നോർത്തീസ്റ്റിനെതിരെ ഗോൾ മഴ പെയ്യിച്ചു ഹൈദരാബാദ്. ഒന്നിനെതിരെ അഞ്ചുഗോളുകൾക്കാണ് ഹൈദരാബാദ് ഹൈലാൻഡേഴ്സിനെ തകർത്തത്.
ഹൈദരാബാദിന്റെ നീക്കങ്ങളോടെയാണ് കളിയാരംഭിച്ചത്. ബോൾ പൊസ്സഷൻ നിലനിർത്തിയുള്ള ആക്രമണങ്ങൾക്കാണ് എന്നത്തേയുംപോലെ ഹൈദരാബാദ് ശ്രമിച്ചത്. നോർത്തീസ്റ്റാകട്ടെ പ്രതിരോധത്തിൽ ഉറച്ചുനിന്നു.
ഹൈദരാബാദിന്റെ ആദ്യഗോൾ വന്നത് എടു ഗാർഷ്യ എടുത്ത ഫ്രീകിക്കിലൂടെ ആയിരുന്നു. പന്ത് പോസ്റ്റിലിടിച്ചു മടങ്ങിയെങ്കിലും ബോക്സിൽ തക്കം പാർത്തിരുന്ന സന അത് കൃത്യമായി വലയിലെത്തിച്ചു(1-0). ലീഡ് നേടിയതോടെ കൂടുതൽ കരുത്താർജ്ജിച്ച നൈസാമുകൾ മത്സരം മുപ്പത് മിനുട്ടാകുന്നത്തിന് മുൻപുതന്നെ ലീഡ് ഉയർത്തി. ഇത്തവണ അവർക്കായി ഗോൾ നേടിയത് ബാർതലോമിയോ ഓഗ്ബെച്ചേ ആണ്(2-0).
നോർത്തീസ്റ്റ് കളിയിലേക്ക് വരാൻ ശ്രമിച്ചെങ്കിലും അതിനുള്ള ഫലം ലഭിച്ചത് ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടുമുൻപാണ്. നീളമേറിയ ത്രോഇന്നിൽ നിന്ന് വന്ന ബോൾ ഹൈദരാബാദ് ബോക്സിനകത്തു ആശയകുഴപ്പം സൃഷ്ടിച്ചു. ആ അവസരം മുതലെടുത്ത വി.പി സുഹൈർ ലക്ഷ്യത്തിലേക്ക് ബോൾ അടിച്ചെങ്കിലും ബോക്സിൽ പ്രതിരോധം തീർത്ത ഓഗ്ബെച്ചേ അത് തടഞ്ഞു. പക്ഷെ തിരിച്ചുവന്ന പന്ത് ദന്മാവിയ കൃത്യമായി വലയിൽ നിക്ഷേപിച്ചു(2-1).
രണ്ടാം പകുതിയിൽ മാറ്റങ്ങളോടെ തുടങ്ങിയ നോർത്തീസ്റ്റ് ഹൈദരാബാദിന്റെ ഓരോ നീക്കങ്ങൾക്കും തടയിടുന്ന കാഴ്ചയാണ് പിന്നീടങ്ങോട്ട് കണ്ടത്. ഒരുപാട് അവസരങ്ങൾ ഇരുടീമുകളും ഉണ്ടാക്കിയെടുത്തെങ്കിലും ഗോളിലേക്കെത്താൻ മാത്രം ആയില്ല. എന്നാൽ ഓഗ്ബെച്ചേ എന്ന സ്ട്രൈക്കറെ പിടിച്ചുനിർത്താൻ അധികനേരം നോർത്തീസ്റ്റിനു കഴിഞ്ഞില്ല. ബോക്സിനു പുറത്തുനിന്ന് ബാർട്ട് എടുത്ത കിക്ക് സുഭാഷിഷിനു ഒരവസരവും നൽകിയില്ല(3-1).
എന്നാൽ ഹൈദരാബാദ് നിർത്താനുള്ള ഉദേശത്തിലായിരുന്നില്ല. പകരക്കാരാനായെത്തിയ അനികേത് ജാഥവ് കൂടെ സ്കോർ പട്ടികയിൽ ഇടംനേടിയതോടെ ഹൈദരാബാദ് വിജയം ഉറപ്പിച്ചു(4-1). പക്ഷെ അവിടംകൊണ്ടും ഗോൾ വേട്ട അവസാനിച്ചില്ല. ഹൈദരാബാദിന്റെ യുവ സ്പാനിഷ് താരം ടീമിനായി തന്റെ ആദ്യഗോൾ കൂടെ നേടിയതോടെ നോർത്തീസ്റ്റിന്റെ പ്രതീക്ഷകളെല്ലാം അസ്തമിച്ചു(5-1).
ലൈനപ്പ്:-
HFC:-ലക്ഷ്മികാന്ത് കട്ടിമണി(GK), ആശിഷ് റായ്, ചിങ്ലെൻ സന സിംഗ്, ജാവോ വിക്ടർ(C), ആകാശ് മിശ്ര, യുവാനാൻ, ഹിതേഷ് ശർമ്മ, നിഖിൽ പൂജാരി, എടു ഗാർഷ്യ, രോഹിത് ധനു, ബാർത്തലോമിയോ ഓഗ്ബെച്ചേ.
NEUFC:- സുഭാഷിഷ് റോയ് ചൗധരി(GK)(C), പാട്രിക്ക് ഫ്ലോട്ട്മാൻ, ടൊൺഡോബ സിംഗ്, ഹെർണൻ സന്റാന, മുഹമ്മദ് ഇർഷാദ്, ജോ സോഹർലിയാന, പ്രഗ്യാൻ ഗൊഗോയ്, ഇമ്രാൻ ഖാൻ, ലാൽദന്മാവിയ റാൾട്ടെ, മത്തിയാസ് കൂറർ, വി.പി സുഹൈർ
- Navya
Leave a reply