കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിന് നേരെ വംശീയ അധിക്ഷേപം- വീഡിയോ, പരാതിയുമായി ബ്ലാസ്റ്റേഴ്‌സ്.

ഐഎസ്‌എല്‍ ഉദ്ഘാടന മത്സരത്തിനിടെ ബംഗളൂരു എഫ്‌സി താരം റയാന്‍ വില്ല്യംസ് കേരള ബ്ലാസ്റ്റേഴ്‌സ് താരം ഐബാനെ വംശീയമായ അധിക്ഷേപിച്ച സംഭവത്തില്‍ പരാതി നല്‍കി കേരള ബ്ലാസ്റ്റേഴ്‌സ്. ഗ്രൗണ്ടില്‍ അരങ്ങേറിയത് കടുത്ത ആശങ്കയും നിരാശയുമുണ്ടാക്കുന്ന നടപടിയാണെന്നു ക്ലബ് ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. മത്സരത്തിനിടെ ഐബാനെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പെരുമാറ്റം റയാന്‍ വില്ല്യംസ് പുറത്തെടുത്തത് വിവാദമായിരുന്നു. ഫുട്‌ബോള്‍ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് സംഭവം തുടക്കമിട്ടത്. പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രസ്താവന.

ക്ലബിന്റെ പ്രസ്താവനയില്‍ നിന്ന്

‘ബംഗളൂരു എഫ്‌സിക്കെതിരായ ഞങ്ങളുടെ ഉദ്ഘാടന മത്സരത്തിനിടെയുണ്ടായ ഖേദകരമായ സംഭവത്തില്‍ കടുത്ത നിരാശയും ആശങ്കയും ഞങ്ങള്‍ പങ്കിടുന്നു. മത്സരത്തിനിടെ ഞങ്ങളുടെ താരത്തോട് ബംഗളൂരു എഫ്‌സി കളിക്കാരന്‍ അപമര്യാദയായി പെരുമാറിയത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഞങ്ങളുടെ ടീമിലും കളിയിലും വംശീയവും അപകീര്‍ത്തികരവുമായ പെരുമാറ്റത്തിനു ഒരിടവുമില്ലെന്നു വ്യക്തമാക്കാന്‍ ക്ലബ് ആഗ്രഹിക്കുന്നു. വംശീയത, വിവേചനം, അനാദരവ് എന്നിവയ്‌ക്കൊന്നും ഫുട്‌ബോളില്‍ സ്ഥാനമില്ലെന്നാണ് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നത്.’

‘സംഭവത്തെക്കുറിച്ചു സമഗ്രമായ അന്വേഷണം വേണമെന്നു ഞങ്ങള്‍ ആവശ്യപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് അധികാരികള്‍ക്ക് ക്ലബ് ഔദ്യോഗികമായി തന്നെ പരാതി നല്‍കിയിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികള്‍ ഈ വിഷയം ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്നു ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. വിഷയത്തില്‍ ഉചിതമായ നടപടി കൈക്കൊള്ളാന്‍ ബംഗളൂരു എഫ്‌സിയിലെ ഞങ്ങളുടെ സഹ പ്രവര്‍ത്തകരോടും ആവശ്യപ്പെടുന്നു.’

‘വൈവിധ്യമാര്‍ന്ന പശ്ചത്തലങ്ങളില്‍ നിന്നും സംസ്‌കാരങ്ങളില്‍ നിന്നും വരുന്ന താരങ്ങളെ ഒന്നിപ്പിക്കുന്ന കായിക വിനോദമാണ് ഫുട്‌ബോള്‍. പരസ്പര ബഹുമാനത്തിനുള്ള വേദി കൂടിയാണ് മൈതാനങ്ങള്‍. ഫുട്‌ബോളിലും ഞങ്ങളുടെ ടീമിലും ഇത്തരം വൈവിധ്യങ്ങളേയും ആദരവിനേയും ചേര്‍ത്തു നിര്‍ത്തലിന്റേയും ഒരു സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനു ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്’- പ്രസ്താവനയില്‍ ക്ലബ് വ്യക്തമാക്കി.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply