കോവിഡ് പ്രതിസന്ധിമൂലം സെർബിയയിൽ യാത്രാനിയന്ത്രണങ്ങൾ കടുപ്പിച്ചതോടുകൂടി കേരളാ ബ്ലാസ്റ്റേഴ്സിന്റെ വിദേശ പ്രീ-സീസൺ സാധ്യതകൾ അവസാനിച്ചു. ആഗസ്റ്റ് ആദ്യ വാരം കൊച്ചിയിൽ ഇന്ത്യൻ താരങ്ങൾക്കായി ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ക്യാമ്പ് സംഘടിപ്പിച്ചതിനുശേഷം സെർബിയയിലേക്ക് പറക്കാനായിരുന്നു കേരളാ ബ്ലാസ്റ്റേഴ്‌സ് പദ്ധതിയിട്ടിരുന്നത്. ഇതിനായി 29 അംഗ സ്ക്വാഡും പ്രഖ്യാപിച്ചിരുന്നു. റിസർവ് ടീമിൽ നിന്നും 6 കളിക്കാരെയാണ് കൊച്ചിയിൽ നടക്കുന്ന പ്രീ-സീസൺ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തിരിരുന്നത്. ഈ കാലയളവിൽ താരങ്ങളുടെ ശാരീരികക്ഷമത നിലനിർത്തുന്നതിനായി കൂടുതൽ പ്രാധാന്യം നൽകുമെന്നും സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് അറിയിച്ചിരുന്നു. എന്നാൽ വിദേശ പ്രീ സീസൺ സാധ്യതകൾ അവസാനിച്ചതോടുകൂടി കൊച്ചിയിലെ ക്യാമ്പിനു ശേഷവും ഇന്ത്യയിൽ തന്നെ തുടരാനാണ് ക്ലബ്ബിന്റെ തീരുമാനം. ടീമിലെ വിദേശ താരങ്ങളും അടുത്ത മാസങ്ങളിലായി ടീമിനോടൊപ്പം ചേരും.
ഇതിനാൽ ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ടൂർണമെന്റായ ഡ്യുറൻഡ് കപ്പിൽ പങ്കെടുക്കാനുള്ള കേരളാ ബ്ലാസ്റ്റേഴ്സിന്റെ സാധ്യതകൾ തെളിയുകയാണ്. ഡ്യുറൻഡ് കപ്പിൽ പങ്കെടുക്കുന്നതിനായി ക്ലബ്ബിന് ഔദ്യോഗികമായി ക്ഷണവും ലഭിച്ചിരുന്നു. ഈ കാലയളവിൽ ഇന്ത്യയിൽ വേറെ ടൂർണമെന്റുകൾ ഒന്നും തന്നെ നടക്കാൻ സാധ്യതയില്ലാത്തതിനാൽ എല്ലാ ടീമുകൾക്കും പരിശീലന മത്സരങ്ങൾ കളിക്കുക എന്നത് ഒരു വെല്ലുവിളിയായിരിക്കും. ആയതിനാൽ തന്നെ എല്ലാ ടീമുകളും ഒരുങ്ങി തന്നെയാവും ഡ്യുറൻഡ് കപ്പിനിറങ്ങുക. നിലവിലെ ചാമ്പ്യാന്മാരായ ഗോകുലം കേരള എഫ് സി യും ഡ്യുറൻഡ് കപ്പിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ ഡ്യുറൻഡ് കപ്പിൽ കേരളാ ഫുട്ബോൾ ആരാധകർ ഏറെ കാത്തിരിക്കുന്ന ‘കേരളാ ഡർബിക്ക്’ കളമൊരുങ്ങും.
Leave a reply