ഐഎസ്എൽ എട്ടാം സീസണിലെ ആദ്യവിജയം നേടി എഫ്.സി.ഗോവ. എസ്. സി ഈസ്റ്റ് ബംഗാളിനെ 4-3 എന്ന സ്കോറിനാണ് ഗോവ തോല്പിച്ചത്. രണ്ടു ഗോളുകൾ നേടിയ ആൽബർട്ടോ നൊഗുവേരയാണ് അവരുടെ വിജയശില്പി.
ഗോൾ മഴ പെയ്ത മത്സരത്തിൽ ലീഡ് നേടിയത് ഗോവ ആണ്. നൊഗുവേര മുപ്പതുവാര അകലെനിന്നെടുത്ത ഉഗ്രൻ ഷോട്ടാണ് ശുവം സെന്നിന് ഒരവസരവും നൽകാതെ വലയിൽ കേറിയത്(1-0). ഈസ്റ്റ് ബംഗാളാകട്ടെ എത്രയും പെട്ടെന്ന് തിരിച്ചടിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ചു. അതിനുടെ ഫലം അവർക്ക് ലഭിച്ചത് കളിയുടെ ഇരുപത്തിയാറാം മിനുട്ടിലാണ്. ബികാഷ് ജയ്റുവിനെ ബോക്സിനു പുറത്തുനിന്ന് സെറിട്ടൺ ഫെർനാണ്ടസ് ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് ഗോവയുടെ പ്രതിരോധമതിലിൽ തട്ടി തിരിച്ചുവന്നെങ്കിലും പന്ത് തന്റെ വരുതിയിലാക്കിയ പെറോസെവിച് ഹാഫ് വോളിയിലൂടെ പന്ത് വലയിലെത്തിച്ചു(1-1).
എന്നാൽ അവിടംകൊണ്ടൊന്നും ഗോളുകൾ അവസാനിച്ചില്ല. അഞ്ച് മിനുട്ടിനുള്ളിൽ പെനാൽറ്റി ഗോളിലൂടെ യോർഗെ ഓർടിസ് ഗോവയെ ഒരിക്കൽകൂടെ മുൻപിലെത്തിച്ചു(2-1). ആദ്യപകുതിയുടെ കൂളിംഗ് ബ്രേക്ക് അവസാനിച്ചയുടനെ ഈസ്റ്റ് ബംഗാൾ സമനില നേടി. അമിർ ഡെർവിസെവിച് വലതുപാർശ്വത്തിൽനിന്നെടുത്ത ഫ്രീകിക്ക് ധീരജിനു മുൻപിൽ കുത്തിയുയർന്ന് വലതൊട്ടു(2-2). എന്നാൽ അവരുടെ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ആദ്യപകുതിയുടെ നിശ്ചിതസമയം അവസാനിക്കുന്നതിനു തൊട്ടുമുൻപ് ഗോവ നേടിയ കോർണർ-കിക്ക് ഡിഫെൻഡ് ചെയ്യാൻ ശ്രമിച്ച അന്റോണിയോ പെറോസെവിചിന്റെ കാലിൽത്തട്ടി ഗോളായി(3-2).
രണ്ടാം പകുതി തുടങ്ങിയത് ഗോവയുടെ അക്രമണങ്ങൾ കണ്ടുകൊണ്ടാണ്. നിരവധി തവണ അവർ ഈസ്റ്റ് ബംഗാളിന്റെ ബോക്സിനകത്തു കയറിയെങ്കിലും ഗോൾ നേടാൻ കഴിഞ്ഞില്ല. 60ആം മിനുട്ടിൽ ഈസ്റ്റ് ബംഗാൾ ഒരിക്കൽകൂടെ സമനിലയിലേക്കെത്തി. ഇത്തവണയും ഗോൾ നേടിയത് അന്റോണിയോ പെറോസെവിചായിരുന്നു. മധ്യനിരയിൽ ഗ്ലാൻ മാർട്ടിൻസ് വരുത്തിയ ഒരു മിസ്സ് പിടിച്ചെടുത്ത പെറോസെവിച് ബോളുമായി ബോക്സിനകത്തു കയറുകയും, തടയിടാനായി മുൻപോട്ട് കേറിവന്ന ധീരജിനു മുകളിലൂടെ പന്ത് കോരിയിട്ട് ഗോൾ നേടുകയും ചെയ്തു(3-3).
തുടർന്നങ്ങോട്ടുള്ള സമയത്ത് ഗോവ കൂടുതൽ അപകടകാരികൾ ആയി തോന്നിപ്പിച്ചെങ്കിലും അവർ ഗോളിലേക്കെത്തിയത് എൺപതാം മിനുട്ടിലാണ്. ഓർടിസ് വലതുവിങ്ങിൽ നിന്നും കൊടുത്ത പാസ്സ് പിടിച്ചെടുത്ത നോഗുവേര ഒരിക്കൽകൂടെ ശുവത്തിനെ മറികടന്നു(4-3).
ലൈനപ്പ്:-
SCEB:- ശുവം സെൻ(GK), ഫ്രാൻജോ പ്രസ്, ടോമിസ്ലാവ് മർസെല(C), രാജു ഗെയ്ക്വാദ്, ഹീര മോണ്ടാൽ, ബികാഷ് ജയ്റു, അമിർ ഡെർവിസെവിച്, അന്റോണിയോ പെറോസെവിച്, അമർജീത് സിംഗ്, സൗരവ് ദാസ്, നവോറം മഹേഷ് സിംഗ്.
FCG:- ധീരജ് സിംഗ്(GK), സെറിട്ടൺ ഫെർനാണ്ടസ്, ഇവാൻ ഗോൺസാലെസ്, മുഹമ്മദ് അലി, സേവിയർ ഗാമ, അയ്ബാൻ ഡോലിങ്, എടു ബെഡിയ(C), ഗ്ലാൻ മാർട്ടിൻസ്, ആൽബർട്ടോ നൊഗുവേര, ദേവേന്ദ്ര മുർഗാവ്ക്കർ, യോർഗെ ഓർടിസ്.
Leave a reply