കേരള ബ്ലാസ്റ്റേഴ്സിനെയും, പരിശീലകനെയും കുറ്റം പറയുന്നവർ കാത് തുറന്നു കേൾക്കുക; നടന്നത് കടുത്ത അനീതി തന്നെ.

ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ പ്ലേ ഓഫിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ സുനിൽ ഛേത്രിയുടെ ഗോൾ അനുവദിച്ച റഫറി ക്രിസ്റ്റൽ ജോണിന്റെ തീരുമാനത്തിനെതിരെ മുൻ റഫറിമാർ. റഫറിയുടെ തീരുമാനം സമ്പൂർണമായി തെറ്റാണെന്ന് റഫറിമാർ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. (ISL Kerala Blasters Bengaluru FC Controversy)

“അത് പൂർണമായും റഫറിയുടെ അബദ്ധമാണ്. എതിർ ടീമിന്റെ അപകടകമായ ഏരിയയിൽനിന്നായിരുന്നു ആ ഫ്രീകിക്ക്. പ്രതിരോധ മതിലും ഗോൾകീപ്പറും തയ്യാറായി നിന്ന ശേഷം മാത്രമാണ് കിക്ക് എടുക്കാൻ അനുവദിക്കേണ്ടിയിരുന്നത്. റഫറി ചെയ്തത് തെറ്റാണ്. ഐഎസ്എല്ലിൽ വീഡിയോ അസിസ്റ്റന്റ് റഫറിമാർ (വാർ) ഇതുവരെ വരാത്തത് എന്തുകൊണ്ടാണ്. വാര്‍ ഉണ്ടായിരുന്നെങ്കിൽ ആ തീരുമാനം റദ്ദാക്കപ്പെടുമായിരുന്നു. വീണ്ടും കിക്കെടുക്കാൻ ക്രിസ്റ്റൽ ജോൺ ആവശ്യപ്പെടണമായിരുന്നു. പല കോണുകളിൽനിന്നും ഉയരുന്നതു പോലെ ഇത് ക്വിക്ക് റീ സ്റ്റാർട്ട് അല്ല. ഛേത്രി ഒരു തവണ കിക്ക് എടുക്കുന്നതായി അഭിനയിച്ചിരുന്നു. ആ സമയത്തു തന്നെ റഫറി പ്രതികരിക്കേണ്ടിയിരുന്നു. വിസിലിന് കാത്തുനിൽക്കാൻ കളിക്കാരനോട് പറയണമായിരുന്നു. എനിക്ക് വിസിലും പ്രതിരോധ മതിലും വേണ്ട എന്ന് ഛേത്രി പറയരുത്. അത് അദ്ദേഹത്തിന്റെ അധികാരത്തിൽപ്പെട്ടതല്ല.”- റഫറിമാർ പറഞ്ഞു.

“അത് റഫറിയുടെ തീരുമാനത്തിൽപ്പെട്ടതാണ്. അദ്ദേഹം പന്ത് വയ്ക്കുന്ന സ്ഥലം അടയാളപ്പെടുത്തിയിട്ടുണ്ട്. വിസിൽ വേണ്ട എന്ന ഓപ്ഷൻ നിലനിൽക്കുന്നതല്ല. വിസിൽ നിർബന്ധമാണ്. ഫ്രീകിക്ക് അനുവദിച്ച ആ മേഖലയിൽ പ്രത്യേകിച്ചും. പ്രതിരോധ മതിൽ തയ്യാറായ ശേഷം റഫറി മികച്ച പൊസിഷൻ സ്വീകരിക്കണം. എന്നിട്ട് വിസിൽ ഊതണം.”- റഫറിമാർ കൂട്ടിച്ചേർത്തു.

ഗോൾ അനുവദിച്ച ക്രിസ്റ്റൽ ജോണിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് ബഹിഷ്‌കരിച്ചിരുന്നു. ഇതിന് പിന്നാലെ ബംഗളൂരു എഫ്.സിയെ വിജയികളാക്കി പ്രഖ്യാപിക്കുകയും ചെയ്തു. ബഹിഷ്‌കരണത്തിൽ ബ്ലാസ്റ്റേഴ്‌സ് നടപടി നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ട്. ക്ലബ്ബോ ഐഎസ്എൽ അധികൃതരോ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ ഇതിനിടയിൽ കേരള ബ്ലാസ്റ്റേഴ്സിനെയും, പരിശീലകനെയും കുറ്റപ്പെടുത്തികൊണ്ടും, മത്സരം നിയന്ത്രിച്ച റഫറിയെ ന്യായീകരിച്ചുകൊണ്ടും കേരളത്തിൽ നിന്നടക്കമുള്ള പല മുൻ താരങ്ങളും, റഫറിമാരും ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ഈ കൂട്ടർക്ക് വായടപ്പിക്കുന്ന മറുപടിയാണ് ദേശിയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ ഇന്ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലൂടെ ലഭിച്ചിരിക്കുന്നത്.

What’s your Reaction?
+1
12
+1
18
+1
29
+1
121
+1
10
+1
15
+1
12

Leave a reply