ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഇത്തവണ കാണികൾക്ക് പ്രവേശനമുണ്ടാവുമെന്ന് സൂചനകൾ. നവംബർ 19 മുതലാണ് ഐ.എസ്.എല്ലിന്റെ ആദ്യ ഘട്ടം ആരംഭിക്കുന്നത്. ശേഷം ജനുവരിയിൽ രണ്ടാം ഘട്ട മത്സരങ്ങളും തുടങ്ങും. എന്നാൽ ആദ്യ ഘട്ടത്തിൽ തന്നെ കാണികൾക്ക് പ്രവേശനം നൽകുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ സീസണിൽ ഗോവയിൽ നടന്ന ഐ.എസ്.എൽ മത്സരങ്ങളിൽ കാണികൾക്ക് പ്രവേശനമില്ലായിരുന്നു. ഇത്തവണയും ഗോവയിൽ വച്ചുതന്നെയാണ് ഐ.എസ്.എൽ നടക്കുന്നത്.
വാക്‌സിൻ സ്വീകരിച്ച കാണികൾക്ക് മാത്രമാണ് പ്രവേശനം നൽകാൻ അധികൃതർ തയ്യാറെടുക്കുന്നതെന്നാണ് സൂചന. എന്നാൽ സ്റ്റേഡിയത്തിൽ മുഴുവൻ പ്രവേശനം ഉണ്ടാവാൻ സാധ്യത കുറവാണ്. പരമാവധി കാണികളുടെ ഒരു നിശ്ചിത ശതമാനത്തിന് മാത്രമാവും പ്രവേശനം. ഐ.എസ്.എല്ലിന്റെ ഭാഗത്തു നിന്നും ഇതുവരെ ഈ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
ഗോവയിൽ എത്തുന്ന മുഴുവൻ ടീം അംഗങ്ങളും കഴിഞ്ഞ തവണത്തെ പോലെ കോവിഡ് സുരക്ഷാ ബബിളിൽ പ്രവേശിക്കും. താരങ്ങളും മറ്റു ടീം അംഗങ്ങളും വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തും. കോവിഡ് പോസിറ്റീവ് കേസുകളെ തുടർന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ഉൾപ്പെടെ തടസപ്പെട്ടപ്പോൾ മികച്ച രീതിയിൽ സുരക്ഷ ഉറപ്പാക്കി പൂർത്തിയാക്കപ്പെട്ട കഴിഞ്ഞ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗ് വളരെയേറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് ലോകമെമ്പാടും വിദേശ ലീഗുകളിലും കാണികൾ ഇല്ലാതെയാണ് കഴിഞ്ഞ സീസൺ കടന്നുപോയത്. എന്നാൽ വാക്‌സിനേഷൻ പ്രക്രിയ വളരെയേറെ മുന്നോട്ട് പോയതോടെ ഈ സീസണിൽ വിദേശ ലീഗുകളിൽ വീണ്ടും കാണികൾക്ക് പ്രവേശനം അനുവദിച്ചു തുടങ്ങുകയായിരുന്നു. ഇന്ത്യയിലും വാക്‌സിനേഷൻ പ്രക്രിയ വളരെ നേട്ടം കൈവരിച്ച സാഹചര്യത്തിലാണ് ഐ.എസ്.എൽ അധികൃതർ കാണികൾക്ക് പ്രവേശനം നൽകുന്ന കാര്യം പരിഗണിക്കുന്നതെന്നാണ് മനസിലാവുന്നത്.
✍? എസ്.കെ.
Leave a reply