ചൈനീസ് തായ്പേയ്ക്കെതിരായ സൗഹൃദ മത്സരത്തിൽ വിജയം നേടി ഇന്ത്യൻ വനിതകൾ. കളിയുടെ മൂന്നാം മിനുട്ടിൽ രേണു നേടിയ ഏക ഗോളാണ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്.
കളിയുടെ ആദ്യ മിനിറ്റ് മുതൽ ആക്രമിച്ചു കളിച്ച ഇന്ത്യൻ ടീം കളി തുടങ്ങി 3ആം മിനുട്ടിൽ തന്നെ ലീഡെടുത്തു. തുടർന്നങ്ങോട്ടും നിരന്തരമായ ആക്രമണം അഴിച്ചു വിട്ടെങ്കിലും അവയെ ഗോളാക്കി മാറ്റാൻ മാത്രം സാധിച്ചില്ല. ഗോൾ വലയ്ക്കു കീഴിൽ മികച്ച സേവുകളുമായി അതിഥി ചൗഹാൻ കൂടെ നിലയുറപ്പിച്ചതോടെ ഒരു ഗോളിന്റെ നേരിയ ലീഡ് നിലനിർത്തി മത്സരം വിജയിക്കാൻ ഇന്ത്യക്കായി.
യു.എ.ഇ, ബഹ്‌റൈൻ പര്യടനത്തിലെ അവസാന മത്സരത്തിൽ റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ ഏറെ മുൻപിലുള്ള ചൈനീസ് തായ്പേയ് ടീമിനെ തോൽപിക്കാനായത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കാൻ സഹായിക്കും. എ.എഫ്.സി വിമൻസ് ഏഷ്യൻ കപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഇന്ത്യൻ ടീം 4 സൗഹൃദമത്സരങ്ങൾ കളിച്ചത്. ഇതിൽ 3 കളികൾ വിജയിക്കുകയും 1 കളി തോൽക്കുകയും ചെയ്ത ടീം നിലവിൽ മികച്ച ഫോമിലാണ്. സ്വീഡനിലെ പ്രീമിയർ ലീഗ് ക്ലബ്ബുകളായ ഹമ്മാർബി ഐ. എഫ്, ജുഗാർദൻസ് എന്നിവർക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത സൗഹൃദമത്സരങ്ങൾ.
~NAVYA
Leave a reply