മണിപ്പൂരി താരം നൊങ്ഡാബ നൗറത്തിന്റെ കരാർ സംബന്ധിച്ച തർക്കവുമായി എ.ടി.കെ.മോഹൻ ബഗാൻ സ്വിറ്റ്‌സർലാൻഡിലെ കായിക തർക്ക പരിഹാര കോടതിയെ സമീപിച്ചു. കഴിഞ്ഞ സീസണിന്റെ ഇടയിലായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന നൗറം എ.ടി.കെ.മോഹൻ ബഗാനിലേക്ക് ലോൺ അടിസ്ഥാനത്തിൽ എത്തിയത്. കൂടെ ബഗാൻ താരമായിരുന്ന ശുഭ ഘോഷ് കേരള ബ്ലാസ്റ്റേഴ്സിലും എത്തിയിരുന്നു.
എന്നാൽ താരങ്ങളുടെ കൈമാറ്റം നടന്ന ശേഷം നൗറത്തിന്റെ ലിഗമെന്റിന് പരിക്കുണ്ടെന്നറിഞ്ഞ എ.ടി.കെ.മോഹൻ ബഗാൻ കരാർ റദ്ദാക്കാൻ ശ്രമം നടത്തിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതിനു വഴങ്ങിയില്ല. തുടർന്ന് പരിക്ക് മറച്ചുവെച്ചാണ് ബ്ലാസ്റ്റേഴ്‌സ് താരത്തെ തങ്ങൾക്ക് നൽകിയത് എന്ന വാദവുമായി മോഹൻ ബഗാൻ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ(എ.ഐ.എഫ്.എഫ്)നെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഈ കഴിഞ്ഞ മാർച്ചിൽ എ.ഐ.എഫ്.എഫ് പ്ലയെർസ് സ്റ്റാറ്റസ് കമ്മിറ്റി കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മോഹൻ ബഗാൻ നൽകിയ അപേക്ഷ തള്ളുകയാണ് ഉണ്ടായത്.
ഒരു താരത്തിന് വേണ്ടി കരാറിലേർപ്പെടുമ്പോൾ താരത്തിന്റെ മെഡിക്കൽ പരിശോധനകൾ നടത്തി ആരോഗ്യ സ്ഥിതികൾ മനസ്സിലാക്കേണ്ടത് താരത്തെ സ്വന്തമാക്കുന്ന ടീമിന്റെ ഉത്തരവാദിത്വമാണെന്ന് ഫിഫയുടെ നിയമങ്ങൾ പ്രകാരം എ.ഐ.എഫ്.എഫ് പ്ലയെർസ് സ്റ്റാറ്റസ് കമ്മിറ്റി വിശദമാക്കി. ഇത് പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സുമായി എ.ടി.കെ.മോഹൻ ബഗാൻ നടത്തിയ കരാർ നിയമ വിധേയം ആണെന്നും അതിനാൽ കരാർ റദ്ദാക്കാൻ സാധിക്കില്ലെന്നും കമ്മിറ്റി അറിയിച്ചു.
നിലവിൽ എഫ്.സി.ഗോവയുടെ താരമാണ് നൗറം. എന്നാൽ എ.ഐ.എഫ്.എഫ് പ്ലയെർസ് സ്റ്റാറ്റസ് കമ്മിറ്റിയുടെ തീരുമാനത്തിൽ തൃപ്തരാവാത്ത എ.ടി.കെ.മോഹൻ ബഗാൻ ഈ തീരുമാനത്തിനെതിരെയുള്ള അപ്പീലുമായാണ് സ്വിറ്റ്‌സർലാൻഡിലെ അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതിയെ സമീപിച്ചിരിക്കുന്നത്.
✍? എസ്.കെ.
Leave a reply