ബ്ലാസ്റ്റേഴ്‌സ് വിദേശ താരത്തിന്റെ കയ്യിലുണ്ടായ പെട്ടി എന്ത് ? ആരാധകർക്കിടയിൽ ചർച്ചയാവുന്നു.

പുതിയ ഐ.എസ്.എൽ സീസണിനു വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന വിദേശതാരമായ അൽവാരോ വാസ്‌കസ് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെത്തി ടീമിനൊപ്പം ചേർന്നത്. എന്നാൽ ഈ സ്പാനിഷ് സൂപ്പർ താരം കൊച്ചിയിലേക്ക് യാത്ര പുറപ്പെടുന്ന ദിവസം എയർപ്പോർട്ടിൽ നിന്നും പങ്കുവെച്ച ചിത്രത്തിലെ ഒരു പെട്ടി ആരാധകരുടെ കണ്ണിലുടക്കി.

പെട്ടി കണ്ടപ്പോൾ തന്നെ കാര്യം മനസ്സിലായ ചിലരൊഴികെ പല ആരാധകരും ഈ മനോഹരമായ പെട്ടിയിൽ എന്താണെന്ന് ചർച്ചചെയ്യുകയുണ്ടായി. പെട്ടിയിലെ പേരും തിരഞ്ഞ് ഗൂഗിളിലെത്തി കാര്യം മനസ്സിലാക്കിയവരും ഉണ്ട്. എന്നാൽ ഇനിയും എന്താണ് ഈ ‘ഇൻഡിഗെയിമിംഗ് പോഗ’ എന്നറിയാത്തവർ നിരവധിയാണ്.

വീഡിയോ ഗെയിമിംഗിന് വേണ്ടി ഉപയോഗിക്കുന്ന കൺസോളുകൾ യാത്രാവേളയിലും മറ്റും സുരക്ഷിതമായി സൂക്ഷിക്കാനും, ഉപയോഗിക്കാനും സഹായിക്കുന്ന ഒരു പെട്ടി എന്നതാണ് ഇൻഡിഗെയിമിംഗ് പോഗ എന്ന ഉപകരണം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ചുരുക്കി പറയാം. ഇതിൽ ഗെയിമിംഗ് കൺസോൾ ബന്ധിപ്പിക്കാനുള്ള ഒരു മോണിറ്റർ സ്ക്രീനും മറ്റ് അനുബന്ധ ഉപകരണങ്ങളും കാണും.

പല പ്രമുഖ ഫുട്ബോൾ താരങ്ങളും ഈ ഉപകരണത്തിൽ തങ്ങളുടെ ഗെയിമിംഗ് കൺസോളുകൾ ഉപയോഗിക്കുന്ന ചിത്രങ്ങൾ പലപ്പോഴായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. നിരന്തരം ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് യാത്ര ചെയ്യുന്ന ഫുട്ബോൾ താരങ്ങളുൾപ്പെടെയുള്ള ഗെയിമിംഗ് സ്നേഹികൾക്ക് തങ്ങളുടെ ഗെയിമിംഗ് കൺസോളുകൾ യാത്രകളിൽ സുരക്ഷിതമായി കൊണ്ട് നടക്കുക എന്നത് ഏറെ പ്രയാസപ്പെട്ടതാണ്. അതുപോലെ ദിവസങ്ങൾ നീളുന്ന യാത്രകളിൽ പല രാജ്യങ്ങളിലെയും ഹോട്ടൽ റൂമുകളിലെ വിവിധ സ്‌ക്രീനുകളിൽ തങ്ങളുടെ കൺസോളുകൾ ബന്ധിപ്പിക്കാനും, സുരക്ഷിതമായി ഗെയിമിംഗ് അക്കൗണ്ടുകൾ കൈകാര്യം ചെയ്യാനും ഏറെ പ്രയാസം അനുഭവപ്പെടാറുമുണ്ട്.

ഇത്തരം പ്രയാസങ്ങളെ മറികടക്കുക എന്നതാണ് ഇൻഡിഗെയിമിംഗ് പോഗ എന്ന പെട്ടിയിലൂടെ ഉദ്ദേശിക്കുന്നത്. ഇൻഡിഗെയിമിംഗ് പോഗ കയ്യിലുണ്ടെങ്കിൽ എവിടെയിരുന്നും ഉടനടി ഗെയിമിംഗ് ആസ്വദിക്കാനാവും. ഹോട്ടൽ റൂമിലെ സ്‌ക്രീനുകളിൽ കൺസോളുകൾ ബന്ധിപ്പിക്കാനും, ഉപയോഗിക്കാനുമുള്ള പ്രയാസങ്ങൾ ഇതിലൂടെ മറികടക്കാം. കൂടാതെ യാത്രകളിൽ കൊണ്ടുനടക്കാൻ ഏറെ സൗകര്യപ്രദമായ ഈ പെട്ടി ഗെയിമിംഗ് സ്നേഹികൾക്കൊരു അനുഗ്രഹമാണ്. അസ്യൂസ് കമ്പനിയുടെ മോണിറ്റർ സ്‌ക്രീനാണ് ഇൻഡിഗെയിമിംഗ് പോഗയിൽ സാധാരണയായി ലഭ്യമാവാറുള്ളത്. ഗെയിമിംഗ് കൺസോളുകളേക്കാൾ വില ഈ മോണിറ്റർ സ്ക്രീൻ ഉൾപ്പെടെയുള്ള പെട്ടികൾക്കുണ്ട്. നമ്മുടെ ഗെയിമിംഗ് കൺസോളുകൾ ബന്ധിപ്പിക്കാനാവുന്നതും, വാങ്ങുമ്പോൾ തന്നെ ഗെയിമിംഗ് കൺസോളുകൾ കൂടെ ലഭിക്കുന്നതുമായ പെട്ടികൾ ഇന്ന് വിപണിയിലുണ്ട്.

56000 ഇന്ത്യൻ രൂപയാണ് ഇൻഡിഗെയിമിംഗ് പോഗയുടെ ചുരുങ്ങിയ വില. സവിശേഷതകളിലെ മാറ്റങ്ങൾ അനുസരിച്ച് ഇതിലും ഉയർന്ന വിലക്ക് ഇൻഡിഗെയിമിംഗ് പോഗ ലഭ്യമാണ്.

✍? എസ്.കെ

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply