ഒരുക്കങ്ങൾ പൂർത്തിയായി, ലക്ഷ്യം ഐഎസ്എൽ

രണ്ടുതവണ കയ്യെത്തുംദൂരത്ത് വെച്ച് ഐഎസ്എൽ കിരീടം നഷ്ടമായ ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. മൂന്നാം സീസണിന് ശേഷം ആദ്യ നാലിൽ ഇടം നേടുവാനും അവർക്കായിട്ടില്ല. ഇത്തവണ അതിനൊരു മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്.

ഐഎസ്എൽ എട്ടാം സീസണിന് മുന്നോടിയായി ഏറ്റവും ആദ്യം പ്രീസീസൺ ആരംഭിച്ച ടീമായിരുന്നു ബ്ലാസ്റ്റേഴ്‌സ്. ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ചിന്റെ നേതൃത്വത്തിൽ ഇന്ത്യൻ കളിക്കാരെവെച്ചു ഓഗസ്റ്റ് ആദ്യവാരം തന്നെ കൊച്ചിയിൽ പരിശീലനം തുടങ്ങി. പിന്നീട് അഡ്രിയൻ ലൂണയും എനെസ് സിപോവച്ചും ടീമിനോപ്പം ചേരുകയാണുണ്ടായത്.

കൊച്ചിയിൽ നടന്ന ആദ്യഘട്ട പ്രീസീസൺ മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് നേരിട്ടത് കേരള യുണൈറ്റഡ്, ജമ്മു കശ്മീർ 11 എന്നീ ടീമുകളെ ആയിരുന്നു. ഓഗസ്റ്റ് 20 ആം തീയതി കേരള യുണൈറ്റഡിനെതിരെയുള്ള തോൽവിയോടെയാണ് പ്രീസീസണിന് തുടക്കം കുറിച്ചത്. ബുജൈർ നേടിയ ഏകഗോൾ മത്സരത്തിന്റെ വിധിയെഴുതിയപ്പോൾ രണ്ടാമത്തെ സൗഹൃദമത്സരം സമനിലയിൽ അവസാനിച്ചു(3-3). ശുഭ ഘോഷ്, ശ്രീക്കുട്ടൻ, ആയുഷ് എന്നിവർ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടി. ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് ഏറെ പരിചിതനായ മെഹ്‌റാജുദീൻ വാഡുവിന്റെ കീഴിൽ അണിനിരന്ന ജമ്മു കശ്മീർ 11 ആയിട്ടായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. സെയ്ത്യസെൻ സിങ്ങും, സഞ്ജീവ് സ്റ്റാലിനും നേടിയ ഗോളുകളുടെ പിൻബലത്തിൽ ജയത്തോടെ കൊച്ചിയിലെ ആദ്യഘട്ട പ്രീസീസൺ മത്സരങ്ങൾ ബ്ലാസ്റ്റേഴ്‌സ് അവസാനിപ്പിച്ചു.

കൊൽക്കത്തയിൽ വെച്ചുനടന്ന ഐതിഹാസിക ടൂർണമെന്റായ ഡ്യുറന്റ് കപ്പിൽ അരങ്ങേറിയ ബ്ലാസ്റ്റേഴ്‌സ് ഡൽഹി എഫ്. സി, ബംഗളുരു എഫ്. സി, ഇന്ത്യൻ നേവി ഫുട്ബോൾ ടീം എന്നിവരടങ്ങുന്ന ഗ്രൂപ്പ്‌ സിയിൽ ആയിരുന്നു ഉൾപ്പെട്ടിരുന്നത്. ഇന്ത്യൻ നേവിയുമായുള്ള ആദ്യ മത്സരത്തിൽ ലൂണയുടെ പെനാൽറ്റി ഗോളിലൂടെ വിജയം നേടിയ ബ്ലാസ്റ്റേഴ്സിന് പിന്നീടങ്ങോട്ട് ശോഭിക്കാനായില്ല. ബംഗളുരു എഫ്. സിയുടെ റിസേർവ് ടീമിനോടും(2-0), ഡൽഹി എഫ്. സിയോടും തോൽവിപിണഞ്ഞ ബ്ലാസ്റ്റേഴ്‌സ് ഡ്യുറന്റ് കപ്പിൽ നിന്നും പുറത്തായി. കൊൽക്കത്തയിൽ അവിചാരിതമായി പെയ്ത മഴ കാരണം ഉണ്ടായ ബുദ്ധിമുട്ടുകളും, ട്രെയിനിങ് ഗ്രൗണ്ടിന്റെ ആഭാവവുമെല്ലാം ഈ പുറത്താക്കലിന് വഴിവെച്ചുവെങ്കിലും ഗ്രൂപ്പ്‌ ഘട്ടത്തിൽ അവസാനസ്ഥാനക്കാരായി അരങ്ങേറ്റ സീസണിലെ ഡ്യുറന്റ് കപ്പ്‌ പര്യടനം ബ്ലാസ്റ്റേഴ്സിന് അവസാനിപ്പിക്കേണ്ടിവന്നു.

കൊൽക്കത്തയിൽ നിന്ന് തിരികെ കൊച്ചിയിലെത്തിയ ബ്ലാസ്റ്റേഴ്‌സ് പനമ്പിളി നഗറിലെ തങ്ങളുടെ രണ്ടാം ഘട്ട പ്രീസീസണിന് തുടക്കം കുറിച്ചു. ഇന്ത്യൻ നേവിയുമായുള്ള ആദ്യ കളിയിൽ ബ്ലാസ്റ്റേഴ്സിന്റെ എ. എഫ്. സി താരം ചെഞ്ചോ, അൽവാരോ എന്നിവർ സ്കോർ ചെയ്യുകയും ടീം വിജയിക്കുകയും ചെയ്തു(2-0). കോതമംഗലം മാർ അതനേഷ്യസ്സ് കോളേജുമായുള്ള അവസാനമത്സരത്തിൽ 3-0ത്തിന്റെ വിജയം നേടി. അൽവാരോ, ലെസ്‌കോവിച്, പെരെയ്‌ര ഡയസ് എന്നിവർ ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കണ്ടു.

കൊച്ചിയിൽ നടന്ന രണ്ടു ഘട്ടങ്ങളായുള്ള പ്രീസീസണിലെയും, ഡ്യുറന്റ് കപ്പിലെയും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഐഎസ്എൽ സ്‌ക്വാഡ് നിശ്ചയിച്ച ബ്ലാസ്റ്റേഴ്‌സ് ലീഗ് വേദിയായ ഗോവയിലേക്ക് യാത്രയായി. ഗോവയിലെ സുരക്ഷാ ബയോബബ്ബിളിൽ കയറുന്നതിനുമുൻപ് എഫ്. സി ഗോവയുമായി സൗഹൃദമത്സരം തീരുമാനിച്ചിരുന്നെങ്കിലും കനത്ത മഴമൂലം മത്സരം തടസ്സപ്പെട്ടു. ശേഷം ക്വാറന്റൈനിൽ പ്രവേശിച്ച ടീം അതിനുശേഷമാണ് ബാക്കി മത്സരങ്ങൾ കളിച്ചത്. ആദ്യമാച്ചിൽ ഒഡിഷ എഫ്. സിയെ 2-1ന് തോല്പിച്ചു. കേരളത്തിന്റെ സ്വന്തം പ്രശാന്ത് മോഹനും, അൽവാരോയും ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ നേടി. ചെന്നൈയിൻ എഫ്. സിയുമായി നടന്ന അടുത്ത മത്സരത്തിൽ ലുണ, പുട്ടിയ എന്നിവർ നേടിയ ഗോളുകളുടെ പിൻബലത്തിൽ ബ്ലാസ്റ്റേഴ്‌സ് വിജയം നേടി. ജംഷെദ്പുർ എഫ്. സിയുമായി നടന്ന മൂന്നാം മത്സരത്തിൽ വലിയ അന്തരത്തിൽ തോൽവി ഏറ്റുവാങ്ങേണ്ടിവന്നു ബ്ലാസ്റ്റേഴ്സിന്. ബോറിസ് സിംഗിന്റെ ഇരട്ടഗോളുകളും വാൽസ്കിസിന്റെ ഗോളുമാണ് ജംഷെദ്പൂരിന് വിജയം സമ്മാനിച്ചത്. അവരോടുതന്നെ അവസാന പ്രീസീസൺ മത്സരം കളിക്കുകയും മത്സരം സമനിലയിൽ അവസാനിക്കുകയും ചെയ്തു. ചുവപ്പ് കാർഡുകൾ പെയ്ത കളിയിൽ ബ്ലാസ്റ്റേഴ്സിനായി ഡയസ് ഗോൾ നേടിയപ്പോൾ കോമൾ തട്ടാലിന്റെ ഗോളിലൂടെ സമനില പിടിക്കുകയായിരുന്നു ജംഷെദ്പുർ.

മൊത്തം 12 പ്രീസീസൺ മത്സരങ്ങൾ കളിച്ച കേരള ടീം അവയിൽ 6 എണ്ണം വിജയിക്കുകയും 4 എണ്ണം തോൽക്കുകയും ചെയ്തു. രണ്ടുമത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. ആകെ 16 ഗോൾ നേടുകയും 13 എണ്ണം വഴങ്ങുകയും ചെയ്തു.

ഇത്രയേറെ മത്സരങ്ങൾ കളിക്കുന്നതിലൂടെ വിവിധ കോമ്പിനേഷനുകൾ പരീക്ഷിക്കാൻ കോച്ച് വുകോമാനോവിചിനായിട്ടുണ്ട്. ഇത് സീസണിലേക്ക് ഗുണപ്രതീക്ഷകൾ നൽകുന്നു. എങ്കിലും വഴങ്ങിയ 13 ഗോളുകളാണ് ആരാധകരെ പേടിപ്പെടുത്തുന്നത്. പലതും വ്യക്തിപരമായ അശ്രദ്ധ കൊണ്ടും മറ്റും വഴങ്ങേണ്ടിവന്നവ ആണെങ്കിൽകൂടിയും കഴിഞ്ഞ സീസണിലെ ഡിഫെൻസീവ് കണക്കുകൾ ഇപ്പോഴും ബ്ലാസ്റ്റേഴ്സിനെ ഉറ്റുനോക്കുന്നുണ്ട്. അവകൂടി പരിഹരിക്കാനായാൽ നല്ലൊരു സീസണിനായി ആരാധകർക്ക് പ്രതീക്ഷവെക്കാം.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply