അടി സക്കെ…! കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നു നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. ഒഡീഷ എഫ്.സിക്കെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചത്. രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. ആദ്യം സ്പാനിഷ് താരം അൽവാരോ വാസ്‌കസും, പിന്നീട് മലയാളി താരം പ്രശാന്തുമാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ കണ്ടെത്തിയത്. രണ്ട് ഗോളുകൾക്കും അഡ്രിയാൻ ലൂണയാണ് അസ്സിസ്റ്റ് നൽകിയത്. രണ്ട് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്‌സ് വിജയിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് നിഖിലാണ് ഒഡീഷയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്.

മത്സരത്തിന്റെ ആദ്യ മിനുട്ട് മുതൽ മികച്ച ആക്രമണ ഫുട്ബോളാണ് ബ്ലാസ്റ്റേഴ്‌സ് കാഴ്ച്ചവെച്ചത്. ആദ്യപകുതിയിൽ നിരവധി അവസരങ്ങൾ ബ്ലാസ്റ്റേഴ്‌സ് സൃഷ്ടിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല. ചെറിയ പാസ്സുകളിലൂടെ ബ്ലാസ്റ്റേഴ്‌സ് കളി മെനഞ്ഞപ്പോൾ കൗണ്ടർ അറ്റാക്കിങ്ങിലൂടെ ഒഡീഷയും ബ്ലാസ്റ്റേഴ്‌സ് ഗോൾ മുഖം ഇടക്കിടെ വിറപ്പിച്ചു. മത്സരത്തിന്റെ അവസാന നിമിഷം കണ്ടെത്തിയ ഗോൾ ഒഴികെ രണ്ടാം പകുതിയിൽ കാര്യമായ അവസരങ്ങളൊന്നും ഒഡീഷക്ക് സൃഷ്ടിക്കാനായില്ല.

ഇതോടെ നാല് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ 5 പോയിന്റുമായി 6 -ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. മൂന്ന് മത്സരങ്ങളിൽ നിന്നും 6 പോയിന്റുള്ള ഒഡീഷ 3-ാം സ്ഥാനത്ത് തുടരുന്നു. ഡിസംബർ 12ന് ഈസ്റ്റ് ബംഗാളുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply