വിജയത്തുടക്കം കൈവരിക്കാൻ നോർത്തീസ്റ്റും ബംഗളുരുവും നേർക്കുനേർ

ഇന്ത്യൻ സൂപ്പർ ലീഗ് 2021/22 സീസണിലെ രണ്ടാം മത്സരത്തിൽ ബംഗളുരു എഫ്സി നോർത്തീസ്റ്റ് യുണൈറ്റഡ് എഫ്സിയെ നേരിടും. കഴിഞ്ഞ തവണ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ബംഗളുരുവിന് ടോപ് ഫോറിലേക്ക് തിരിച്ചുവരാൻ ഉള്ള കുതിപ്പ് ഇവിടെ ആരംഭിക്കും. മറുപുറത്ത് കഴിഞ്ഞ തവണ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ നോർത്തീസ്റ്റ് ആവട്ടെ ഇന്ത്യൻ കോച്ച് ആയ ഖാലിദ് ജമീലിൻ്റെ കീഴിൽ സ്ഥിരത കൈവരിക്കാൻ പടയൊരുക്കം നടത്തുന്നു.

നോർത്തീസ്റ്റ് കരുത്തുറ്റ ടീം ആയിട്ടാണ് ഇക്കുറി ഇറങ്ങുന്നത്. ഗായെഗ്ഗോ, ഖാസ കമാറ, ബ്രൗൺ മുതലായ താരങ്ങളെ നിലനിർത്തുകയും ഹെർണൻ സന്താന, ഫ്ലോട്ട്‌മാൻ തുടങ്ങിയ താരങ്ങളെ ടീമിൽ എത്തിക്കാൻ ഹൈലാണ്ടേഴ്‌സിന് സാധിച്ചു. ആറു മലയാളി താരങ്ങളോളം ഉൾപെടുന്ന ഇന്ത്യൻ താരനിരയും ശക്തം തന്നെ. സെപ്റ്റംബർ പകുതിയോടെ പ്രീ സീസൺ ആരംഭിച്ച നോർത്തീസ്റ്റ് പ്രീ സീസൺ ഫ്രണ്ട്‌ലി മത്സരങ്ങളും കളിച്ചിരുന്നു. നേട്ടം ആവർത്തിക്കാൻ തന്നെ എന്ന മട്ടിൽ കളിക്കളത്തിൽ കളിച്ചാടാൻ ഉള്ള തയ്യാറെടുപ്പ് നല്ല ആവേശത്തിൽ തന്നെയാണ്.

ബംഗളുരു ആവട്ടെ അവരുടെ പ്രതാപകാലം തിരിച്ചുപിടിക്കാൻ ഉള്ള തയ്യാറെടുപ്പിലാണ്. ആവശ്യമായ ഒരു റീബിൽഡ് നടത്താൻ ബീഎഫ്സി മാനേജ്മെൻ്റിന് സാധിച്ചു എന്ന് തന്നെ പറയാം. ജർമൻ സ്വദേശി ആയ മാർക്കോ പെസയോളി എന്ന പരിശീലകനെ കൊണ്ടുവന്ന ടീം ക്ലെയിടൻ സിൽവയെ നിലനിർത്തി. അലൻ കോസ്റ്റ, ബ്രൂണോ റമീറെസ്, മുസാവോ കിംഗ്, ഇബാറ, ബസാഫ തുടങ്ങിയ വിദേശ താരങ്ങളെ ടീമിൽ എത്തിച്ചു. ഖബ്രാ, രാഹുൽ ഭേകെ തുടങ്ങിയ സീനിയർ താരങ്ങൾ മറ്റു ടീമിലേക്ക് പോയത് ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. ബിദ്യസാഗർ സിങ്, ഡാനിഷ് ഫറൂക്ക് തുടങ്ങിയ തകർപ്പൻ യുവ താരങ്ങളെ കൂടാരത്തിൽ എത്തിക്കാൻ സാധിച്ചു. ഇന്ത്യൻ നായകൻ സുനിൽ ഛേത്രി, ഗുർപ്രീത് സിങ് സന്ധു, ഉദാന്ത സിങ്, ആഷിഖ് കുരുണിയൻ തുടങ്ങിയ മികച്ച ഒരുപിടി താരങ്ങൾ എന്നും ബീഎഫ്സിക്ക് മുതൽക്കൂട്ട് തന്നെ ആണ്. സ്ക്വാഡിലെ ഇന്ത്യൻ താരങ്ങളെ എടുത്ത് നോക്കിയാൽ തന്നെ അറിയാം ഏതൊരു ടീമിനെയും പരാജയപ്പെടുത്താൻ ഉള്ള ശക്തിയും സാമർത്ഥ്യവും ഉളളവർ ആണെന്ന്. അവരോടൊപ്പം ഈ വിദേശ താരങ്ങളും കൂടെ ആകുമ്പോൾ പ്രതാപം തിരിച്ചുപിടിക്കാൻ കച്ചകെട്ടി തന്നെയാണ് ബംഗളുരു എന്നുറപ്പ്.

ജീഎംസി അത്ലറ്റിക് സ്റ്റേഡിയത്തിൽ എന്തായാലും തീപാറും പോരാട്ടം തന്നെ പ്രതീക്ഷിക്കാം. ജർമൻ തന്ത്രങ്ങൾ കൊണ്ട് പെസായോളി വരുമ്പോൾ അതിനെതിരെ ഖാലിദ് ജമീൽ എങ്ങനെ മറുതന്ത്രം കളത്തിൽ ഇറക്കും എന്ന് കാത്തിരുന്ന് കാണാം.

Arjunan S Nair

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply