ലാലിഗ സീസൺ അവസാനിച്ചത് മുതൽ ബാഴ്‌സ ആരാധകർക്കിടയിലെ ചർച്ച വിഷയമായിരുന്നു മെസ്സിയുടെ കരാർ അവസാനികുന്നത്. എന്നാൽ മെസ്സിയുടെ നേതൃത്വത്തിൽ അർജന്റീന കോപ്പ അമേരിക്ക സ്വന്തമാക്കിയതിന് പിന്നാലെ ബാഴ്‌സ ആരാധകരുടെ ആശങ്കകൾക്ക് വിരാമമിട്ട് മെസ്സി ബാഴ്സയുമായുള്ള കരാർ പുതുക്കി. അപ്പോഴും ഫ്രഞ്ച് മുന്നേറ്റ താരം അന്റോണിയോ ഗ്രീസ്‌മാൻ ടീമിൽ തുടരുമോ എന്നത് ചോദ്യചിഹ്നമായി തുടരുകയാണ്. തന്റെ മുൻ ക്ലബ്ബായ അത്ലറ്റികോ മാഡ്രിഡിലേക്ക് സൗൾ നിഗ്വസുമായുള്ള സ്വാപ്പ് ഡീലിലൂടെ ഗ്രീസ്‌മാൻ തിരിച്ചെത്തുമെന്ന് വാർത്തകൾ ഉണ്ടായെങ്കിലും ട്രാൻസ്ഫർ ഫീ സംബന്ധിച്ച ചർച്ചകൾ ഫലം കാണാതെ നിലവിൽ ചർച്ചകൾ വഴിമുട്ടിയിരിക്കുകയാണ്. തുടർന്ന് യുവന്റസ് താരം ഡിബാല-ഗ്രീസ്‌മാൻ സ്വാപ്പ് ഡീൽ അഭ്യൂഹങ്ങൾ പ്രചരിച്ചെങ്കിലും നിലവിൽ ബാഴ്‌സ പ്രീമിയർ ലീഗ് ടീമുകളെ പരിഗണിക്കുന്നു എന്നാണ് സൂചനകൾ. എന്നാൽ കഴിഞ്ഞ ദിവസം ബാഴ്‌സ പ്രീ-സീസൺ ട്രൈനിങ്ങിൽ ഗ്രീസ്‌മാൻ ഭാഗമായി.
ഗാരെത് ബെയ്ൽ റയൽ മാഡ്രിഡിൽ തുടരുമെന്നും, അടുത്ത വർഷം കരാർ അവസാനിച്ചതിന് ശേഷം മാത്രമെ താരം മറ്റൊരു ടീം പരിഗണിക്കുകയുള്ളൂ എന്നുമാണ് അറിയുന്നത്. പുതിയ കോച്ച് കാർലോ അൻസെലോട്ടി പരിശീലക സ്ഥാനം ഏറ്റെടുത്തതിനാൽ കൂടുതൽ മത്സരങ്ങളിൽ അവസരം ലഭിക്കുമെന്നാണ് ബെയ്ലിന്റെ പ്രതീക്ഷ. മാഞ്ചസ്റ്റർ യുണൈറ്റഡിന് സെന്റർ ബാക്ക് റാഫേൽ വരാനെ നൽകാനുള്ള ശ്രമങ്ങൾ ഇപ്പോഴും സജീവമാണ്. യുണൈറ്റഡ് ആകെ 50 മില്യൺ ഡീലിനായി ശ്രമിക്കുന്നതെങ്കിലും റയൽ 60 മില്യൺ ആവശ്യപ്പെട്ടു എന്നാണ് അനൗദ്യോഗിക വിവരം.
പി.എസ്.ജി പോഗ്ബയെ യുണൈറ്റഡിൽ നിന്നും സ്വന്തമാക്കാൻ ഒരുങ്ങുന്നു എന്ന് സൂചനകൾ ഉണ്ടെങ്കിലും ടീമോ താരമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. യുണൈറ്റഡിൽ തന്റെ അവസാന വർഷ കരാറിൽ എത്തിനിൽകുന്ന പോഗ്ബ യൂറോ കപ്പിന് ശേഷം അവധി കഴിഞ്ഞ് യുണൈറ്റഡിൽ തിരിച്ചെത്തിയിട്ടില്ല. കരാറിന്റെ അവസാന വർഷമായതിനാൽ തന്നെ അടുത്ത വർഷം ഫ്രീ ട്രാൻസ്ഫെറായി പോഗ്ബ ടീം വിടുന്നത് യുണൈറ്റഡും ആഗ്രഹിക്കുന്നില്ല. പി.എസ്.ജി കോച്ച് മൗറീശ്യോക്ക് പോഗ്ബയിൽ താല്പര്യമുണ്ടെങ്കിലും 50 മില്യണിൽ കൂടുതൽ ചിലവഴിക്കാൻ ടീം തയ്യാറല്ല എന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
– എസ്.കെ
Leave a reply