വിജയം തേടി ഹൈദരാബാദും നോർത്തീസ്റ്റും നേർക്കുനേർ

ഐഎസ്എല്ലിലെ ഇരുപത്തിയെട്ടാം മത്സരത്തിൽ ഹൈദരാബാദ് എഫ്സി നോർത്തീസ്റ്റ് യുണൈറ്റഡിനെ നേരിടും. ബാംബോലിം അത്ലറ്റിക് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7:30 നാണ് മത്സരം.

ഈ സീസണിൽ കളിച്ച ആദ്യ മത്സരത്തിൽ ചെന്നൈയോട് ഒരു ഗോളിന്റെ നേരിയ തോൽവി വഴങ്ങിയെങ്കിലും പിന്നീടുള്ള മൂന്ന് മത്സരങ്ങളിലും ഹൈദരാബാദ് തോൽവി അറിഞ്ഞിട്ടില്ല. ജംഷെഡ്പൂരിനോട് 1-1 സമനിലയും മുംബൈയോട് ഒന്നിനെതിരെ മൂന്ന് ഗോളിന്റെയും ബെംഗളൂരുവിനെതിരെ എതിരില്ലാത്ത ഒരു ഗോളിന്റെയും വിജയങ്ങളും നേടി. ഖാലിദ് ജമീലിന്റെ നോർത്തീസ്റ്റിനാവട്ടെ അഞ്ച് മത്സരങ്ങളിൽ ഒരു വിജയം മാത്രമാണ് നേടാനായത്. ആദ്യ മത്സരത്തിൽ ബെംഗളൂരുവിനോട് രണ്ട് ഗോളിനെതിരെ നാല് ഗോളിന്റെ തോൽവി, ബ്ലാസ്റ്റേഴ്സിനെതിരെ ഗോൾ രഹിത സമനില, ചെന്നൈയിൻ എഫ്സിയോട് ഒരു ഗോളിനെതിരെ രണ്ട് ഗോളിന്റെ പരാജയം എന്നിങ്ങനെയാണ് ആദ്യ മൂന്ന് മത്സരങ്ങളിലെ ഫലങ്ങൾ. നാലാം മത്സരത്തിൽ ഹൈലാന്റേഴ്സ് കാത്തിരുന്ന വിജയം അവർ കൈവരിച്ചു – എഫ്സി ഗോവയ്ക്കെതിരെ 2 – 1 ന്റെ വിജയം. പക്ഷേ തൊട്ടടുത്ത മത്സരത്തിൽ ഒഡീഷയോട് ഒരു ഗോളിന്റെ തോൽവി വഴങ്ങേണ്ടി വന്നു.

തുടർച്ചയായ മൂന്ന് മത്സരങ്ങളിലും സ്കോർ ചെയ്ത ഓഗ്ബച്ചെ ഹൈദരാബാദിന്റെ പ്രതീക്ഷകൾക്ക് തിളക്കം കൂട്ടുന്നു. ഒപ്പം രോഹിത് ധനു, ആകാശ് മിശ്ര, ഹിതേഷ് ഷർമ, ആശിശ് റായ് തുടങ്ങിയ യുവ താരങ്ങളും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. എന്നാൽ നോർത്തീസ്റ്റിന്റെ കീ പ്ലെയർ ആവാൻ കഴിയുമായിരുന്ന ഫെഡറിക്കോ ഗായെഗോയെ പരിക്ക് വിടാതെ പിടികൂടുന്നത് ഹൈലാന്റേഴ്സിന് തിരിച്ചടിയാണ്. എങ്കിലും മുന്നേറ്റത്തിൽ മലയാളി താരങ്ങളുൾപ്പടെ വേറെയും ഓപ്ഷൻസ് നോർത്തീസ്റ്റിനുണ്ട്.

രണ്ട് ടീമുകളും നാല് തവണ നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ രണ്ട് തവണ ഹൈദരാബാദും ഒരു തവണ നോർത്തീസ്റ്റും വിജയം കണ്ടു. ഒരു കളി സമനിലയിൽ കലാശിച്ചു.

ഏഴ് പോയിന്റുമായി പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ഹൈദരാബാദ് എഫ്സി. നാല് പോയിന്റ് നേട്ടത്തോടെ ഒമ്പതാം സ്ഥാനത്താണ് ഹൈലാന്റേഴ്സ്.

ആവേശോജ്ജ്വലമായ ഒരു മത്സരത്തിനായി നമുക്ക് കാത്തിരിക്കാം…

  • ~Jumana Haseen K
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply