ജംഷഡ്‌പൂരിന് പ്ലേഓഫിൽ എത്തിയേ തീരൂ.

ഇന്ത്യൻ സൂപ്പർ ലീഗിൽ 4 വർഷങ്ങൾ പൂർത്തിയാക്കിയിട്ടും ഇതുവരെ പ്ലേഓഫിൽ എത്താൻ സാധികാത്ത ടീമാണ് ജംഷഡ്‌പൂർ എഫ്.സി. 2017-18 വർഷത്തിലാണ് ജംഷഡ്‌പൂർ ആദ്യമായി ഐ.എസ്.എല്ലിൽ പന്തുതട്ടുന്നത്. ആദ്യ രണ്ട് സീസണുകളിലും പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത് എത്തിയെങ്കിലും കഴിഞ്ഞ രണ്ട് സീസണുകളിലും ടീമിന്റെ പ്രകടനം അത്ര മികച്ചതല്ല. തുടർന്ന് വന്ന സീസണിൽ എട്ടാം സ്ഥാനത്തും, അവസാന സീസണിൽ ആറാം സ്ഥാനത്തുമാണ് ജംഷഡ്‌പൂർ കളി അവസാനിപ്പിച്ചത്. അതുകൊണ്ട് തന്നെ ആദ്യമായി പ്ലേഓഫിൽ എത്തുകയെന്ന സ്വപ്നമാണ് ജംഷഡ്‌പൂർ എഫ്.സിക്ക് ഈ സീസണിൽ ആദ്യം നിറവേറ്റാനുള്ളത്.

എല്ലാ വർഷവും മികച്ച താരങ്ങളെ തന്നെ ടീമിലെത്തിക്കുന്ന ജംഷഡ്‌പൂരിന് ഇത്തവണയും മികച്ച സ്‌ക്വാഡ് തന്നെയാണ് ഉള്ളത്. സ്കോട്ലാന്റുകാരൻ ഓവൻ കോയിലാണ് ഇത്തവണയും ജംഷഡ്‌പൂരിനെ പരിശീലിപ്പിക്കുന്നത്. 2019-2020 സീസണിൽ ചെന്നൈയിൻ എഫ്.സിയെ രണ്ടാം സ്ഥാനക്കാരാക്കിയ പരിശീലകൻ ഓവൻ കോയിൽ കഴിഞ്ഞ സീസണിലാണ് ജംഷഡ്‌പൂരിലെത്തുന്നത്.

വിദേശ താരങ്ങളിൽ കഴിഞ്ഞ വർഷം ടീമിലുണ്ടായ പ്രതിരോധ താരമായ പീറ്റർ ഹാർട്ട്ലിയെയും, മിഡ്‌ഫീൽഡർ അലക്സാണ്ടർ ലീമ, മുന്നേറ്റ താരം വാൾസ്‌കിസ് എന്നിവരെയുമാണ് ഈ സീസണിലും ടീം നിലനിർത്തിയിരിക്കുന്നത്. ചെന്നൈയിൻ എഫ്.സിയിൽ നിന്നും എലി സാബിയയേയും, കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ജോർദാൻ മുറെയേയും ജംഷഡ്‌പൂർ സ്വന്തമാക്കി. കൂടാതെ സ്കോട്ട്ലാന്റുകാരനായ മുന്നേറ്റ താരം ഗ്രെഗ് സ്റ്റെവാർട്ടിനെ പുതുതായി ജംഷഡ്‌പൂർ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് എത്തിച്ചിരിക്കുകയാണ്.

ഇഷാൻ പണ്ഡിതയെ എഫ്.സി ഗോവയിൽ നിന്നും ടീമിലെത്തിച്ചതാണ് ജംഷെദ്‌പൂരിന്റെ ഇന്ത്യൻ സൈനിംഗുകളിൽ പ്രധാനപ്പെട്ടത്. യുവത്വവും, പരിചയ സമ്പത്തും നിറഞ്ഞതാണ് ജംഷഡ്‌പൂരിന്റെ ഇന്ത്യൻ സ്‌ക്വാഡ്. അതുകൊണ്ട് തന്നെ ജംഷഡ്‌പൂരിന്റെ സ്വപ്നങ്ങൾ പൂവണിയാൻ ടീമിലെ വിദേശ താരങ്ങളോടൊപ്പം ഇന്ത്യൻ താരങ്ങളും മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്.

കളിച്ച പ്രീസീസൺ സൗഹൃദ മത്സരങ്ങളിലൊന്നും പരാജയമറിയാത്ത ടീമാണ് ജംഷഡ്‌പൂർ എഫ്.സി. ആദ്യ മത്സരത്തിൽ നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെ 2-0 സ്കോറിനാണ് ജംഷഡ്‌പൂർ പരാജയപ്പെടുത്തിയത്. അടുത്ത മത്സരത്തിൽ ബെംഗളൂരു എഫ്.സിയുമായി 1-1 സമനില. പിന്നീട് കേരള ബ്ലാസ്റ്റേഴ്‌സുമായി നടന്ന രണ്ട് മത്സരങ്ങളിൽ ആദ്യത്തേതിൽ 3-0 സ്കോറിന്റെ വിജയവും, അടുത്ത മത്സരത്തിൽ 1-1 സമനിലയുമാണ് ജംഷഡ്‌പൂർ നേടിയത്.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply