അതൊരു തമാശ; വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല; ഇനി ആവര്‍ത്തിക്കില്ല; എമിലിയാനോ മാർട്ടിനസ്

ലോകകപ്പ് കലാശപ്പോരാട്ടത്തിന്റെ അവസാന മിനിറ്റുകളിൽ ഫ്രാൻസിന്റെ റൻഡൽ മുവാനി തന്റെ വലത് കാൽ കൊണ്ട് തൊടുത്ത ഷോട്ട് ഇടംകാൽ നീട്ടി തടുത്ത എമിലിയാനോ മാർട്ടിനസിന്റെ ചിത്രം അടുത്തെങ്ങും ആരാധകരുടെ മനസിൽ നിന്ന് മായില്ല. എന്നാൽ ഹീറോയായ രാത്രിയിൽ തന്നെ വിവാദങ്ങൾക്കും എമിലിയാനോ തിരികൊളുത്തി. ലോക കിരീടം കൈകളിലേക്ക് എത്തിയതിന്റെ സന്തോഷത്തിൽ അർജന്റീന നിറഞ്ഞു നിൽക്കുമ്പോഴാണ് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ ആഘോഷം വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഗോൾഡൻ ഗ്ലൗവും കയ്യിൽ പിടിച്ചായിരുന്നു മാർട്ടിനസിന്റെ വിവാദ ആഘോഷം. സംഭവത്തിൽ അർജന്റൈൻ ഇതിഹാസം മെസിയുടെ പ്രതികരണം എങ്ങനെയായിരുന്നു എന്നാണ് എമിലിയാനോ ഇപ്പോൾ വെളിപ്പെടുത്തുന്നത്. ഒപ്പം ആ ആഘോഷത്തിന് ക്ഷമ ചോദിക്കുകയും ചെയ്യുന്നു.

അത്തരമൊരു പ്രവര്‍ത്തി ഇനി ആവർത്തിക്കില്ല എന്നുറപ്പ് തരാന്‍ സാധിക്കും. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല. കരിയറിൽ ഉടനീളം ഞാൻ ഫ്രഞ്ചുകാർക്കൊപ്പം കളിച്ചിട്ടുണ്ട്. അവരുമായി ഒരു പ്രശ്നവും എനിക്കില്ല. ജിറൗദിനോട് നിങ്ങൾക്ക് ചോദിക്കാം, ഞാൻ ഏത് വിധത്തിലുള്ള വ്യക്തി ആണെന്ന്. ഫ്രഞ്ച് സംസ്കാരവും ചിന്താഗതിയും ഞാൻ ഇഷ്ടപ്പെടുന്നു. ബെസ്റ്റ് ഗോൾ കീപ്പർ ട്രോഫിയും കയ്യിൽ വെച്ച് ഞാൻ കാണിച്ച ആംഗ്യം സഹതാരങ്ങൾക്കൊപ്പമുള്ള തമാശയായിരുന്നു, എമിലിയാനോ വിശദീകരിച്ചു.

കോപ്പ അമേരിക്കയിലും ഞാനത് ചെയ്തിട്ടുണ്ട്. ഇനി ഇങ്ങനെ ചെയ്യരുത് എന്നാണ് അവരെല്ലാം എന്നോട് പറഞ്ഞത്. ലിയോയും എന്നോട് പറഞ്ഞു. അവർക്ക് നേരെയാണ് ഞാൻ ആ ആംഗ്യം കാണിച്ചത്. അതിൽ കൂടുതലൊന്നുമില്ല. ഏതാനും സെക്കന്റുകൾ മാത്രം നീണ്ടുനിന്നത്, എമിലിയാനോ പറഞ്ഞു.

കിരീട നേട്ടത്തിന് പിന്നാലെ ഡ്രസ്സിങ് റൂമിലും പിന്നാലെ ബ്യൂണസ് ഐറസിലെ ആഘോഷങ്ങൾക്കിടയിലും വെച്ച് എംബാപ്പെയെ എമിലിയാനോ അധിക്ഷേപിച്ചതും വിവാദമായി. ഇതിനെതിരെ ഫിഫ അന്വേഷണം ആരംഭിച്ചിരുന്നു. ഈ സംഭവത്തിലും എമിലിയാനോ ഫ്രഞ്ച് മാധ്യമമായ ഫ്രാൻസ് ഫുട്ബോളിന് അനുവദിച്ച അഭിമുഖത്തിൽ ക്ഷമ ചോദിക്കുന്നു.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply