ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരത്തിൽ പകരക്കാരുടെ മികവിൽ ഒഡീഷ എഫ്സിക്ക് ജയം. ജൊനാതസ് നേടിയ ഏക ഗോളിലാണ് ഒഡീഷ എഫ്സി വിജയം നേടിയത് (1 – 0). നോർത്തീസ്റ്റും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഭാഗ്യം തുണച്ചില്ല. നിരവധി അവസരങ്ങളാണ് ഇരു ടീമുകൾക്കും ലഭിച്ചത്.
മികച്ച ഫോമിലായിരുന്ന ഒഡീഷ എഫ്സിക്ക് കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനോടുള്ള പരാജയത്തിന്റെ മങ്ങലേൽക്കേണ്ടി വന്നു. മൂന്ന് പോയിന്റ് നേടി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി വിജയ വഴിയിലേക്ക് തിരിച്ചെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഒഡീഷ എഫ്സി കളത്തിലിറങ്ങിയത്. മറുഭാഗത്ത് ആദ്യ മൂന്ന് മത്സരങ്ങളിൽ വിജയം കാണാതെ കഴിഞ്ഞ മത്സരത്തിൽ വിജയവഴിയിലേക്ക് തിരിച്ചെത്തിയതിന്റെ ആത്മവിശ്വാസത്തിലും തുടർ വിജയം നേടാനുറച്ചുമാണ് നോർത്തീസ്റ്റ് എത്തിയത്.
ഒഡീഷയുടെ ആക്രമണ പദ്ധതികൾ കണ്ട് കൊണ്ടാണ് കളി തുടങ്ങിയത്. എന്നാൽ പന്ത് ഹോൾഡ് ചെയ്ത് കളിച്ച നോർത്തിസ്റ്റിനാണ് തുടരെ അവസരങ്ങൾ ലഭിച്ചു കൊണ്ടിരുന്നത്. നോർത്തീസ്റ്റിന്റെ ചില മുന്നേറ്റങ്ങൾ തുടക്കത്തിൽ തന്നെ ഒഡീഷയുടെ പ്രതിരോധ നിരയെ ഒന്ന് വിറപ്പിച്ചു. തുടർന്നും ഇരു ഭാഗത്ത് നിന്നും മുന്നേറ്റങ്ങൾ ഉണ്ടായി. പതിനാറാം മിനുറ്റിൽ ഒഡീഷ എഫ്സിക്ക് ലഭിച്ച ഫ്രീകിക്ക് ലക്ഷ്യത്തിലേക്ക് പാഞ്ഞടുത്തെങ്കിലും ക്രോസ്ബാറും ഗോൾ കീപ്പറും അതിന് തടയിട്ടു. മുപ്പത്തിനാലാം മിനുട്ടിൽ ഒഡീഷയ്ക്ക് കിട്ടിയ ഒരു സുവർണാവസരം ഗോൾകീപ്പർ മിർഷാദ് സാഹസികമായി കയ്യിലൊതുക്കി. നാൽപ്പത്തി അഞ്ചാം മിനുട്ടിൽ ലഭിച്ച അവസരത്തിൽ നോർത്തീസ്റ്റ് വലകുലുക്കിയെങ്കിലും ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നിരുന്നു. ആദ്യ പകുതിയുടെ അവസാന മിനുട്ടിൽ ഒഡീഷ എഫ്സിക്ക് ലഭിച്ച കോർണറും ലക്ഷ്യം കണ്ടില്ല. രണ്ട് മിനുട്ടാണ് ആദ്യ പകുതിക്ക് ലഭിച്ച അധിക സമയം. (0 – 0)
മത്സരത്തിന് വേഗം കൂട്ടാനെന്നോണം രണ്ടാം പകുതി തുടങ്ങിയപ്പോൾ തന്നെ ഡാനിയലിന് പകരം ജെറിയെ ഒഡീഷ എഫ്സി കളത്തിലിറക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇരു ടീമുകളുടെയും നീക്കങ്ങൾ ഉണ്ടായെങ്കിലും പിന്നെ കുറച്ച് നേരത്തേക്ക് കളി തണുപ്പൻ മട്ടിലായിരുന്നു. റോച്ചാർസെലക്ക് പകരം നോർത്തീസ്റ്റിനായി ഇമ്രാൻ കളത്തിലിറങ്ങിയപ്പോൾ ഐസക്കിനും ക്രാൻസിക്കിക്കും പകരം തൊയ്ബ സിങ്ങിനെയും ജൊനാതസിനെയും ഒഡീഷ ഇറക്കി. ഇമ്രാനെ ഫൗൾ ചെയ്തതിന് ഒഡീഷ എഫ്സി ക്യാപ്റ്റൻ വിനീത് റായ് മഞ്ഞ കാർഡ് കണ്ടു. മലയാളി താരം വിപി സുഹൈറിനെ പിൻവലിച്ച് മറ്റൊരു മലയാളി താരമായ ഗാനി നിഗം പകരക്കാരനായെത്തി. എമ്പത്തി ഒന്നാം മിനുട്ടിൽ പകരക്കാരനായെത്തിയ ജൊനാതസിന്റെ ഗ്രൗണ്ടിൽ പിച്ച് ചെയ്ത ഹെഡർ ഗോൾ കീപ്പർക്ക് ഒരവസരവും നൽകാതെ വലയിലെത്തി (1-0) . ഗോളിന് അസിസ്റ്റ് നൽകിയതാവട്ടെ മറ്റൊരു പകരക്കാരൻ – തൊയ്ബ സിങ്ങ് . ഹാവിയെയും വിനീതിനെയും തിരിച്ച് വിളിച്ച ഒഡീഷ നിഖിലിനെയും പോളിനെയും പകരമിറക്കി. ഇരു ടീമുകൾക്കും നിരവധി ഫ്രീകിക്കുകളും മറ്റു സെറ്റ് പീസുകളും തുടർന്നും ലഭിച്ചു. പരിക്ക് കാരണം അരിഡായ് കബ്രേറ കളിക്കളം വിട്ടു. അഞ്ച് മിനുട്ട് അധിക സമയം ലഭിച്ച മത്സരം തൊണ്ണൂറ്റിയെട്ടാം മിനുട്ടിലേക്ക് നീണ്ടു. വിജയ ഗോൾ നേടിയ ജൊനാതസ് ആണ് മത്സരത്തിലെ ഹീറോ.
ഈ വിജയത്തോടെ ഒഡീഷ എഫ്സി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി. ഒമ്പതാം സ്ഥാനത്താണ് നോർത്തീസ്റ്റ് യുണൈറ്റഡ് എഫ്സി.
ഡിസംബർ 13 തിങ്കളാഴ്ച്ച ഹൈദരാബാദിനെതിരെയാണ് നോർത്തീസ്റ്റിന്റെ അടുത്ത മത്സരം. ഡിസംബർ 14 ചൊവ്വാഴ്ച്ച ഒഡീഷ എഫ്സി ജംഷെഡ്പൂർ എഫ്സിയെ നേരിടും.
ലൈനപ്പ്:-
ഒഡീഷ എഫ്സി : കമൽജിത്ത് (GK), വിക്ടർ, അരിടായ്, ഹാവി, ബോറ, ഡാനിയേൽ, വിനീത് (C), ഹെൻട്രി, ലാൽ റുവത്താര, ഐസക്ക്, ക്രാസ്നിക്കി
നോർത്തീസ്റ്റ് യുണൈറ്റഡ് എഫ്സി : മിർഷാദ് (GK), ഗുർജീന്ദർ, ഹെർനാൻ (C), മഷൂർ, ലാക്ര, സെഹ്നാജ്, ഖാസ കമാറ, മത്തിയാസ് കുറിയർ, ദെഷോൺ ബ്രൗൺ, റൊച്ചാർസെല
Leave a reply