നഷ്ടപ്രതാപം വീണ്ടെടുക്കാൻ സ്പോർട്ടിങ് ക്ലബ്ബ് ഈസ്റ്റ് ബംഗാൾ

ഇന്ത്യൻ ഫുട്ബോളിലെ വമ്പന്മാരായ ഈസ്റ്റ് ബംഗാൾ കഴിഞ്ഞ സീസണിലാണ് ഇന്ത്യൻ സൂപ്പർ ലീഗിലേക്കെത്തുന്നത്. എന്നാൽ വിചാരിച്ച പോലെയായിരുന്നില്ല ക്ലബ്ബിന്റെ ഐ. എസ്. എല്ലിലെ അരങ്ങേറ്റം. മികച്ച വിദേശ താരങ്ങൾ ടീമിലുണ്ടായിരുന്നെങ്കിലും അതിനൊത്ത മികച്ച ഇന്ത്യൻ നിരയെ ടീമിലെത്തിക്കാൻ ക്ലബ്ബിന് സാധിച്ചില്ല. ലിവർപൂൾ ഇതിഹാസം റോബി ഫൗളറിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ഈസ്റ്റ് ബംഗാളിന് 20 മത്സരങ്ങളിൽ നിന്നും വെറും 3 വിജയം മാത്രമേ നേടാൻ സാധിച്ചുള്ളൂ. 11 ടീമുകളടങ്ങുന്ന ലീഗിൽ 17 പോയിന്റുമായി ഒൻപതാം സ്ഥാനക്കാരായാണ് ഈസ്റ്റ് ബംഗാൾ സീസൺ അവസാനിപ്പിച്ചത്. ലീഗ് തുടങ്ങുന്നതിന് മാസങ്ങൾക്ക് മുൻപ് മാത്രമാണ് ഈസ്റ്റ് ബംഗാൾ ലീഗിൽ കളിക്കുമെന്ന കാര്യത്തിൽ വ്യക്തത വന്നത്. ഈ സീസണിലും സ്ഥിതി വ്യത്യസ്തമല്ല. ഏറെ അനിശ്ചിതങ്ങൾക്കൊടുവിലാണ് ഈ ഐ. എസ്. എൽ സീസണിൽ ക്ലബ്ബ് പങ്കെടുക്കുമെന്ന് തീരുമാനമായത്.

റോബി ഫൗളർക്ക് പകരം മുൻ റയൽ മാഡ്രിഡ് യൂത്ത് ടീം കോച്ചായ മനോളോ ഡിയാസാവും ഈ സീസണിൽ ഈസ്റ്റ് ബംഗാളിന്റെ മുഖ്യപരിശീലകനാവുക.  ട്രാൻസ്ഫർ ജാലകം അവസാനിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് ഈസ്റ്റ് ബംഗാളിന്റെ ഐ. എസ്. എൽ പങ്കാളിത്തം ഉറപ്പിക്കാനായത്. ആയതിനാൽ തന്നെ മികച്ച ഇന്ത്യൻ താരങ്ങളുടെ അഭാവം ക്ലബ്ബിനെ ബാധിക്കാൻ സാധ്യതയുണ്ട്. ഈ ചുരുങ്ങിയ സമയത്തും  മറ്റു ടീമുകളിൽ നിന്നും ലോൺ അടിസ്ഥാനത്തിൽ താരങ്ങളെ ടീമിലെത്തിക്കാൻ ക്ലബ്ബിന് സാധിച്ചു. മുൻ ATK മോഹൻ ബഗാൻ താരമായിരുന്ന ഗോൾകീപ്പർ അരിന്ദം ഭട്ടാചാര്യയാണ് ടീമിന്റെ നായകനാവുക. മുംബൈ സിറ്റിയിൽ നിന്ന് ജാക്കിച്ചന്ദ്‌ സിംഗിനെയും ഹൈദരബാദ് എഫ്. സിയിൽ നിന്ന് ആദിൽ ഖാനെയും ഗോവയിൽ നിന്ന് മുൻ ഇന്ത്യൻ U17 ടീം ക്യാപ്റ്റൻ അമർജിത്തിനെയും ടീമിലെത്തിക്കാൻ കഴിഞ്ഞത് നേട്ടമായി. നൈജീരിയൻ താരം ഡാനിയൽ ചീമയിലാണ് ഈസ്റ്റ് ബംഗാളിന്റെ ഗോൾ പ്രതീക്ഷകൾ. ചീമയ്ക്ക് കൂട്ടായി ക്രൊയേഷ്യൻ താരം അന്റോണിയോ പേരോസെവിച്ചും ടീമിലുണ്ട്. ഏഷ്യൻ താരമായി ഓസ്ട്രേലിയൻ താരം ടോമിസ്ലാവ് മ്രെസെലയാണ് ടീമിലെത്തിച്ചിരിക്കുന്നത്.

ഐ. എസ്. എല്ലിന് മുന്നോടിയായി 4 പ്രീസീസൺ മത്സരങ്ങൾ കളിച്ച ഈസ്റ്റ് ബംഗാൾ ഇത് വരെ തോൽവി വഴങ്ങിയിട്ടില്ല. 4 മത്സരങ്ങളിൽ നിന്നും 3 വിജയവും 1 സമനിലയുമാണ് ഈസ്റ്റ് ബംഗാൾ നേടിയത്. 8 ഗോളുകൾ അടിച്ചുകൂട്ടിയ ടീം വഴങ്ങിയത് വെറും 3 ഗോളുകൾ മാത്രമാണ്. ഒക്ടോബർ 15 നു ഗോവൻ പ്രോ ലീഗ് ക്ലബ്ബായ വാസ്കോ എസ്. സിയുമായുള്ള മത്സരത്തോടെയാണ് ഈസ്റ്റ് ബംഗാൾ പുതിയ സീസണിലേക്കുള്ള ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചത്. വാസ്കോയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്താനും ടീമിന് സാധിച്ചു. പിറ്റേ ദിവസം മറ്റൊരു ഗോവൻ പ്രോ ലീഗ് ക്ലബ്ബായ സാൽഗോക്കർ എഫ്. സിയുമായി ഏറ്റുമുട്ടിയ ഈസ്റ്റ് ബംഗാൾ 2 ഗോളിന്റെ വിജയവും ഒപ്പം ക്ലീൻ ഷീറ്റും നേടി. ഒക്ടോബർ 20 നു നിലവിലെ ഐ-ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരളാ എഫ്. സി ഐ നേരിട്ട ടീമിന് 2-1 ന്റെ വിജയം കരസ്ഥമാക്കുവാനും സാധിച്ചു. പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷം നവംബർ 14നു നടന്ന പരിശീലനമത്സരത്തിൽ നിലവിലെ ഐ. എസ്.എൽ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്. സിയെ സമനിലയിൽ തളക്കാനും ഈസ്റ്റ് ബംഗാളിന് സാധിച്ചു.

പ്രീ സീസൺ മത്സരങ്ങളിലെ പ്രകടനങ്ങൾ  ക്ലബ്ബിനും ആരാധകർക്കും ഒരുപോലെ പ്രതീക്ഷ നൽകുന്നു.  പ്രീ സീസണിൽ അപരാജിതരായി മുന്നേറുന്ന ഈസ്റ്റ് ബംഗാളിന് ഐ. എസ്. എല്ലിൽ തെളിയിക്കാൻ ഒരുപാടുണ്ട്. കഴിഞ്ഞ സീസണിലേറ്റ തിരിച്ചടികളിൽ നിന്നും പാഠമുൾക്കൊണ്ട്, പ്രീ സീസണിലെ മികച്ച പ്രകടനം ടീമിന് തുടരാനാകുമോ എന്ന് കാത്തിരുന്ന് കാണാം.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply