ഐഎസ്എല്ലിൽ ഇന്ന് സതേൺ ഡെർബി പോരാട്ടം

ഐഎസ്എല്ലിലെ ഏറ്റവും ആവേശം നിറഞ്ഞ സതേൺ ഡെർബി മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സും ബംഗളുരു എഫ്.സിയും ഇന്നിറങ്ങും. രാത്രി 7:30ന് ബംഗളുരുവിന്റെ ഹോം ഗ്രൗണ്ടായ ജി.എം.സി അത്ലെറ്റിക് സ്റ്റേഡിയം, ബാംബോലിമിൽ വെച്ചാണ് മത്സരം അരങ്ങേറുക.

മുൻ ഐഎസ്എൽ ചാമ്പ്യൻമാരായ ബംഗളുരു എഫ്.സി ഒഡിഷയ്ക്കെതിരായ അപ്രതീക്ഷിത തോൽവിക്കുശേഷമാണ് ഈ മത്സരത്തിനെത്തുന്നത്. സീസണിലെ ആദ്യമത്സരത്തിൽ നോർത്തീസ്റ്റ് യുണൈറ്റഡ് എഫ്.സിയെ 4-2ന് ആധികാരികമായി തോൽപ്പിച്ചെങ്കിലും രണ്ടാം മത്സരത്തിൽ അടിപതറി വീഴുകയായിരുന്നു. ഡിഫെൻസിൽ വന്ന വിള്ളലുകളും മധ്യനിരയിൽ നിന്ന് കൃത്യമായി ബോളുകൾ മുൻനിരയിലേക്ക് എത്താതുമെല്ലാം അവർക്ക് വിനയായി.

മറുവശത്തു കേരള ബ്ലാസ്റ്റേഴ്‌സാകട്ടെ നോർത്തീസ്റ്റ് യുണൈറ്റഡിനെതിരായ ഗോൾരഹിത സമനിലയ്ക്ക് ശേഷമാണ് ഈ മത്സരത്തിലേക്കെത്തുന്നത്. മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഫിനിഷിങ്ങിലെ പോരായ്മകൾ മൂലമാണ് അർഹതപെട്ട മൂന്ന് പോയിന്റുകൾ ബ്ലാസ്റ്റേഴ്സിന് നഷ്ടമായത്. ഡിഫെൻസിൽ എനെസ് സിപോവിച് കൂടെ എത്തിയതോടെ കൂടുതൽ ശക്തിയുള്ളതായി തോന്നിച്ചു. പരിക്കേറ്റ രാഹുലിന് പകരക്കാരനായെത്തിയ വിൻസി ബരെറ്റോയാകട്ടെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ഐഎസ്എല്ലിൽ എട്ടുതവണ ഇവർതമ്മിൽ ഏറ്റുമുട്ടിയതിൽ 5 വിജയങ്ങളുമായി മുന്നിൽ നില്ക്കുന്നത് ബംഗളുരു എഫ്. സിയാണ്. 2 മത്സരങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ജയിക്കാൻ സാധിച്ചത്. ഒരു മത്സരം സമനിലയിൽ അവസാനിച്ചു. എങ്കിലും ബ്ലാസ്റ്റേഴ്‌സ് നേടിയ 2 വിജയങ്ങളും അവസാനം നടന്ന മൂന്ന് ഏറ്റുമുട്ടലുകളിൽ നിന്നാണ് എന്നത് ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം നൽകുന്ന കാര്യമാണ്.

പരിക്കേറ്റ ലിയോൺ അഗസ്റ്റിനും ജയേഷ് റാണെയും ബംഗളുരു നിരയിൽ ഉണ്ടാവില്ല. കേരള ബ്ലാസ്റ്റേഴ്സിനാകട്ടെ രാഹുൽ കെ.പിയാണ് നിലവിൽ പരിക്കുള്ള ഏകതാരം.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply