നേടിയതെല്ലാം നിലനിർത്താൻ ഒരുങ്ങി മുംബൈ സിറ്റി

ഐഎസ്എൽ ഏഴാം പതിപ്പിൽ സർവ്വാധിപത്യം പുലർത്തി കപ്പുയർത്തിയ മുംബൈ സിറ്റി എഫ്സി കിരീടം നിലനിർത്താൻ ഒരുങ്ങുന്നു. ലീഗിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഷീൽഡ് നേടിയതിന് ശേഷം ഫൈനൽ ജയിച്ചുകൊണ്ട് കപ്പും നേടിയ ആദ്യ ടീമായ മുംബൈ നേട്ടം ആവർത്തിക്കാൻ വേണ്ടി പടയൊരുക്കം നടത്തുകയാണ്. ഏഴാം സീസൺ കഴിഞ്ഞതിനു ശേഷം കാര്യമായ മാറ്റങ്ങൾ ടീമിൽ ഉണ്ടായിട്ടുണ്ട്.

കിരീടനേട്ടത്തിലേക്ക് നയിച്ച സെർജിയോ ലോബറ എന്ന സൂപ്പർ പരിശീലകൻ പോയതും പകരക്കാരൻ ആയി ഡെസ് ബെക്കിങ്ഹാം വന്നതും വലിയ വാർത്ത ആയിരുന്നു. ടീമിലെ താരങ്ങളിലും സുപ്രധാന മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. മൊഹമ്മദ് നവാസ്, രാഹുൽ ഭേക്കെ, അപ്പൂയ, ഗുർകീരത് സിങ്, നവോച സിങ് തുടങ്ങിയ ഇന്ത്യൻ താരങ്ങളേയും ബ്രാഡ് ഇന്മാൻ, കാസിയോ ഗബ്രിയേൽ, ഇഗോർ കറ്റാറ്റു, ഇഗോർ അംഗൂലോ തുടങ്ങിയ വിദേശ താരങ്ങളെയും ടീമിൽ എത്തിച്ചപ്പോൾ അമരീന്ദർ സിങ്, ആദം ലെ ഫോന്ദ്രെ, ഹ്യൂഗോ ബൗമസ്, ഓഗ്ബച്ചെ തുടങ്ങിയ ടീമിലെ പ്രധാന കളിക്കാർ ടീം വിട്ടു പോയി. ജാക്കിച്ചന്ത് സിങ് ലോൺ അടിസ്ഥാനത്തിൽ ഈസ്റ്റ് ബംഗാളിൽ പോവുകയും ചെയ്തു.

ക്വാരൻ്റിൻ അവസാനിച്ച് ഒക്ടോബർ 17നു ഗോവയിൽ പ്രീ സീസൺ ആരംഭിച്ച നിലവിലെ ചാമ്പ്യന്മാർ നാല് ഫ്രൻഡ്‌ലി മത്സരങ്ങൾ കളിച്ചു. ഒക്ടോബർ 31നു ഹൈദരാബാദ് എഫ്സി ആയിട്ട് നടന്ന മത്സരത്തിൽ ഇഗോർ അംഗൂലോ,ഗുർകിരത് സിങ് എന്നിവർ നേടിയ ഗോളിൻ്റെ ബലത്തിൽ 2-1 എന്ന സ്കോറിന് ജയിച്ചു. നവംബർ 4നു ജംഷഡ്പൂർ എഫ്സി ആയിട്ടുള്ള മത്സരം മോശം കാലാവസ്ഥയെ തുടർന്ന് ഉപേക്ഷിച്ചു. പിന്നീട് നവംബർ 9നു ഒഡിഷ എഫ്സി ആയിട്ട് നടന്ന മത്സരം 0-0 സമനില ആയിരുന്നു. നവംബർ 14നു സീസണിന് മുൻപുള്ള അവസാന പ്രീ സീസൺ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ആയി കാസിയോ ഗബ്രിയേൽ എന്ന കാസിൻഹോ നേടിയ ഗോളിൽ 1-1 സമനിലയോട് കൂടി പ്രീ സീസൺ മത്സരങ്ങൾ അവസാനിച്ചു. ഒരു ജയം രണ്ടു സമനില എന്നിവ ആണ് മത്സരഫലങ്ങൾ.

ഒരു മാസത്തോളം വരുന്ന പ്രീ സീസൺ ആണ് ടീമിന് ലഭിച്ചത്. പുതിയ പരിശീലകൻ്റെ പാടവങ്ങളോട് താരങ്ങൾ എത്ര വേഗം ഇണങ്ങി വരും എന്ന് കണ്ടറിയണം. നല്ല ഒരു പിടി താരങ്ങളെ ടീമിൽ എത്തിച്ച മുംബൈക്ക് ടീമിലെ നെടുന്തൂൺ ആയ ചില താരങ്ങളെ നഷ്ടപ്പെട്ടതും എടുത്ത് പറയേണ്ട വസ്തുത ആണ്. വീണ്ടും ചാമ്പ്യൻ ആകാനുള്ള മുംബൈയുടെ കുതിപ്പ് നവംബർ 22നു ഗോവയ്ക്ക് എതിരെ ആരംഭിക്കും. ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ എട്ടാം പതിപ്പിൽ വീണ്ടും സൂപ്പർ ആകാൻ മുംബൈ സിറ്റിക്ക് കഴിയുമോ എന്നറിയാൻ ഇനി ദിവസങ്ങളുടെ കാത്തിരുപ്പ് മാത്രം.

Arjunan S Nair

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply