നിലവിലെ ചാമ്പ്യൻമാർക്ക് വിജയതുടക്കം.

എഫ്. സി ഗോവയ്ക്കെതിരെ മൂന്ന് ഗോളുകളുടെ ആധികാരിക വിജയം നേടി മുംബൈ(3-0). ഗോവയിൽ നിന്ന് കൂടുമാറി മുംബൈയിലെത്തിയ ഇഗോർ അംഗുലോ രണ്ട് ഗോളുകൾ നേടിയപ്പോൾ പകരക്കാരനായെത്തിയ യിഗോർ കാറ്ററ്റവു ഗോൾപട്ടിക തികച്ചു.

മൽസരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിക്കാനാണ് മുംബൈ ഇഷ്ടപെട്ടത്. ഗോവ ആകട്ടെ ബോൾ കൈവശം വെച്ച് പിന്നിൽനിന്ന് ബിൽഡ്അപ്പ്‌ ചെയ്ത് മുന്പോട്ടുപോകാനാണ് ശ്രമിച്ചത്. കളിയുടെ 13ആം മിനുട്ടിൽ ഇടതുവിങ്ങിലൂടെ കുതിച്ചുവന്ന വിഘ്നേഷിനെ ബോക്സിനുള്ളിൽ വെച്ച് ലിയാണ്ടർ ഡി’കുന്ഹ ഫൗൾ ചെയ്തെങ്കിലും റെഫറി പെനാൽറ്റി അനുവദിച്ചില്ല. ആ ഫൗളിനെ തുടർന്ന് വിഘ്നേഷിനെ കളിക്കളത്തിൽനിന്ന് മാറ്റേണ്ടിവന്നു മുംബൈക്ക്, പകരം മുഹമ്മദ് റാകിപ് കളിക്കാനിറങ്ങുകയും ചെയ്തു. തുടർന്നങ്ങോട്ടുള്ള കുറച്ചുസമയം കളി പരുക്കനായിരുന്നു. രണ്ട് ടീമുകളും തുടരെ തുടരെ ഫൗളുകൾ ചെയ്തുകൊണ്ടിരുന്നു.

33ആം മിനുട്ടിൽ പെനാൽറ്റിയിലൂടെയാണ് ഇഗോർ അംഗുലോ മുംബൈയുടെ ഗോൾ നേടിയത്. ബ്രസീലിയൻ താരം കാസ്സിയോ ഗബ്രിയേലിനെ ബോക്സിനകത്തുവെച്ചു ഇവാൻ ഗോൺസാലെസ് ഫൗൾ ചെയ്തതിനാണ് മുംബൈക്ക് പെനാൽറ്റി ലഭിച്ചത്. മൂന്ന് മിനുട്ടുകൾക്കകം ഇഗോർ തന്റെ രണ്ടാമത്തെ ഗോളും നേടി. റെയ്നിയറിന്റെ മനോഹരമായ പാസ്സ് പിടിച്ചെടുത്ത അംഗുലോ തന്റെ രണ്ടാമത്തെ ടച്ചിൽ പന്ത് വലയിലെത്തിക്കുകയായിരുന്നു(2-0). ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് മുംബൈക്ക് തുറന്ന അവസരം ലഭിച്ചെങ്കിലും റെയ്നിയറിന്റെ ഷോട്ട് ക്രോസ്സ്ബാറിൽ ഇടിച്ച് മടങ്ങി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സേവിയർ ഗാമയെ മാറ്റി പകരം നോങ്ഡോമ്പ നോറെം കളിക്കളത്തിലെത്തുകയും ആദ്യനിമിഷം തന്നെ കോർണർ നേടിയെടുക്കുകയും ചെയ്തു. പക്ഷെ ആ കോർണറിൽ നിന്ന് ഒന്നും ചെയ്യാൻ ഗോവയ്ക്ക് കഴിഞ്ഞില്ല. തുടർന്ന് പതിയെ കളിയിലേക്ക് തിരിച്ചുവരാൻ ഗോവ ശ്രമിച്ചെങ്കിലും ഫിനിഷിങ്ങിലെ അപാകതകൾ അവർക്ക് വിനയായി. 75ആം മിനുട്ടിൽ അഹ്മദ് ജാഹു എടുത്ത ഫ്രീകിക്കിൽനിന്ന് പകരക്കാരനായെത്തിയ കാറ്ററ്റൌ തന്റെ ആദ്യ ടച്ചിൽ നിന്നുതന്നെ മുംബൈയുടെ മൂന്നാം ഗോൾ നേടി(3-0). എൺപതാം മിനുട്ടിൽ ദേവേന്ദ്ര മൊർഗാവ്ക്കർ കനത്ത ഷോട്ടിലൂടെ ഗോൾ നേടാൻ ശ്രമിച്ചെങ്കിലും ഗോൾകീപ്പർ നവാസ് അതിലും മനോഹരമായി അത് രക്ഷപ്പെടുത്തി. അവസാന നിമിഷങ്ങളിൽ തിരിച്ചുവരാൻ ഗോവ കിണഞ്ഞുശ്രമിച്ചെങ്കിലും മുംബൈ വിജയം നേടിയെടുത്തു.

 

ലൈനപ്പ്‌-

MCFC:- മുഹമ്മദ് നവാസ്(GK), അമെയ് റാണവാടെ, മൊർത്താദ ഫാൾ(C), രാഹുൽ ഭേകേ, വിഘ്നേഷ് ദക്ഷിണാമൂർത്തി, അപുയ, അഹ്മദ് ജാഹു, ബിപിൻ സിംഗ്, കാസ്സിയോ ഗബ്രിയേൽ, റെയ്നിയർ ഫെർണാണ്ടെസ്, ഇഗോർ അംഗുലോ.

FCG:- ധീരജ് സിംഗ്(GK), ലിയാണ്ടർ ഡി’കുന്ഹ, പപ്പുയ, ഇവാൻ ഗോൺസാലെസ്, സാൻസൺ പെരെയ്‌ര, എടു ബേഡിയ, ഗ്ലാൻ മാർട്ടിൻസ്, സേവിയർ ഗാമ, റൊമാരിയോ ജെസുരാജ്, ആൽബർട്ടോ നോഗുവേറ, അയ്രം കബ്റെറ.

-Navya C

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply