മുൻചാമ്പ്യന്മാരായ എ.ടി.കെ മോഹൻ ബഗാന് വീണ്ടും തോൽവി(2-1). ജംഷെദ്പുർ എഫ്. സിയാണ് മികച്ച രീതിയിൽ കൊൽക്കത്തൻ ക്ലബ്ബിനെ പൂട്ടിയത്. ഇതോടെ ജംഷെദ്പുർ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്കുയർന്നു.
മികച്ച വേഗതയോടെയാണ് മത്സരം ആരംഭിച്ചത്. കഴിഞ്ഞ മത്സരത്തിലെ വലിയ തോൽവിയിൽനിന്ന് തിരിച്ചുവരാൻ എ.ടി.കെ മോഹൻ ബഗാൻ തുടക്കം മുതൽ ശ്രമിച്ചുകൊണ്ടിരുന്നു. ജംഷെദ്പൂരാകട്ടെ ഒട്ടും വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത വിധത്തിലാണ് പന്തുതട്ടിയത്. മധ്യനിരയിൽനിന്ന് തന്നെ കളിനിയന്ത്രിക്കാനുള്ള ശ്രമങ്ങൾ രണ്ട് ടീമുകളും നടത്തിയപ്പോൾ ബോൾ കൂടുതലും മിഡ്‌ഫീൽഡിൽ തന്നെ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങിക്കൊണ്ടിരുന്നു. ജംഷെദ്പുർ തങ്ങളുടെ വലതുവിങ്ങിൽനിന്ന് ലെൻ ദുങ്കലിലൂടെയും വാൽസ്കിസിലൂടെയും നിരന്തരമായ അക്രമണങ്ങൾ അഴിച്ചുവിട്ടപ്പോൾ എ.ടി.കെ മോഹൻ ബഗാൻ റോയ് കൃഷ്ണയിലൂടെയാണ് അക്രമണങ്ങൾ സംഘടിപ്പിച്ചത്.
ലെൻ ദുങ്കലിന്റെ ഗോളിലൂടെയാണ് ജംഷെദ്പുർ ലീഡ് നേടിയത്(1-0). ജിതേന്ദ്ര സിംഗ് മധ്യനിരയിൽ നിന്ന് കൊടുത്ത പന്ത് പിടിച്ചെടുത്ത ലെൻ കൃത്യമായി അമരീന്ദറിനെ മറികടന്ന് ഗോൾ നേടി. എന്നാൽ അഞ്ചുമിനിട്ടിനകം പരിക്കുപറ്റിയ ലെനിനു പുറത്ത് പോകേണ്ടിവന്നു, പകരം ബോറിസ് സിംഗാണ് കളത്തിലെത്തിയത്.
രണ്ടാം പകുതിയുടെ തുടക്കം മുതൽത്തന്നെ തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ കൊൽക്കത്തൻ ക്ലബ് നടത്തിയെങ്കിലും ലക്ഷ്യത്തിലേക്കെത്താൻ കഴിഞ്ഞില്ല. ഇരുവിങ്ങുകളിലൂടെയും മാറിമാറി അവർ ക്രോസ്സുകൾ ചെയ്തെങ്കിലും ജംഷെദ്പുർ പ്രതിരോധം അതിനെയെല്ലാം തടുത്തിട്ടു. ജംഷെദ്പുർ കിട്ടുന്ന അവസരങ്ങളിലെല്ലാം പന്തുമായി മുൻപോട്ട് പോയെങ്കിലും ലക്ഷ്യം ബേധിക്കാൻ അവർക്കും കഴിഞ്ഞില്ല. തുടരെതുടരെ അക്രമണങ്ങളും ഫൗളുകളും കണ്ട മത്സരത്തിൽ കാര്യങ്ങൾ പലപ്പോഴും കയ്യാങ്കളിയിലേക്ക് പോയി.
84ആം മിനുട്ടിൽ ജെ.എഫ്.സി അവരുടെ ലീഡ് രണ്ടായി ഉയർത്തി. പകരക്കാരനായി തൊട്ടുമുൻപ് കളത്തിലിറങ്ങിയ അലക്സ് ലിമയാണ് ജംഷെദ്പൂരിന്റെ രണ്ടാം ഗോൾ നേടിയത്(2-0). മറുപുറത്തു എ.ടി.കെ മോഹൻ ബഗാൻ റെഗുലർ ടൈമിന്റെ അവസാന നിമിഷത്തിൽ പ്രിതം കൊട്ടാലിലൂടെ ഒരു ഗോൾ മടക്കിയെങ്കിലും അത് മതിയാകുമായിരുന്നില്ല(2-1).
ലൈനപ്പ്:-
JFC:- ടി.പി രഹനേഷ്(GK), ലാൽഡിങ്ലിയാന റാൾട്ടെ, എലി സാബിയ, പീറ്റർ ഹാർട്ലി(C), റിക്കി ലാല്ലമാവ്മ, ജിതേന്ദ്ര സിംഗ്, പ്രണോയ് ഹാൾദർ, സെയ്മിൻലെൻ ദുങ്കൽ, ഗ്രെഗ് സ്റ്റുവർട്, കോമൾ തട്ടാൽ, നെരിയുസ് വാൽസ്കിസ്.
ATKMB:- അമരീന്ദർ സിംഗ്(GK), പ്രിതം കോട്ടൽ, കാൾ മക്ഹ്യൂ, സുമീത് രാതി, സുഭാഷിഷ് ബോസ്, അശുതോഷ് മെഹ്ത, ജോണി കൗക്കോ, ലെന്നി റോഡ്രിഗസ്, ഹ്യൂഗോ ബുമസ്, മൻവീർ സിംഗ്, റോയ് കൃഷ്ണ(C).
Leave a reply