ചാമ്പ്യൻമാരെ തറപറ്റിച്ച് ഹൈദരാബാദ്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് നൈസാമുകൾ വിജയം നേടിയത്.
മികച്ച വേഗതയോടെയാണ് മത്സരം ആരംഭിച്ചത്. രണ്ട് ടീമുകളും ചടുലമായ നീക്കങ്ങളുമായി കളംനിറഞ്ഞപ്പോൾ കാണികൾക്ക് അതൊരു വിരുന്നായിമാറി.
ഹൈദരാബാദ് തങ്ങളുടെ ഡിഫെൻസിൽ വരുത്തിയ ചെറിയ പിഴവിൽനിന്നാണ് മുംബൈ ലീഡ് നേടിയത്. ത്രോ-ഇന്നിൽ നിന്നുവന്ന പന്ത് ഗബ്രിയേൽ കാസ്സിയോ ബോക്സിലേക്ക് മറിച്ചുനൽകിയെങ്കിലും ചിങ്ലെൻ സനയുടെ ദേഹത്തു തട്ടിത്തെറിച്ചു. പന്ത് അടിച്ചുകളയുന്നതിൽ അലംഭാവം കാണിച്ച ഹൈദരാബാദ് അതിനുതക്ക വിലകൊടുക്കേണ്ടി വന്നു. ജാഹു എടുത്ത ഷോട്ട് കട്ടിമണിയെയും മറികടന്ന് വലയിൽ കയറി(1-0).
മറുപുറത്തു ഹൈദരാബാദ് ജോയൽ ചിയാനീസെയിലൂടെ നടത്തിയ മുന്നേറ്റം പെനാൽറ്റിയിൽ കലാശിക്കുകയായിരുന്നു. ചിയാനീസെയെ ബോക്സിനകത്ത് വച്ചു ഫൗൾ ചെയ്ത ബിപിൻ സിംഗ് ഹൈദരാബാദിന് അനുകൂലമായ പെനാൽറ്റിക്ക് വഴിവെച്ചു കൊടുക്കുത്തു. കിക്കെടുത്ത ജാവോ വിക്ടറിനു പിഴച്ചില്ല, പന്ത് നവാസിനെയും മറികടന്ന് വലചുംബിച്ചു(1-1).
മുംബൈ കളിയിൽ പതിയെ മേധാവിത്വം നേടിയെങ്കിലും തങ്ങളുടെ സ്ഥിരം പാസ്സിങ്, പ്രെസ്സിങ് ശൈലിയിലൂടെ ഹൈദരാബാദും കളിയിൽ നിറഞ്ഞുനിന്നു. ആദ്യപകുതി 1-1 സമനിലയിൽ അവസാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കം മുതൽ ഹൈദരാബാദ് കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. വിങ്ങുകളിലൂടെയും മധ്യത്തിലൂടെയും ഹൈദരാബാദ് നടത്തിയ തുടരേയുള്ള മുന്നേറ്റങ്ങൾക്ക് മൊർത്താദ ഫാളും മുംബൈയുടെ ഡിഫെൻസും ചേർന്ന് തടയിട്ടുകൊണ്ടിരുന്നു. എങ്കിലും അർഹിച്ചിരുന്ന ലീഡ് മാനുവൽ റോക്കയുടെ കുട്ടികൾ നേടിയെടുത്തു. അനികേത് ജാദവ് വലതുപാർശ്വത്തിലൂടെ നടത്തിയ മുന്നേറ്റത്തിനൊടുവിൽ ബോക്സിലേക്ക് ഒരു കട്ട്-ബാക്ക് പാസ്സ് നൽകി. മൊർത്താദ ഫാളിനെയും മറികടന്നുപോയ പന്ത് ബോക്സിൽ കാത്തുനിന്ന ഓഗ്ബെച്ചേയ്ക്ക് ലഭിക്കുകയും അദ്ദേഹം ഗോൾ നേടുകയും ചെയ്തു(2-1). പിന്നിലായി പോയെങ്കിലും മുംബൈ മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷെ അവരുടെ അക്രമണങ്ങൾക്ക് മൂർച്ച കുറവായിരുന്നു.
മൃഗീയ ബോൾ ഭൂരിപക്ഷവുമായി മുംബൈ മുന്നേറിയെങ്കിലും ഗോളിലേക്കെത്താൻ മാത്രം അവർക്ക് സാധിച്ചില്ല. ഹൈദരാബാദാകട്ടെ കിട്ടുന്ന അവസരങ്ങളിലെല്ലാം ഭീഷണി സൃഷ്ടിച്ചുകൊണ്ടിരുന്നു. ഇരുടീമുകളും സബ്സ്റ്റിട്യൂഷനുകൾ നടത്തിയെങ്കിലും അതിന്റെ ഫലം ലഭിച്ചത് ഹൈദരാബാദിനാണ്. പകരക്കാരനായിവന്ന രോഹിത് ധാനു അവരുടെ ലീഡ് 2 ഗോളുകളായി ഉയർത്തി(3-1). ആശിഷ് റായ് എടുത്ത ത്രോ-ഇന്നിൽ നിന്ന് തട്ടിത്തെറിച്ചുവന്ന പന്താണ് രോഹിത് നവാസിനെയും മറികടന്നു ഗോളിലേക്കെത്തിച്ചത്. മുംബൈയുടെ തുടർന്നുള്ള മുന്നേറ്റങ്ങളെല്ലാം ഹൈദരാബാദിന്റെ പ്രതിരോധനിര തടയിട്ടു. കളിക്കളത്തിൽ നിറഞ്ഞുകളിച്ച ഹൈദരാബാദ് എഫ്.സിയുടെ ക്യാപ്റ്റൻ കൂടിയായ ജാവോ വിക്ടർ പ്രത്യേക പരാമർശം അർഹിക്കുന്നു.
ലൈനപ്പ്:-
HFC:- ലക്ഷ്മികാന്ത് കട്ടിമണി(GK), ആശിഷ് റായ്, ചിങ്ലെൻ സന സിംഗ്, യുവാനാൻ, ആകാശ് മിശ്ര, ജാവോ വിക്ടർ(C), ഹിതേഷ് ശർമ്മ, മുഹമ്മദ് യാസിർ, അനികേത് ജാദവ്, ജോയൽ ചിയാനീസെ, ഓഗ്ബെച്ചേ.
MCFC:- മുഹമ്മദ് നവാസ്(GK), അമെയ് റാണവാടെ, മൊർത്താദ ഫാൾ(C), രാഹുൽ ഭേകേ, മുഹമ്മദ് റാകിപ്, അഹമ്മദ് ജാഹു, റെയ്നിയർ ഫെർണാണ്ടെസ്, ബിപിൻ സിംഗ്, അപുയ, ഗബ്രിയേൽ കാസ്സിയോ, ഇഗോർ അംഗുലോ.
Leave a reply