ജംഷെഡ്പൂരിന് ആവേശ വിജയം| എഫ്സി ഗോവയ്ക്ക് അവിശ്വസനീയ തോൽവി

ബാംബോലിം സ്റ്റേഡിയത്തിൽ എഫ്സി ഗോവയ്ക്കെതിരെ ജംഷെഡ്പൂരിന് 1-3 സ്കോറിന്റെ ഉജ്ജ്വല വിജയം ! തുടക്കത്തിൽ നിറം മങ്ങിപ്പോയ ജംഷെഡ്പൂർ പിന്നീട് താളം കണ്ടെത്തുകയായിരുന്നു. അതേ സമയം ഗംഭീരമായി കളിക്ക് തുടക്കമിട്ട ഗോവയുടെ തോൽവി അവിശ്വസനീയമാണ്.

ജംഷെഡ്പൂർ എഫ്സിയുടെ കിക്കോടെ തുടങ്ങിയ മത്സരത്തിന്റെ ആദ്യ മിനുട്ടുകളിൽ തന്നെ ഗോളിനായി ഇരമ്പിയെത്തുന്ന എഫ്സി ഗോവയെയാണ് കണ്ടത്. അതിന്റെ ഫലമായി തന്നെ ആറ് മിനുട്ട് പിന്നിട്ടപ്പോൾ തന്നെ മൂന്ന് കോർണറുകൾ ഗോവ നേടിയെടുത്തു. ഇതിന് മറുപടിയെന്നോണം മറു ഭാഗത്ത് ജംഷെഡ്പൂരും കളി മെനഞ്ഞ് തുടങ്ങിയിരുന്നു. ജംഷെഡ്പൂരിന് തുടർച്ചയായി ലഭിച്ച രണ്ട് കോർണറുകളിൽ രണ്ടാമത്തേത് കോമൾ തട്ടാൽ വലയിലെത്തിച്ചെങ്കിലും ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നിരുന്നു. ഇതിനിടെ ഗോവൻ ക്യാപ്റ്റൻ എഡു ബേഡിയയെ ഫൗൾ ചെയ്തതിന് ജംഷെഡ്പൂർ ക്യാപ്റ്റൻ പീറ്റർ ഹാർട്ട്ലി മഞ്ഞ കാർഡ് കണ്ടു. മത്സരത്തിന്റെ ആദ്യ പതിനഞ്ച് മിനുട്ടിൽ എഴുപത് ശതമാനത്തോളം പൊസഷൻ ഗോവയ്ക്കുണ്ടായിരുന്നു. മികച്ച പാസിങ്ങ് ആക്യുറസിയും ഗോവയ്ക്കൊപ്പമുണ്ടായിരുന്നു. പതിയെ താളം കണ്ടെത്തിയ ജംഷെഡ്പൂർ നിരവധി ആക്രമണങ്ങൾ തൊടുത്തു വിട്ടെങ്കിലും ഗോൾ മുഖം തുറക്കാൻ ധീരജ് തയ്യാറായിരുന്നില്ല. ഗോവയുടെ ഭാഗത്ത് നിന്നും പ്രതിരോധ പിഴവുകൾ ഉണ്ടായെങ്കിലും ധീരതയോടെ നിന്ന ധീരജ് അതെല്ലാം കൈപ്പിടിയിലൊതുക്കി. ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ ഇരു ടീമുകൾക്കും ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. രണ്ട് മിനുട്ടാണ് ആദ്യ പകുതിക്ക് ലഭിച്ച അധിക സമയം. (0 – 0 )

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ജംഷെഡ്പൂരിന് കോർണർ ലഭിക്കുകയുണ്ടായി. അതിന് ശേഷം മറുപുറത്ത് ഫ്രീ കിക്ക് ഉൾപ്പടെ ഗോളവസരങ്ങൾ ലഭിച്ചെങ്കിലും മലയാളി ഗോൾ കീപ്പർ രഹനേഷ് അതിനെല്ലാം തടയിട്ടു. ലെൻ ഡുംഗലിന്റെ പ്രീ – അസിസ്റ്റിൽ സ്റ്റിവർട്ട് വെച്ച് കൊടുത്ത പാസ്സിൽ അമ്പത്തി ഒന്നാം മിനുട്ടിൽ നെരിജസ് വാൽസ്കിസ് വല കുലുക്കി. (0 – 1) ശേഷം സമനില ഗോളിനായി എഫ്സി ഗോവ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടായിരുന്നു. ജംഷെഡ്പൂർ താരം സ്റ്റുവർട്ട് ഗ്രെഗിനെ ഫൗൾ ചെയ്തതിന് ഗോവൻ താരം സാൻസൺ പെരേരയ്ക്ക് യെല്ലോ കാർഡ് ലഭിച്ചു. ഇതേ തുടർന്ന് അറുപത്തി ഒന്നാം മിനുട്ടിൽ ലഭിച്ച ഫ്രീകിക്ക് വാൽസ്കിസ് ഹെഡറിലൂടെ വലയിലെത്തിച്ചു (0 – 2) .സ്റ്റിവർട്ട് ഗ്രെഗാണ് ഫ്രീകിക്ക് എടുത്തത്. ദേവേന്ദ്ര, ഇവാൻ ഗോൺസാലസ്, റൊമാരിയോ എന്നിവർക്ക് പകരം പപ്പുയിയ, ഐറാം കബ്രേറ, ചോത്തെ എന്നിവർ കളത്തിലിറങ്ങി. കോമൾ തട്ടാലിന് പകരക്കാരനായി ബോറിസ് സിങ്ങ് കളത്തിലെത്തി. എമ്പതാം മിനുട്ടിൽ സ്റ്റിവർട്ടിന് പകരക്കാരനായെത്തിയ ജോർദാൻ മറെയുടെ ഫസ്റ്റ് ടച്ചിൽ തന്നെ ഗോവൻ വല കുലുങ്ങി (0 -3). മറുഭാഗത്ത് ക്യാപ്റ്റൻ എഡു ബേഡിയയുടെ സൈഡ് വോളി ക്രോസ് ബാറിൽ ഇടിച്ച് മടങ്ങി. ലെൻ ഡുംഗലിനെ പിൻവലിച്ച് റിഥ്വികിനെ ജംഷെഡ്പൂർ കളത്തിലിറക്കി.
പകരക്കാരനായെത്തിയ ഐറാം കബ്രേറ എമ്പത്തിയാറാം മിനുട്ടിൽ എഫ്സി ഗോവയ്ക്കായി പന്ത് വലയിലെത്തിച്ചു (1 – 3). കബ്രേറയെ അന്യായമായി തടയാൻ ശ്രമിച്ചതിന് നരേന്ദർ ഗലോട്ടിന് മഞ്ഞ കാർഡ് ലഭിച്ചു. നാല് മിനുട്ടാണ് രണ്ടാം പകുതിക്ക് ലഭിച്ച അധിക സമയം. ജംഷെഡ്പൂരിന് ലഭിച്ച ഫ്രീ കിക്കോടെ ഫൈനൽ വിസിൽ മുഴങ്ങി.

രണ്ട് ഗോളുകൾ നേടി തിളങ്ങിയ നെരിജസ് വാൽസ്കിസാണ് ഹീറോ ഓഫ് ദി മാച്ച്. 67% പൊസഷൻ ഗോവയ്ക്കൊപ്പമായിരുന്നു. രണ്ട് മത്സരങ്ങളിൽ നിന്നും നാല് പോയിന്റ് നേടി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായി മാറി ജംഷെഡ്പൂർ. ഇതേ സമയം എഫ്സി ഗോവയ്ക്ക് ഒരു പോയിന്റ് പോലും നേടാൻ കഴിയാത്തത് അവിശ്വസനീയമാണ്. പോയിന്റ് ടേബിളിന്റെ ഒടുക്കത്തിലാണ് എഫ്സി ഗോവയുടെ സ്ഥാനം.

ഡിസംബർ 2 വ്യാഴാഴ്ച്ച ഹൈദരാബാദിനെതിരെയാണ് ജംഷെഡ്പൂരിന്റെ അടുത്ത മത്സരം. ഡിസംബർ 4 ശനിയാഴ്ച്ച ഗോവ നോർത്തീസ്റ്റ് യുണൈറ്റഡിനെ നേരിടും.

ലൈനപ്പ്:

▪️ എഫ്സി ഗോവ:- ധീരജ് സിംഗ് (GK), സെറിട്ടൺ ഫെർണാണ്ടസ്, ഐബാംഭ ഡോഹ്‌ലിങ്, ഇവാൻ ഗോൺസാലസ്, സാൻസൺ പെരേര, എഡു ബേഡിയ (C), ഗ്ലാൻ മാർട്ടിൻസ്, അലക്സാണ്ടർ റൊമാരിയോ, ആൽബർട്ടോ നൊഗ്വേര, ജോർജെ ഓർട്ടിസ്, ദേവേന്ദ്ര മുർഗോക്കർ

▪️ ജംഷെഡ്പുർ എഫ്സി :- രഹനേഷ് (GK), ദിൻലിയാന, നരേന്ദർ, ഹാർട്ട്ലി (C), അലക്സ് ലിമ, ജിതേന്ദ്ര, റിക്കി, ലെൻ ഡുംഗൽ, കോമൾ തട്ടാൽ, ഗ്രെഗ്, നെരിജസ് വാൽസ്കിസ്

~Jumana Haseen K

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply