ഐഎസ്എൽ ഏഴാം സീസണിൽ ചരിത്രം കുറിച്ച ടീമാണ് നോർത്തീസ്റ്റിന്റെത്. ഒരു ഇന്ത്യൻ ഹെഡ് കോച്ചിന് കീഴിൽ പ്ലേ-ഓഫിൽ കയറുന്ന ആദ്യ ടീമായി അവർ റെക്കോർഡിട്ടു. ജെറാർഡ് നസ് എന്ന സ്പാനിഷ് കോച്ചിന് കീഴിൽ ഇടയ്ക്ക് വെച്ചു പതറിപോയ ടീമിനെ ഖാലിദ് ജമീൽ എന്ന യുവേഫ പ്രൊ ലൈസൻസ് ഹോൾഡർ തന്റെ അത്ഭുതവിദ്യകളിലൂടെ സെമിഫൈനലിൽ എത്തിക്കുകയാണുണ്ടായത്.
പുതിയൊരു സീസൺ പടിവാതിലിൽ എത്തിനിൽക്കുമ്പോൾ കരുത്തുറ്റ ടീമുമായിട്ടാണ് നോർത്തീസ്റ്റിന്റെ വരവ്. അവരുടെ ഏറ്റവും മികച്ച താരമായ ഫെഡറിക്കോ ഗായെഗോയെയും, ഡിഫെൻസീവ് മിഡ്‌ഫീൽഡിലെ ശക്തി ഖാസ കമാറയെയും, മുന്നേറ്റത്തിൽ ദേഷോൺ ബ്രൗണിനെയും നിലനിർത്തിയ നോർത്തീസ്റ്റ് മുംബൈ സിറ്റി എഫ്. സിയിൽ നിന്ന് ഹെർനൻ സന്റാനയെ ടീമിലെത്തിക്കുകയും ചെയ്തു. ഓസ്ട്രേലിയൻ താരം പാട്രിക്ക് ഫ്ലോട്മാൻ ആണ് അവരുടെ എ.എഫ്.സി സൈനിംഗ്. മാർട്ടിനിക്വെ താരം മത്തിയാസ് കൊറയർ അവരുടെ വിദേശത്താരങ്ങളുടെ പട്ടിക തികയ്ക്കുന്നു. മികച്ച വിദേശ താരങ്ങളോടൊപ്പം ഒരുപിടി നല്ല ഇന്ത്യൻ യുവതാരങ്ങളും അവർക്കൊപ്പമുണ്ട്. ഗോൾകീപ്പർ മിർഷാദ്, മുഹമ്മദ് ഇർഷാദ്, മഷൂർ ഷെരീഫ്, ജെസ്റ്റിൻ ജോർജ്, വി.പി സുഹൈർ, ഗനി നിഗം എന്നീ 6 മലയാളി താരങ്ങളും നോർത്തീസ്റ്റ് യുണൈറ്റഡിന്റെ സ്‌ക്വാഡിനൊപ്പമുണ്ട്.
സെപ്റ്റംബർ പകുതിയോടെ പ്രീസീസൺ പരിശീലനം ആരംഭിച്ച നോർത്തീസ്റ്റ് പക്ഷെ വളരെ കുറച്ച് സൗഹൃദമത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളു. ഒക്ടോബർ 27ന് ജംഷെദ്പുർ എഫ്.സിയുമായി ഗോവയിൽവെച്ച് ആദ്യ സൗഹൃദമത്സരം കളിച്ച അവർ ജോർദാൻ മറെ നേടിയ രണ്ട് ഗോളുകൾക്ക് തോൽക്കുകയായിരുന്നു(2-0). പിന്നീട് നവംബർ 8ന് ഹൈദരാബാദ് എഫ്.സിയുമായി മത്സരിച്ച അവർ 1-1 സമനിലയിൽ പിരിഞ്ഞു. മത്തിയാസ് കൊറയർ നോർത്തീസ്റ്റിനായി ഗോൾനേടിയപ്പോൾ ഹോളിച്ചരൺ നാർസാരി ഹൈദരാബാദിനായി സമനില ഗോൾ നേടി.
പ്രീസീസൺ മത്സരങ്ങളുടെ എണ്ണത്തിൽ പിറകിലാണെങ്കിലും കളിക്കളത്തിൽ അതൊന്നും ടീമിനെ ബാധിക്കില്ല എന്ന വിശ്വാസത്തിലാണ് ആരാധകർ. മികച്ച രീതിയിൽ ഡ്രസിങ്-റൂം അന്തരീക്ഷം നിലനിർത്തിക്കൊണ്ടുപോകാൻ കഴിയുന്ന ആളാണ് ഖാലിദ് ജമീൽ എന്നദേഹം തെളിയിച്ചതാണ്. യുവ ഇന്ത്യൻ താരങ്ങളുടെയും, പരിചയസമ്പന്നരായ ഇന്ത്യൻ താരങ്ങളുടെയും ഒപ്പം മികച്ച വിദേശതാരങ്ങളുടെയും “പെർഫെക്ട് മിക്സ്” ആണ് നോർത്തീസ്റ്റിനുള്ളത്, ഇനിയത് മികച്ച രീതിയിൽ ഉപയോഗിക്കുന്നതിലാണ് കാര്യം. സീസണിൽ നല്ല പ്രകടനം കാഴ്ചവെച്ചു കഴിഞ്ഞ വർഷത്തിലേതുപോലെ സെമിഫൈനലിലേക്കും തുടർന്ന് കിരീടത്തിലേക്കും എത്താൻ നോർത്തീസ്റ്റിന് കഴിയുമെന്ന് ആരാധകാർക്ക് പ്രതീക്ഷിക്കാം.
~നവ്യ
Leave a reply