കേരള ബ്ലാസ്റ്റേഴ്‌സ് – ബെംഗളൂരു എഫ്‌സി ആരാധകർ ഏറ്റുമുട്ടിയ വിഷയത്തിൽ പ്രസ്താവനയുമായി ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മ ‘മഞ്ഞപ്പട’ രംഗത്തെത്തി. ബെംഗളുരുവിന്റെ ഹോം സ്റ്റേഡിയത്തിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന മത്സരത്തിന് ശേഷമായിരുന്നു സംഭവം. മത്സരത്തിന് ശേഷം ഇരു ടീമുകളുടെയും ആരാധകർ വാക്ക് തർക്കത്തിൽ ഏർപ്പെടുന്നതും, തുടർന്ന് അടിപിടിയിൽ കലാശിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. തുടർന്ന് വിഷയത്തെ അപലപിച്ചുകൊണ്ട് ഇരു ടീമുകളും ഇന്നു വൈകിട്ടോടെ ഔദ്യോഗിക പ്രസ്താവന ഇറക്കിയിരുന്നു. “മത്സരത്തിന് ശേഷമുണ്ടായ അനിഷ്ട സംഭവങ്ങളെ ഇരു ക്ലബ്ബുകളും ഗൗരവത്തോടെ തന്നെ കാണുന്നു. ആരാധകര്‍ തമ്മിലുണ്ടാകുന്ന ഇത്തരത്തിലുള്ള ഏറ്റുമുട്ടലുകളെ ഇരു ക്ലബ്ബുകളും ശക്തമായി തന്നെ അപലിപ്പിക്കുന്നു. സംഭവങ്ങളുടെ പ്രകോപനത്തിന് ഉത്തരവാദികളായവരെ ഉള്‍പ്പടെ കണ്ടെത്തുന്നതിനും തുടര്‍ നടപടികള്‍ക്കും ഇരു ക്ലബ്ബുകളും പൂര്‍ണമായും സഹകരിച്ച് പ്രവര്‍ത്തിക്കും.”– പ്രസ്താവനയിൽ ഇരു ടീമുകളും വ്യക്തമാക്കി.
ഇതിനു പിന്നാലെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായമായ ‘മഞ്ഞപ്പട’യും രംഗത്തെത്തിയിരിക്കുന്നത്.
“എല്ലാ എവേ മത്സരങ്ങളിലും സാന്നിധ്യമറിയിക്കുന്ന ഫുട്ബോൾ ആരാധകർ എന്ന നിലയിൽ ഹോം ടീമിന്റെയും എവേ ടീമിന്റെയും ആരാധകരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് എല്ലാ ക്ലബ് അധികൃതരോടും ISL-നോടും ഞങ്ങൾ ആവശ്യപ്പെടുന്നു. സുരക്ഷാ വീഴ്ചകളെത്തുടർന്നാണ് ശനിയാഴ്ച്ച നടന്ന മത്സരത്തിനുശേഷമുണ്ടായ നിർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായത്. ഒരു കൂട്ടം സാമൂഹ്യവിരുദ്ധർ ബ്ലാസ്റ്റേഴ്‌സ് ആരാധകരിരുന്ന സ്റ്റാൻഡിലേക്ക് കയറിവരികയും പ്രകോപനപരമായി പ്രവർത്തിക്കുകയും വനിതകൾ ഉൾപ്പെടെയുള്ള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കുനേരെ വാക്കുകൾകൊണ്ടും ശാരീരികപരമായും അധിക്ഷേപിക്കുകയും ചെയ്യുകയുണ്ടായി.
പിന്തിരിയണമെന്ന അഭ്യർത്ഥനക്കു ശേഷവും തുടർന്ന തുടർച്ചയായ അധിക്ഷേപങ്ങൾക്കൊടുവിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ പ്രതികരിച്ചത്. ശരിയായ സുരക്ഷാസംവിധാനങ്ങൾ ഉണ്ടെങ്കിൽ ഇത് തീർച്ചയായും ഒഴിവാക്കാമായിരുന്നു. അവിടെ ഉണ്ടായിരുന്ന ബൗൺസേർസ് പ്രശ്നങ്ങൾ വഷളാക്കാൻ മാത്രമാണ് സഹായിച്ചത്. ഹോം ഫാൻസിനേക്കാൾ അധികമായി ചില സ്ഥലങ്ങളിൽ എവേ ഫാൻസ് ഉണ്ടാകാറുണ്ട്. ടിക്കറ്റ് വില്പനയിലൂടെ ലാഭം ഉണ്ടാക്കുന്ന ക്ലബ്ബുകൾ,ടിക്കറ്റ് എടുത്തു പന്തുകളി വീക്ഷിക്കാൻ വരുന്നവരുടെ സുരക്ഷയും ഉറപ്പാക്കേണ്ടതാണ്. എവേ ഫാൻസിനു ഉൾക്കൊള്ളാനാവാത്ത സൗകര്യങ്ങളുള്ള സ്ഥലങ്ങളിലെ എവേ സ്റ്റാൻഡുകൾ പുനഃപരിശോധിക്കപ്പെടണം. ഇരു ടീമിന്റെയും സുരക്ഷ അതിപ്രധാനമാണെന്ന് ഓർമ്മിപ്പിക്കുന്നതിനോടൊപ്പം ഇത്തരം സംഭവങ്ങൾ ഒഴിവാക്കാനാകുന്നതിനുള്ള നടപടികൾ കൈക്കൊള്ളാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.”– മഞ്ഞപ്പട പ്രസ്താവനയിലൂടെ പ്രതികരിച്ചു.
Leave a reply