ഗോൾമഴ പെയ്ത മത്സരത്തിൽ ഒഡിഷയ്ക്ക് ആവേശജയം. ആറിനെതിരെ നാലുഗോളുകൾക്കാണ് എസ്. സി ഈസ്റ്റ് ബംഗാളിനെ ഒഡിഷ തകർത്തുവിട്ടത്.
മികച്ച വേഗതയോടെ തുടങ്ങിയ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ കൂടുതലായി ആധിപത്യം പുലർത്തുകയും അവർ ഗോളിലേക്കെത്തുമെന്ന് തോന്നിപ്പിക്കുകയും ചെയ്തു. മികച്ച പാസ്സുകളും ഇന്റർസെപ്ഷനുകളുമായി അവർ കളം നിറഞ്ഞ് കളിച്ചപ്പോൾ ഒഡിഷ അവരെ പിടിച്ചുനിർത്താൻ നന്നേ ബുദ്ധിമുട്ടി. രാജു ഗെയ്ക്വാദ് എടുത്ത നീളൻ ത്രോ പ്രതിരോധിക്കുന്നതിൽ ഒഡിഷ വരുത്തിയ പിഴവിൽനിന്ന് പന്ത് പിടിച്ചെടുത്ത ഡാരൻ സിഡോവൽ എടുത്ത ഷോട്ട് കമൽജീത്തിന് ഒരവസരവും നൽകാതെ വലതൊട്ടു(1-0).
പിന്നീടങ്ങോട്ടും ഈസ്റ്റ് ബംഗാളിന്റെ ആധിപത്യമാണ് കളിയിൽ കണ്ടത്. പക്ഷെ മികച്ച ടീമുമായി വന്ന ഒഡിഷയെ ഒരുപാട് നേരം പിടിച്ചുനിർത്താൻ അവർക്ക് കഴിഞ്ഞില്ല. ഒഡിഷയ്ക്ക് ലഭിച്ച ഫ്രീകിക്കിൽ നിന്നാണ് അവർ ആദ്യ വെടിപൊട്ടിച്ചത്. ബോക്സിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന ഹെക്ടർ റോഡാസ് പന്ത് കൃത്യമായി തന്റെ തലകൊണ്ട് ചെത്തിയിട്ട് വലയിലെത്തിച്ചു(1-1). ഹാവി ഹെർണാണ്ടസാണ് അസ്സിസ്റ്റ് നൽകിയത്.
അൽപസമയത്തിനുശേഷം പരിക്ക് മൂലം ഒഡിഷയ്ക്ക് അവരുടെ ഇടതുവിംഗറായ നന്ദകുമാർ ശേഖറിനെ നഷ്ടപ്പെട്ടു, പകരം ഇസാക്ക് കളിക്കളത്തിലെത്തി. അടുത്ത നിമിഷങ്ങളിൽ തന്നെ ഒഡിഷ ലീഡ് നേടി. വീണ്ടും ഹാവി-റോഡാസ് സഖ്യം അവർക്കായി ഗോൾ നേടി. ഹാവി എടുത്ത കോർണർ-കിക്ക് ഈസ്റ്റ് ബംഗാൾ തീർത്ത കടുത്ത മാർക്കിങ്ങിനെയും മറികടന്ന് ഹെക്ടർ റോഡാസ് ഒരിക്കൽ കൂടി ഗോളിലേക്കെത്തി(2-1). 40ആം മിനുട്ടിൽ അടുത്ത കോർണർ കിക്കിൽ നിന്ന് ഒഡിഷ അവരുടെ ലീഡ് ഉയർത്തി. ഇത്തവണ ഹാവി സ്വയം ഗോൾ നേടുകയായിരുന്നു. കോർണർകിക്കിൽ നിന്ന് നേരിട്ട് പോസ്റ്റിലേക്ക് പന്തിനെ പറഞ്ഞയച്ച അദ്ദേഹം സുവം സെനിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് അതിമനോഹരമായ ഒളിമ്പിക് ഗോൾ സ്വന്തമാക്കി(3-1).
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഇരുകൂട്ടരും ഒട്ടേറെ മാറ്റങ്ങൾ ടീമിൽ വരുത്തി. ഈസ്റ്റ് ബംഗാൾ കളിയിലേക്ക് തിരിച്ചുവരാൻ കഴിയുന്നത്ര ശ്രമിച്ചെങ്കിലും ഒഡിഷയുടെ പ്രതിരോധനിര ഉറച്ചുനിന്നു. ഈസ്റ്റ് ബംഗാൾ തങ്ങളുടെ പ്രതിരോധം ശക്തിപ്പെടുത്തിയെങ്കിലും ഒഡിഷ നാലാം ഗോൾ നേടി. പെനാൽറ്റി ബോക്സിനു തൊട്ടുവെളിയിൽ വെച്ച് ഇസാക്കിനെ ബികാഷ് ജയ്റു ഫൗൾ ചെയ്തതിനു ലഭിച്ച ഫ്രീകിക്കാണ് അരിടായ് കബ്റേറ മനോഹരമായി വലയിലെത്തിച്ചത്(4-1).
തിരിച്ചുവരാനുള്ള ഈസ്റ്റ് ബംഗാളിന്റെ ശ്രമങ്ങൾ ഫലംകണ്ടത് എൺപതാം മിനുട്ടിലാണ്. മുഹമ്മദ് റഫീഖിന്റെ കൃത്യമായ ക്രോസ്സിന് തലവെച്ച സെംബോയ് ഹോകിപ് അവരുടെ രണ്ടാം ഗോൾ നേടി(4-2). എന്നാൽ ഈസ്റ്റ് ബംഗാളിന്റെ സന്തോഷം അധികനേരം നീണ്ടുനിന്നില്ല. മറുപുറത്തു ഒഡിഷ നടത്തിയ ആക്രമണം ഗോളിലേക്കെത്തി. ഇസാക്കാണ് ഇത്തവണ ഒഡിഷയ്ക്കുവേണ്ടി വലകുലുക്കിയത്(5-2).
തുടരെ തുടരെ അക്രമണങ്ങൾ വന്ന അടുത്ത കുറച്ച് നിമിഷങ്ങൾ രണ്ടുടീമുകൾക്കുമായി സമ്മാനിച്ചത് മൂന്ന് ഗോളുകളാണ്. കോർണർകിക്കിൽ നിന്ന് തട്ടിത്തെറിച്ചുവന്ന പന്ത് കൃത്യമായി ട്രാപ് ചെയ്ത ഡാനിയേൽ ചീമ ഒരു ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ഈസ്റ്റ് ബംഗാളിനായി വലകുലുക്കി(6-3). തൊണ്ണൂറാം മിനുട്ടിൽ ഈസ്റ്റ് ബംഗാളിനനുകൂലമായ പെനാൽറ്റി ലഭിക്കുകയും ഒരിക്കൽ കൂടെ ചീമ അവർക്കായി ഗോൾ നേടുകയും ചെയ്തു(5-4). ഗോൾകീപ്പറിനെ കൃത്യമായി കബളിപ്പിച്ചുകൊണ്ട് ചീമയെടുത്ത കിക്കിൽ കമൽജീത് സിംഗിനു ചെയ്യാനായി ഒന്നുമുണ്ടായിരുന്നില്ല.
എന്നാൽ കളി അവിടംകൊണ്ടും അവസാനിച്ചില്ല. അരിടായ് കബ്റേറ ഒരിക്കൽ കൂടെ ഒഡിഷയ്ക്കായി ലക്ഷ്യം കണ്ടപ്പോൾ തിലക് മൈതാനിനു മുകളിൽ അക്ഷരാർത്ഥത്തിൽ ഗോൾമഴ പെയ്യുകയായിരുന്നു(6-4).
ലൈനപ്പ്:-
OFC:- കമൽജീത് സിംഗ്(GK), വിക്ടർ മോഗിൽ, ഹെക്ടർ റോഡാസ്, ഹെന്ററി ആന്റണി, ലാൽറുവതാര, ഹാവി ഹെർണാണ്ടെസ്, വിനീത് റായ്(C), തോയ്‌ബ സിംഗ്, ലിൻഡൺ ക്രസിനിക്കി, നന്ദകുമാർ ശേഖർ, ജെറി മാവ്മിങ്താങ്ക.
SCEB:- സുവം സെൻ(GK), ജോയ്നർ ലോറെങ്കോ, ഹീര മൊണ്ടൽ, രാജു ഗെയ്ക്വാദ്, ഫ്രാൻജോ പ്രസ്(C), അമിർ ഡർവിസേവിച്, മുഹമ്മദ് റഫീഖ്, ഡാരൻ സിഡോവൽ, നവോറം സിംഗ്, അന്റോണിയോ പെറോസെവിച്.
Leave a reply