക്ലബ്ബായ ബറിറാം യുണൈറ്റഡിനോടൊപ്പമുള്ളതാണ്. 2014ൽ ആദ്യമായി ബറിറാം കോച്ചായ അദ്ദേഹം ചെറിയ ഇടവേളയ്ക്ക് ശേഷം 2017ൽ തിരികെ ബറിറാമിൽ എത്തുകയും 2 തായ് പ്രീമിയർ ലീഗ് നേടുകയും അവരെ എ.എഫ്.സി ചാമ്പ്യൻസ് ലീഗിന്റെ റൗണ്ട് ഓഫ് 16ലേക്ക് ക്വാളിഫയ് ചെയ്ക്കുകയും ചെയ്ത്.2 വട്ടം ഐഎസ്എൽ കിരീടംമുയർത്തിയ ചെന്നൈയിൻ എഫ്.സിക്ക് ഈ സീസൺ അത്രയേറെ പ്രധാനമാണ്. മികച്ച കളിക്കാരെ സൈൻ ചെയ്തിട്ടുള്ള ക്ലബ്‌ ബാൻഡോവിചിന്റെ വരവോടെ ഒന്നുകൂടെ ശക്തിപ്രാപിക്കും എന്നത് ഉറപ്പാണ്.

മനോളോ ഡയസ്-എസ്.സി ഈസ്റ്റ്‌ ബംഗാൾ

മാഡ്രിഡിൽ ജനിച്ച് മാഡ്രിഡ്‌ വമ്പന്മാരായ റയൽ മാഡ്രിഡിനോടൊപ്പം പരിശീലക കരിയർ തുടങ്ങിയ വ്യക്തിയാണ് ഡയസ്. റയൽ മാഡ്രിഡിന്റെ ജുവനിൽ സ്‌ക്വാഡ് ഹെഡ് കോച്ച് ആയിരുന്ന ഇദ്ദേഹം റയലിന്റെ സി ടീമിനെയും, ബി ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. 2017ൽ റയലിന്റെ യൂത്ത് സിസ്റ്റം കോർഡിനേറ്ററായി ചുമതലയേറ്റ അദ്ദേഹം അവിടെ നിന്നാണ് ഈസ്റ്റ്‌ ബംഗാളിലേക്ക് എത്തുന്നത്. കഴിഞ്ഞ വർഷത്തെത്തിനു സമാനമായി അവസാനനിമിഷങ്ങളിലെ സൈനിങ്ങുകളിലൂടെ കെട്ടിപടുത്ത ടീമാണ് ഇത്തവണയും ഈസ്റ്റ്‌ ബംഗാൾ, എങ്കിലും ഒട്ടും മോശമല്ല അവരുടെ റിക്രൂട്മെന്റ്. ഈ സ്‌ക്വാഡിനൊപ്പം ഈസ്റ്റ്‌ ബംഗാളിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഡയസിന് കഴിയട്ടെ!

യുവാൻ ഫെറാണ്ടോ-എഫ്. സി ഗോവ

സ്പാനിഷ് ആക്രമണ ഫുട്ബോളിന്റെ വക്താവായ ഈ യുവപരിശീലകൻ ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് പ്രിയപ്പെട്ട കോച്ച് ആണ്. തന്റെ പതിനെട്ടാം വയസ്സിൽ കോച്ചിംഗ് കരിയർ തുടങ്ങിയ ഇദ്ദേഹം സ്പാനിഷ് ഫുട്ബോളിലൂടെ തന്നെയാണ് അരങ്ങേറിയത്. തുടർന്ന് ലാലിഗ ക്ലബ്ബായ മലാഗയുടെ ടെക്നിക്കൽ സ്റ്റാഫിൽ അംഗമായ ഇദ്ദേഹം അവിടുത്തെ യൂത്ത് ടീം കോച്ചുമായി. മോൾഡൊവൻ ക്ലബ്ബായ ഷെരിഫ് ടൈറസ്‌പോളിനെ ആദ്യമായി യു.സി.എൽ തേർഡ് ക്വാളിഫയിങ് റൗണ്ടിലെത്തിച്ചു. തുടർന്ന് ഗ്രീക്ക് ഫുട്ബോളിലും പരിശീലിപ്പിച്ചതിനു ശേഷമാണ് ഗോവയിൽ എത്തിയത്. ക്ലബ്ബിന്റെ ഫിലോസഫിക്ക് ഉതകുന്ന കളിശൈലികൊണ്ട് കഴിഞ്ഞ സീസണിൽ ഗോവയെ പ്ലേ-ഓഫിലെത്തിക്കാനും ഫെറണ്ടോയ്ക്കായി.

മാനുവൽ റോക്ക- ഹൈദരാബാദ് എഫ്.സി

കൃത്യമായ അറ്റാക്കിങ് ഫുട്ബോൾ സ്ട്രാറ്റജികൊണ്ടും, ഇന്ത്യൻ താരങ്ങളെ കൃത്യമായി വിനിയോഗിച്ചുകൊണ്ടുള്ള ഗെയിം പ്ലാൻ കൊണ്ടും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഏറെ പ്രശംസ നേടിയ കോച്ചാണ് മാനുവൽ റോക്ക. കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ ബാഴ്സലോണയിൽ നിന്ന് അവസരം വന്നപ്പോൾ ആ സ്ഥാനം ഏറ്റെടുത്ത ആൽബർട്ട് റോക്കയ്ക്ക് പകരക്കാരനായാണ് മാനുവൽ റോക്ക ഹൈദരാബാദിന്റെ തലപ്പത്തെത്തിയത്. സ്പെയിനിൽ നിന്ന് കോച്ചിംഗ് കരിയർ ആരംഭിച്ച ഇദ്ദേഹം എസ്പാന്യോൾ ബി ടീം, ലാസ് പാൽമാസ് ബി ടീം, ലാസ് പാൽമാസ് മെയിൻ ടീം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. തായ് ക്ലബ്ബായ രാച്ചാബുരിയിൽ നിന്നാണ് അദ്ദേഹം ഹൈദരാബാദിലെത്തിയത്. കഴിഞ്ഞ വർഷം അവസാന കലിയിലെ സമനിലയിലൂടെ നഷ്ടമായ പ്ലേ-ഓഫ്‌ തന്നെയാണ് ഇത്തവണ റോക്കയുടെയും ഹൈദരാബാദിന്റെയും ലക്ഷ്യമെന്നതിൽ സംശയമില്ല.

ഓവൻ കോയൽ-ജംഷെദ്പുർ എഫ്.സി

സ്കോലൻഡ് ക്ലബ്ബായ ഫാൽകിർക്കിലൂടെ കോച്ചിംഗ് കരിയർ തുടങ്ങിയ ഓവൻ ബേൺലി, ബോൾട്ടൻ വാൻഡറെഴ്സ്, വിഗാൻ അത്ലറ്റിക്, ബ്ലാക്ക്ബൺ റോവേഴ്സ്, റോസ്സ് കൗൺട്ടി തുടങ്ങിയ ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. 2019-20 സീസൺ മധ്യത്തിൽ ചെന്നൈയിൻ എഫ്.സിയുടെ പരിശീലകനായി ചുമതലയേറ്റ ഇദ്ദേഹം പിന്നീട് കാണിച്ചത് അക്ഷരാർത്ഥത്തിൽ മായാജാലമായിരുന്നു. അവസാന സ്ഥാനങ്ങളിൽ നിന്നിരുന്ന ചെന്നൈയിൻ എഫ്. സിയെ ആ സീസണിലെ ഫൈനലിസ്റ്റുകൾ ആക്കിയത് അദേഹത്തിന്റെ മാജിക്‌ ആയിരുന്നു. പിന്നീട് ജംഷെദ്പൂരിലേക്ക് കൂടുമാറിയെങ്കിലും ആറാം സ്ഥാനക്കാരായി സീസൺ അവസാനിപ്പിക്കുക ആയിരുന്നു.

ഇവാൻ വുകൊമാനോവിച്ച്-കേരള ബ്ലാസ്റ്റേഴ്‌സ്

സെർബിയയിൽ ജനിച്ച ബെൽജിയൻ പൗരത്വമുള്ള ഇവാൻ ബെൽജിയൻ ക്ലബ്ബായ സ്റ്റാൻഡേർഡ് ലീഗേയുടെ അസിസ്റ്റന്റ് കോച്ച് ആയാണ് തുടങ്ങിയത്. പിന്നീട് അതെ ടീമിന്റെ ഹെഡ് കോച്ച് ആവുകയും അവിടെ നിന്ന് സ്ലോവാക്കിയൻ ക്ലബ്ബായ സ്ലോവൻ ബ്രാറ്റിസ്ലാവയിലേക്ക് കൂടുമാറി. അവിടെനിന്ന് സ്ലോവാക്കൻ കപ്പ്‌ ടൈറ്റിൽ നേടിയ അദ്ദേഹം പിന്നീട് സൈപ്രസ് ടീമായ അപ്പോളോൺ ലിമസോളിന്റെ ഇന്ററിം ഹെഡ് കോച്ചായി ചുമതലയേറ്റു. കഴിഞ്ഞ നാല് സീസണുകളിലായി പ്ലേ-ഓഫ്‌ കാണാത്ത കേരള ടീമിന് മികച്ച റിസൾട്ട്‌ ഉണ്ടാക്കികൊടുക്കുക എന്നുള്ളതാണ് ഇവാന്റെ മുൻപിലുള്ള ദൗത്യം.

സെർജിയോ ലോബേര-മുംബൈ സിറ്റി എഫ്.സി

സ്പാനിഷ് ഫുട്ബോളിന്റെ ആവിഷ്ക്കാരത്തിലൂടെ ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് വളരെയേറെ പ്രിയപ്പെട്ട കോച്ചാണ് ലോബേര. 2017ൽ സിക്കോ ഒഴിച്ചിട്ട ഗോവയുടെ ഹെഡ് കോച്ച് എന്ന പദവിയിലേക്ക് കയറിയ ലോബേര ഗോവയെ ഇന്നുകാണുന്ന നിലയിൽ വളർത്തുന്നതിൽ മുഖ്യപങ്കുവഹിച്ച ആളാണ്. ബാഴ്സലോണയുടെ യൂത്ത് ടീം പരിശീലകനായും പിന്നീട് സീനിയർ ടീമിന്റെ അസിസ്റ്റന്റ് കോച്ചായും പ്രവർത്തിച്ചിട്ടുള്ള ലോബേര ഇന്ത്യയിലേക്ക് എത്തിയത് മോറോക്കൻ ക്ലബ്ബായ മോഗ്രെബ് തെത്വാനിൽ നിന്നാണ്. ഗോവയിൽ നിന്ന് മുംബൈയിലേക്ക് കൂടുമാറിയ അദ്ദേഹം മുംബൈക്ക് അവരുടെ ആദ്യ ഐഎസ്എൽ കിരീടവും ഒപ്പം പേഗ് ചാമ്പ്യൻഷിപ്പും നേടികൊടുത്തു. തൊട്ടതെല്ലാം പൊന്നാക്കിയ അദേഹത്തിന്റെ കഴിവിൽ വിശ്വാസമർപ്പിച്ചുകൊണ്ട് തന്നെയാണ് ഇത്തവണയും മുംബൈ കളത്തിലേക്കിറങ്ങാൻ പോകുന്നത്.

ഖാലിദ് ജമീൽ-നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്.സി

ഐഎസ്എൽ എട്ടാം സീസണിലെ ഏക ഇന്ത്യൻ കോച്ചാണ് ഖാലിദ്. താൻ അവസാനമായി കളിച്ച മുംബൈ എഫ്.സിയിലൂടെ തന്നെ കോച്ചിംഗ് കരിയർ ആരംഭിച്ച അദ്ദേഹം 2016-17 ഐലീഗ് സീസണിൽ ഐസ്വാളിനെ ജേതാക്കളാക്കി ചരിത്രം കുറിച്ചു. പിന്നീട് കൊൽക്കത്തൻ വമ്പന്മാരായ ഈസ്റ്റ്‌ ബംഗാളിനെയും, മോഹൻ ബഗാനെയും പരിശീലിപ്പിച്ച അദ്ദേഹം 2019 ലാണ് നോർത്ത്ഈസ്റ്റ്‌ യുണൈറ്റഡിന്റെ ഭാഗമാകുന്നത്. കഴിഞ്ഞ സീസണിൽ ജെറാർഡ് നസിനെ പുറത്താക്കിയതിനു ശേഷം ഇന്ററിം കോച്ചായി ചുമതലയേറ്റ അദ്ദേഹം ടീമിനെ പ്ലേ-ഓഫിലെത്തിച്ചു, ഒപ്പം അത്തരം നെറ്റിയം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ കോച്ചുമായി മാറി. ഇത്തവണയും ആ നേട്ടം ആവർത്തിക്കാനും ഒപ്പം ഒരുപടികൂടെ കടന്ന് ഐഎസ്എൽ വിജയിക്കുന്ന ആദ്യ ഇന്ത്യൻ കോച്ച് ആവാനും കൂടെയാവും ഖാലിദ് ജമീലിന്റെയും നോർത്ത്ഈസ്റ്റ്‌ യുണൈറ്റഡിന്റെയും ശ്രമങ്ങൾ.

കികോ റാമിരെസ്-ഒഡിഷ എഫ്.സി

2007ൽ സ്പാനിഷ് ക്ലബ്ബായ ജിംനാസ്റ്റിക്കിന്റെ യൂത്ത് ടീം കോച്ചും പിന്നീട് അസിസ്റ്റന്റ് കോച്ചുമായി പരിശീലനജീവിതം ആരംഭിച്ച റാമിരെസ് പോളിഷ് ലീഗിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കളിച്ചിരുന്ന കാലഘട്ടത്തിൽ ഫോർവേഡ് ആയിതിളങ്ങിയ അദ്ദേഹത്തിന് കോച്ചിംഗ് കരിയറിൽ പക്ഷെ മിശ്രഫലങ്ങളാണ് ലഭിച്ചിട്ടുള്ളത്. ലീഗിലെ അവസാനസ്ഥാനക്കാരായി കഴിഞ്ഞ സീസൺ ഒഡിഷ എഫ്സിയ്ക്ക് മുൻപോട്ട് കുതിക്കാനുള്ളതെല്ലാം ഒരുക്കികൊടുക്കുക എന്നതാണ് റാമിരെസിന്റെ നിയോഗം.

~Navya Chirakkal

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply