സീസണിലെ ആദ്യ ജയം തേടി ഖാലിദ് ജമീലിന്റെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ന് ചെന്നൈയിൻ എഫ്സിയെ നേരിടും. ഹൈദരാബാദ് എഫ്സിക്കെതിരെയുള്ള നേരിയ വിജയത്തോടെയാണ് ചെന്നൈയിൽ എഫ്സിയുടെ വരവ്. സർവ്വാധിപത്യമുള്ള വിജയം തന്നെയാവും മറീന മച്ചാൻസിന്റെ ലക്ഷ്യം.
ആദ്യ മത്സരത്തിൽ ബെംഗളൂരു എഫ്സിയോട് രണ്ടിനെതിരെ നാല് ഗോളുകൾക്ക് തോൽവി വഴങ്ങിയ നോർത്തീസ്റ്റിന് അടുത്ത മത്സരത്തിലും പ്രതീക്ഷിക്കൊത്ത ഫലം നേടാനായില്ല. കേരള ബ്ലാസ്റ്റേഴ്സിനെതിരെയായിരുന്ന കഴിഞ്ഞ മത്സരവും ഗോൾ രഹിത സമനിലയുടെ നിരാശയിൽ അവസാനിച്ചു.
ചെന്നെയിൻ എഫ്സിയാകട്ടെ ആദ്യ മത്സരത്തിൽ തന്നെ ഹൈദരാബാദിനെതിരെ പെനാൽറ്റി ഗോളിൽ ഭാഗ്യ വിജയം നേടിയാണ് വരുന്നത്.
ചെന്നൈയിൻ എഫ്സി മിഡ്ഫീൽഡർ റാഫേൽ ക്രിവല്ലാരോയുടെ സേവനം പരിക്ക് കാരണം ടീമിന് നഷ്ടപ്പെടും. കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടിയ വ്ളാദിമിർ കോമാനിലാണ് ഇപ്പോൾ ടീം പ്രതീക്ഷയർപ്പിക്കുന്നത്. നോർത്തീസ്റ്റ് യുണൈറ്റഡിന് ദെഷോൺ ബ്രൗൺ, ഫെഡറിക്കോ ഗായെഗോ, വിപി സുഹൈർ തുടങ്ങിയവരുടെ സേവനം മുന്നേറ്റ നിരയിൽ ലഭ്യമാവും. മിർഷാദ് മിച്ചു, ജസ്റ്റിൻ ജോർജ്ജ്, മഷൂർ ഷരീഫ്, മുഹമ്മദ് ഇർഷാദ്, ഗാനി നിഗം, വിപി സുഹൈർ എന്നീ മലയാളികൾ നോർത്തീസ്റ്റ് സ്ക്വാഡിലുണ്ട്. ജോബി ജസ്റ്റിൻ, ജോൺസൺ മാത്യൂസ് എന്നിവരാണ് ചെന്നൈയിൻ എഫ്സിയിലെ മലയാളി സാന്നിധ്യങ്ങൾ.
ഇരു ടീമുകളും പതിനാല് വട്ടം ഏറ്റുമുട്ടിയപ്പോൾ ആറ് തവണയും വിജയം നോർത്തീസ്റ്റിനൊപ്പമായിരുന്നു. മൂന്ന് തവണ ചെന്നൈയിൻ എഫ്സി ജയം കണ്ടപ്പോൾ അഞ്ച് മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. വിജയമെന്ന മുഖ്യ ലക്ഷ്യത്തോടെയാവും ഖാലിദ് ജമീലിന്റെ കീഴിലുള്ള ഹൈലാന്റേഴ്സും രണ്ട് തവണ ചാമ്പ്യന്മാരായ ചെന്നൈയിൽ എഫ്സിയും ഇന്നിറങ്ങുന്നത്.
നിലവിൽ ഒരു കളിയിൽ നിന്ന് മൂന്ന് പോയിന്റുമായി ഏഴാം സ്ഥാനത്താണ് ചെന്നൈയിൻ എഫ് സി. അതേ സമയം രണ്ട് മത്സരങ്ങളിൽ നിന്നും ഒരു പോയിന്റാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ നേട്ടം.
ഇന്ന് രാത്രി ഇന്ത്യൻ സമയം 7:30 ന് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ഫട്ടോർഡ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. നോർത്തീസ്റ്റ് യുണൈറ്റഡിന്റെ ഹോം മത്സരമായാണ് ഇത് കണക്കാക്കുന്നത്.
~Jumana Haseen K
Leave a reply