ഉന്നമില്ലാതെ ബ്ലാസ്റ്റേഴ്‌സ്; രണ്ടാം മത്സരം സമനിലയിൽ.

ഐ.എസ്.എല്ലിൽ രണ്ടാം മത്സരത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് ഗോൾ രഹിത സമനില. നോർത്ത് ഈസ്റ്റ് യൂണൈറ്റഡുമായി നടന്ന മത്സരത്തിൽ ഇരു ടീമുകൾക്കും ഗോളുകൾ കണ്ടെത്താനായില്ല.

ആദ്യ പകുതിയിൽ വളരെ പതിഞ്ഞ താളത്തിലാണ് മത്സരം പുരോഗമിച്ചത്. എന്നാൽ മത്സരത്തിൽ മികച്ച അവസരങ്ങൾ ഇരു ടീമുകൾക്കും ലഭിച്ചു. മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ആധിപത്യം പുലർത്തിയെങ്കിലും ഗോളുകൾ കണ്ടെത്താനായില്ല. ആദ്യ പകുതിയിൽ പെരേര ഡയസും, രണ്ടാം പകുതിയിൽ സഹൽ അബ്ദുൽ സമദും ഓരോ സുവർണ്ണാവസരങ്ങളാണ് നഷ്ടപ്പെടുത്തിയത്. ഗോൾ കീപ്പറെയും ഒഴിഞ്ഞു കിട്ടിയ അവസരങ്ങളാണ് ഇരുവരും പുറത്തേക്ക് അടിച്ച് ആരാധകർക്ക് നിരാശ സമ്മാനിച്ചത്.

എന്നാൽ കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ കെ.പി.രാഹുലിന് പകരക്കാരനായി ആദ്യ ഇലവനിൽ എത്തിയ വിൻസി ബാരറ്റോ മിന്നും പ്രകടനമാണ് പുറത്തെടുത്തത്. വലതു വിങ്ങിലൂടെ കുതിച്ചുകയറിയ വിൻസി പലപ്പോഴും മികച്ച ഗോൾ അവസരങ്ങൾ സൃഷ്ടിച്ചു. വിൻസി മെനഞ്ഞെടുത്ത ഒരു സുവർണ്ണാവസരമാണ് സഹൽ പുറത്തേക്കടിച്ചു കളഞ്ഞത്.

നിലവിൽ പോയിന്റ് പട്ടികയിൽ രണ്ട് മത്സരങ്ങളിൽ ഒരു സമനിലയും, ഒരു പരാജയവുമായി 1 പോയിന്റോടെ എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. നവംബർ 28ന് ബംഗളുരു എഫ്.സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply