ഇന്ത്യൻ സൂപ്പർ ലീഗിലെ ഭൂരിഭാഗം ടീമുകൾക്കും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ(എ.എഫ്.സി) ക്ലബ്ബ് ലൈസൻസ് കിട്ടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെ മൂന്ന് ടീമുകളുൾക്ക് ലൈസൻസ് നിഷേധിക്കപ്പെട്ടു. ഈസ്റ്റ് ബംഗാൾ എഫ്.സിയും, ഹൈദരാബാദ് എഫ്.സിയുമാണ് മറ്റു രണ്ട് ടീമുകൾ. എ.എഫ്.സി മത്സരങ്ങൾക്ക് യോഗ്യത നേടുകയാണെങ്കിൽ അതിൽ പങ്കെടുക്കാൻ ലൈസൻസ് നിർബന്ധമാണ്. കൂടാതെ അടുത്ത വർഷം മുതൽ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളിൽ പങ്കെടുക്കാനും ലൈസൻസ് നിർബന്ധമാവുമെന്ന വാർത്തകളുമുണ്ട്.
കഴിഞ്ഞ വർഷങ്ങളിലെല്ലാം ലൈസൻസ് ലഭിക്കാത്ത വന്നതോടെ ഈ വർഷമെങ്കിലും ക്ലബ്ബ് ലൈസൻസ് ലഭിക്കും എന്ന വിശ്വാസത്തിലായിരുന്നു ആരാധകർ. എന്നാൽ ഇത്തവണയും ലൈസൻസ് ലഭിക്കാത്ത വന്നതോടെ ആരാധകർ നിരാശരായി.
എ.എഫ്.സി നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് മാത്രമാണ് എ.എഫ്.സി ക്ലബ്ബ് ലൈസൻസ് ലഭിക്കുക. ലൈസൻസ് ലഭിക്കാനായി സ്പോർട്ടിങ്, അടിസ്ഥാന സൗകര്യങ്ങൾ, പേർസണൽ & അഡ്മിനിസ്‌ട്രേറ്റീവ്, ലീഗൽ, സാമ്പത്തിക കാര്യങ്ങൾ തുടങ്ങി വ്യത്യസ്ത മാനദണ്ഡങ്ങൾ ക്ലബ്ബുകൾ തൃപ്തികരമായ രീതിയിൽ പൂർത്തിയാക്കേണ്ടതുണ്ട്.
ഇതിൽ വീഴ്ച്ച പറ്റുമ്പോഴാണ് ക്ലബ്ബുകൾക്ക് ലൈസൻസ് നിഷേധിക്കപ്പെടുന്നത്. ലൈസൻസ് ലഭിക്കാതെ വന്നതോടെ കേരള ബ്ലാസ്റ്റേഴ്‌സ് സഹ ഉടമസ്ഥൻ നിഖിൽ ബർദ്വാജ് വിശദീകരണവുമായി എത്തിയിരിക്കുകയാണ്.
എല്ലാ മാനദണ്ഡങ്ങളും ക്ലബ്ബ് പൂർത്തീകരിച്ചിരുന്നെന്നും, സാമ്പത്തിക കാര്യങ്ങളിലെ മാനദണ്ഡം മാത്രമാണ് അവസാന തീയ്യതിക്ക് മുൻപായി പൂർത്തിയാക്കാനാവാതെ വന്നതെന്നുമാണ് നിഖിൽ പ്രതികരിച്ചത്. അപ്രതീക്ഷിതമായ ചില കാരണങ്ങളാലാണ് ലൈസൻസിന് അപേക്ഷ സമർപ്പിക്കുന്ന അവസാന തീയ്യതിക്ക് മുൻപായി ഈ മാനദണ്ഡം പാലിക്കപ്പെടാതെ പോയെതെന്നും, അടുത്ത വർഷം ടീം ഉറപ്പായും ലൈസൻസ് നേടിയിരിക്കുമെന്നും നിഖിൽ അറിയിച്ചു. ട്വിറ്ററിലൂടെ ആയിരുന്നു നിഖിലിന്റെ പ്രതികരണം.
✍? എസ്.കെ.
Leave a reply