ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ ഏഴു സീസണുകളിലും ആരാധകർക്ക് നിരാശ സമ്മാനിച്ച കേരള ബ്ലാസ്റ്റേഴ്‌സ് എട്ടാം സീസണിന് വേണ്ടി മികച്ച മുന്നൊരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ തന്നെ രക്ഷകനായി കാണുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് ഹെഡ് കോച്ച് ഇവാൻ വുക്കൊമനോവിച്ചിന് പറയാനുള്ളത് ഇതാണ്.
“എന്നെ രക്ഷകനായി ആരാധകർ കാണുന്നു എന്നു പറയുമ്പോൾ എനിക്കു പറയാനുള്ളത് ഇതാണ്: പ്രോഡക്ടിനേക്കാൾ പ്രധാനം പ്രോസസ് തന്നെ. ട്രോഫികൾ പ്രോസസിനേക്കാൾ പ്രധാനമല്ല. ഒരു ടീമിനെ പടുത്തുയർത്തുക എന്നതാണു പ്രോസസ് എന്നതുകൊണ്ടു ഞാൻ ഉദ്ദേശിക്കുന്നത്. ഇന്നു നമ്മൾ തീരുമാനിക്കുന്നു, വിജയിക്കുന്നൊരു ടീമിനെ നാളെ തിരഞ്ഞെടുക്കാം, വളർത്തിയെടുക്കാം. തെറ്റിപ്പോയി. നിങ്ങൾക്ക് ഒരു ദിവസംകൊണ്ട് വിജയിക്കുന്ന ടീമിനെ പടുത്തുയർത്താൻ കഴിയില്ല.”
“ഒരു ഒളിംപിക് ജേതാവിന്റെ തയാറെടുപ്പ് എന്നാൽ ഏറ്റവും കുറഞ്ഞതു 4 വർഷത്തെ അധ്വാനമാണ്. അതില്ലാതെ ആ ജേതാവ് ഇല്ല. ടിവിയിലോ സ്റ്റേഡിയത്തിലോ ഇരുന്നു കളികാണുന്ന ആരാധകർ കാണുന്നതു പ്രോഡക്ട് മാത്രമാണ്. അത് എങ്ങനെ പ്രോസസ് ചെയ്തെടുത്തു എന്ന് ആരാധകർ അറിയുന്നില്ല. അതിന്റെ പിന്നിലുള്ള അധ്വാനം, ആസൂത്രണം ഒന്നും അവർക്ക് എളുപ്പത്തിൽ പിടികിട്ടണമെന്നില്ല. കഴിഞ്ഞ ചാംപ്യൻസ് ലീഗ് ഫൈനലിലെ ചെൽസിയുടെ വിജയം നോക്കുക. എത്രയോ വർഷം അവർ അധ്വാനിച്ചു. ടീമിനെ പടുത്തുയർത്താൻ എല്ലാ വർഷവും നല്ലപോലെ പണം കളത്തിലിറക്കുന്ന ക്ലബാണത്. പക്ഷേ വിജയം കൈവരിക്കാൻ അവർക്ക് ഏറെക്കാലം കാത്തിരിക്കേണ്ടിവന്നു.”
ഈയടുത്ത് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിലാണ് വുക്കൊമനോവിച്ചിന്റെ പ്രതികരണം.
✍? എസ്.കെ.
Leave a reply