ഐഎസ്എൽ എട്ടാം സീസണിലെ ഇരുപതാം മത്സരത്തിൽ ജംഷഡ്പൂർ എഫ്സി എടികെ മോഹൻ ബഗാനെ നേരിടും. കഴിഞ്ഞ മത്സരത്തിലെ തോൽവി ഭാരം പേറി വരുന്ന എടികെഎംബി തോൽവിയറിയാതെ എത്തുന്ന ജംഷെഡ്പൂരുമായാണ് ഏറ്റുമുട്ടുന്നത് .
ഈ സീസണിൽ കളിച്ച മൂന്ന് കളികളിൽ രണ്ട് സമനിലയിലും ഒരു ജയവും നേടി തോൽവിയറിയാതെയാണ് ജംഷെഡ്പൂർ എത്തുന്നത്. ഈസ്റ്റ് ബംഗാളുമായി കളിച്ച ആദ്യ മത്സരത്തിലും ഹൈദരാബാദിനെതിരെയായിരുന്ന മൂന്നാം മത്സരത്തിലും 1 – 1 സമനില ആയിരുന്നു ഫലം. രണ്ടാം മത്സരത്തിൽ എഫ്സി ഗോവയെ ഒരു ഗോളിനെതിരെ മൂന്ന് ഗോളിന് പരാജയപ്പെടുത്തി. എന്നാൽ എടികെഎംബി മൂന്ന് മത്സരങ്ങളിൽ നിന്നും രണ്ട് വിജയങ്ങൾ നേടുകയും ഒരു തോൽവി വഴങ്ങുകയും ചെയ്തു. കേരള ബ്ലാസ്റ്റേഴ്സിനെതിരായ ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെ 4 – 2 എന്ന സ്കോറിന് പരാജയപ്പെടുത്തി. അതിന് ശേഷം ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തറപറ്റിച്ചു. ശേഷം നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റിയോടായിരുന്ന അവസാന മത്സരത്തിൽ അഞ്ച് ഗോളുകൾ വഴങ്ങി കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ഒരു ഗോൾ മാത്രമാണ് എടികെഎംബിക്ക് മടക്കാനായത്.
പോയിന്റ് ടേബിളിന്റെ തൊട്ടടുത്ത സ്ഥാനങ്ങളിലാണ് രണ്ട് ടീമുകളും. ആറ് പോയിന്റോടെ എടികെഎംബി നാലാം സ്ഥാനത്തും ഒരു പോയിന്റ് മാത്രം വ്യത്യാസത്തിൽ ജംഷെഡ്പൂർ അഞ്ചാം സ്ഥാനത്തുമാണ്. അതിനാൽ തന്നെ പോയിന്റ് ടേബിളിലെ മുന്നോട്ടുള്ള കുതിപ്പിന് രണ്ട് ടീമുകൾക്കും ഇന്നത്തെ വിജയം അനിവാര്യമാണ്. ഗോൾ വ്യത്യാസത്തിൽ ഒരു ഗോളിന്റെ നേരിയ മുൻതൂക്കം ജംഷെഡ്പൂർ എഫ്സിക്കാണ്.
ഈ സീസണിൽ ഇത് വരെ മൂന്ന് ഗോൾ മാത്രം വഴങ്ങിയിട്ടുള്ള ജംഷെഡ്പൂർ ഡിഫൻസ് ലീഗിലെ മികച്ച പ്രതിരോധ നിരകളിലൊന്ന് തന്നെയാണ്. ഹ്യൂഗോ ബൗമസ്, റോയ് കൃഷ്ണ, ജോണി കൗക്കോ, ലിസ്റ്റൺ കോളാക്കോ എന്നിവരുടെ മുന്നേറ്റങ്ങൾക്ക് തടയിടാൻ ഓവൻ കോയലിന്റെ ഉരുക്ക് മനുഷ്യർക്ക് കഴിയുമോ എന്ന് കാത്തിരുന്ന് കാണാം. നെരിജസ് വാൽസ്കിസ്, ജോർദാൻ മറെ, ഗ്രെഗ് സ്റ്റിവാർട്ട് എന്നിവരാവും മുന്നേറ്റത്തിൽ ജംഷെഡ്പൂരിന്റെ ആശ്രയം.
ഹബാസിന്റെ കീഴിലുള്ള എടികെഎംബി ദൃഢതയുള്ള പ്രതിരോധ നിരയ്ക്ക് പേര് കേട്ട ടീമായിരുന്നു. എന്നാൽ ജിങ്കന്റെ കൂടു മാറ്റവും തിരിയുടെ പരിക്കും മറൈനേഴ്സിന്റെ ഡിഫൻസിന് കനത്ത ക്ഷീണമായിരിക്കുന്നതാണ് കണക്കുകൾ കാണിക്കുന്നത്. ഈ സീസണിൽ ഇത് വരെ എടികെഎംബി ഏഴ് ഗോളുകൾ വഴങ്ങി. എന്നാൽ അക്രമാസക്തരായ മുന്നേറ്റ നിര ടീമിന് ആശ്വാസമാണ്. എട്ട് ഗോളുകൾ എടികെഎംബിക്ക് തിരിച്ചടിക്കാനായി. കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട ദീപക് ടാൻഗ്രിക്ക് ഇന്നത്തെ മത്സരം നഷ്ടമാവും.
രണ്ട് തവണ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോൾ ഓരോ വിജയം വീതം ഇരുടീമുകളും നേടി.
ബാംബോലിം അത്‌ലറ്റിക് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7:30 നാണ് മൈനേഴ്സ് – മറൈനേഴ്സ് പോരാട്ടം. ജംഷെഡ്പൂരിന്റെ ഹോം മാച്ചായാണ് ഈ മത്സരം കണക്കാക്കുന്നത്. ആവേശം ഒട്ടും കുറയാത്തൊരു മത്സരത്തിനായി ആരാധകർ കാത്തിരിക്കുയാണ്.
~Jumana Haseen K
Leave a reply