കേരള ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം വിദേശ സൈനിങ്‌ എത്തി. ചെന്നൈയിൻ എഫ്.സിയിൽ നിന്നും സിപോവികിനെ സ്വന്തമാക്കി

ആരാധകരെ വീണ്ടും ഞെട്ടിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം വിദേശ സൈനിങ്ങും അർധരാത്രി അന്നൗൻസ് ചെയ്തു. കഴിഞ്ഞ സീസണിൽ ചെന്നൈയിൻ എഫ്.സിക്ക് വേണ്ടി 18 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ സെന്റർ ബാക്ക് താരമാണ് സിപോവിക്. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച സിപോവികിനെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കുമെന്ന് യാതൊരു സൂചനയും ഇല്ലായിരുന്നു.

സെന്റർ ബാക്ക് പൊസിഷൻ എന്നും തലവേദനയായി തുടരുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലെ വിടവുകൾ നികത്തുക എന്നതാണ് സിപോവികിന് മുന്നിലെ പ്രധാന കടമ്പ. മുപ്പത് വയസുള്ള സിപോവിക് മുൻ ബോസ്നിയ ഹെർസഗോവിന അണ്ടർ 21 ഇന്റർനാഷണൽ താരമായിരുന്നു.

റൊമാനിയൻ ക്ലബായ എസ്സി ഒതെലുൽ ഗലാറ്റിയിലൂടെ കരിയർ ആരംഭിച്ച താരം തന്റെ അരങ്ങേറ്റ സീസണിൽ റൊമാനിയൻ ടോപ്പ് ഡിവിഷൻ ചാമ്പ്യൻഷിപ്പ് കിരീടം എസ്‌സി ഒതെലുൽ ഗാലറ്റിക്കൊപ്പം നേടി. ഒതെലുൽ ഗലാറ്റിയിലെ 6 വിജയകരമായ സീസണുകൾക്ക് ശേഷം വെസ്റ്റർലോ (ബെൽജിയം), ഇത്തിഹാദ് ടാംഗർ & ആർഎസ് ബെർക്കെയ്ൻ (മൊറോക്കോ), ഒഹോദ് ക്ലബ് (സൗദി അറേബ്യ) തുടർന്ന് തന്റെ ബാല്യകാല ക്ലബ്ബ് സെൽയെസ്‌നികർ ടീമിലും പന്ത് തട്ടി. കഴിഞ്ഞ സീസണിൽ ചെന്നൈയിൻ എഫ്‌സിയിൽ ചേരുന്നതിന് മുമ്പ് അദ്ദേഹം ഖത്തറിൽ ഉമ്മു സലാലിന് വേണ്ടി കളിച്ചു.

ഒരു വർഷത്തേക്കുള്ള കരാറാണ് ബ്ലാസ്റ്റേഴ്‌സ് സിപോവിക്കിന് നൽകിയിരികുന്നത്. ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തുന്ന ആദ്യ ബോസ്നിയൻ താരമാണ് സിപോവിക്. ഇന്ത്യൻ സാഹചര്യവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞ താരത്തിന് ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. എന്നാൽ കഴിഞ്ഞ സീസണിൽ ചെന്നൈയിൻ എഫ്.സിയുടെ അവസാന മത്സരത്തിൽ റെഡ് കാർഡ് കിട്ടിയ താരത്തിന് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിൽ സസ്പെൻഷൻ കാരണം ഇറങ്ങാനാവില്ല.

  • – എസ്.കെ
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply