ഇന്ത്യൻ സൂപ്പർ ലീഗ് 2022-23 സീസണിലെ അവസാന ലീഗ് മത്സരം നാളെ കൊച്ചിയിൽ നടക്കും. നിലവിലെ ചാമ്പ്യന്മാരായ ഹൈദെരാബാദും, റണ്ണർ അപ്പുകളായ കേരള ബ്ലാസ്റ്റേഴ്‌സുമാണ് മത്സരത്തിൽ ഏറ്റുമുട്ടുന്നത്. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനവും, അതുവഴി നേരിട്ട് തന്നെ സെമി ഫൈനൽ യോഗ്യതയും ഉറപ്പിച്ചതിനാൽ ഹൈദരാബാദ് എഫ്.സിക്ക് നാളത്തെ മത്സരം അത്ര പ്രാധാന്യമുള്ളതല്ല.
എന്നാൽ ബ്ലാസ്റ്റേഴ്സിന് പ്ലേഓഫ് യോഗ്യത തുടർച്ചയായ രണ്ടാം വർഷവും ഉറപ്പാക്കിയെങ്കിലും, ഇനി സെമി ഫൈനൽ ഉറപ്പിക്കാനുള്ള നോക്ഔട്ട് ഔട്ട് മത്സരവും വിജയിക്കേണ്ടതുണ്ട്. ഐഎസ്എല്ലിന്റെ പുതിയ ഫോർമാറ്റ് പ്രകാരം മൂന്നും, നാലും സ്ഥാനത്തുള്ളവർക്കാണ് ഈ നോക്ഔട്ട് മത്സരത്തിൽ ഹോം ഗ്രൗണ്ട് ആനുകൂല്യം ലഭിക്കുക. അതിനാൽ മത്സരം തങ്ങളുടെ ഹോം സ്റ്റേഡിയമായ കൊച്ചിയിൽ കളിക്കണമെങ്കിൽ പോയിന്റ് പട്ടികയിൽ മൂന്നോ നാലോ സ്ഥാനത്തു എത്തേണ്ടതുണ്ട് ബ്ലാസ്റ്റേഴ്സിന്. നിലവിൽ അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് ഇന്ന് വിജയിച്ചാലും ഇതിനു സാധ്യമാവില്ല. ഇന്ന് വിജയിച്ചാലും മൂന്നും നാലും സ്ഥാനത്തുള്ള എ.ടി.കെ മോഹൻ ബഗാൻ, ബെംഗളൂരു എഫ്.സി ടീമുകളുടെ അതേ പോയിന്റ് ബ്ലാസ്റ്റേഴ്സിനും ലഭിക്കുമെങ്കിലും, ഹെഡ് ടു ഹെഡ് ആനുകൂല്യം ബ്ലാസ്റ്റേഴ്സിന് എതിരാണ്.
ഈ സീസണിൽ ഹോം സ്റ്റേഡിയത്തിൽ മികച്ച ഫോമിലുള്ള ബ്ലാസ്റ്റേഴ്‌സ്, എവേ സ്റ്റേഡിയത്തിൽ പുറത്തെടുക്കുന്ന പ്രകടനം ശരാശരിയിലും താഴെയാണ്. അതിനാൽ നോക്ഔട്ട് മത്സരം കൊച്ചിയിൽ ലഭിക്കാനാണ് ടീമും, ആരാധകരും ആഗ്രഹിച്ചത്. എന്നാൽ അവസാന മത്സരങ്ങളിൽ വഴങ്ങിയ തോൽവിയാണ് മൂന്നാം സ്ഥാനത്തുണ്ടായ ബ്ലാസ്‌റ്റേഴ്‌സിനെ അഞ്ചാം സ്ഥാനത്തു എത്തിച്ചത്. നിലവിൽ പോയിന്റ് പട്ടിക പ്രകാരം നോക്ഔട്ട് മത്സരത്തിൽ ബെംഗളുരുവിനെതിരെ അവരുടെ സ്റ്റേഡിയത്തിൽ മാർച്ച് 3നു ബ്ലാസ്റ്റേഴ്‌സ് ഇറങ്ങണം.
Leave a reply