തകർപ്പൻ കളി പക്ഷെ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനില.

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനില. ഈസ്റ്റ് ബംഗാളുമായി നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ നേടി സമനില പാലിച്ചു. മത്സരത്തിന്റെ ഇരു പകുതിയിലും ബ്ലാസ്റ്റേഴ്‌സ് മികച്ച ആക്രമണ ഫുട്ബോൾ കളിച്ചെങ്കിലും വിജയ ഗോൾ കണ്ടെത്താനായില്ല.

37-ാം മിനുട്ടിൽ രാജു ഗേക്ക്വാദിന്റെ ലോങ്ങ് ത്രോയെ ചെറുക്കാൻ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിര പരാജയപ്പെട്ടതോടെ മർസെലെയിലൂടെ ഈസ്റ്റ് ബംഗാളാണ് മത്സരത്തിൽ ആദ്യം ലീഡ് സ്വന്തമാക്കിയത്. എന്നാൽ 15-ാം മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സ് താരം അൽവാരോ വാസ്‌കസ് നേടിയ ഒരു ഗോൾ ആദ്യം അനുവദിച്ചെങ്കിലും പിന്നീട് നിഷേധിക്കുകയായിരുന്നു. ഈസ്റ്റ് ബംഗാൾ താരം അമർജിത്തിന്റെ കയ്യിൽ തട്ടി വന്ന പന്തായതിനാൽ ഏറെ ആശയക്കുഴപ്പത്തിന് ശേഷം റഫറി ഗോൾ നിഷേധിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സിന് അനുവദിച്ച ഗോൾ ഉടൻ നിരാകരിച്ച നിരാശയ്ക്ക് പിന്നാലെയാണ് ഈസ്റ്റ് ബംഗാളിന്റെ ഗോൾ പിറന്നത്.

മത്സരത്തിൽ നിറഞ്ഞുകളിച്ചിട്ടും ലീഡ് വഴങ്ങേണ്ടിവന്ന ബ്ലാസ്റ്റേഴ്‌സ് വീണ്ടും ആക്രമണം ശക്തമാക്കിയതിന്റെ ഫലമായി 44-ാം മിനുട്ടിൽ അൽവാരോ വാസ്കസെടുത്ത കേർവിങ് ഷോട്ട് ഈസ്റ്റ് ബംഗാൾ ഗോൾ സ്‌കോറർ മർസെലെയുടെ തലയിൽ തട്ടി ഗോളിൽ കലാശിച്ചതോടെ ആദ്യ പകുതിയിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ഒപ്പമെത്തി. ഇതോടെ തുടർച്ചയായ രണ്ടാം മത്സരത്തിലും അൽവാരോ വാസ്‌കസ് ബ്ലാസ്റ്റേഴ്സിനായി ഗോൾ കണ്ടെത്തി.

തുടർന്ന് രണ്ടാം പകുതിയിലും ആക്രമണത്തിൽ ബ്ലാസ്റ്റേഴ്‌സ് ആധിപത്യം പുലർത്തിയെങ്കിലും ഗോൾ കണ്ടെത്താനാവാതെ വന്നതോടെ മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു.

ഇതോടെ അഞ്ചു മത്സരങ്ങൾ പൂർത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് 6 പോയിന്റുമായി പോയിന്റ് പട്ടികയിൽ 7-ാം സ്ഥാനത്താണ്. ഡിസംബർ 19 ഞായറാഴ്ച മുംബൈ സിറ്റിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply